Kasturba Nagar Gang Rape Case: ഭയം ജനിപ്പിക്കുന്ന ഗല്ലികളില്‍ 'അവള്‍ക്കൊപ്പം' ആരുമുണ്ടായിരുന്നില്ല

First Published | Jan 31, 2022, 11:58 AM IST

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരവ് മുന്‍നിര്‍ത്തി, അദ്ദേഹത്തിന്‍റെ ഭാര്യ കസ്തൂര്‍ബാ ഗാന്ധിയുടെ പേരിലും രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ റോഡുകള്‍ക്കും പ്രദേശങ്ങള്‍ക്കും 'കസ്തൂര്‍ബാ' എന്ന് പേര് നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ പേര് നല്‍കപ്പെട്ട ഒരു സ്ഥലമാണ് ദില്ലിയിലെ ഷാദ്രയിലെ കസ്തൂര്‍ബാ നഗര്‍. എന്നാല്‍ രാജ്യത്തിന് തന്നെ അപമാനകരമായ ഒരു സംഭവം കഴിഞ്ഞ റിപ്പബ്ലിക് ദിനത്തലേന്ന് ഇവിടെ നടന്നു. 20 വയസ്സുള്ള ഒരു യുവതിയെ അയല്‍വാസിയും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് വീടിനടുത്ത് വച്ച് കൂട്ട ബലാത്സംഘം ചെയ്തു. അതിന് ശേഷം പ്രദേശവാസികളായ സ്ത്രീകള്‍ ചേര്‍ന്ന് യുവതിയെ ചെരിപ്പ് അടിക്കുകയും മുടി മുറിച്ച് കരി തേച്ച് ഗല്ലികളില്‍ കൂടി നടത്തിക്കുകയും ചെയ്തു. പ്രതികരിക്കാനായി ഒരാള്‍ പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ആഘോഷിക്കാന്‍ എല്ലാവരുമുണ്ടായിരുന്നു താനും. ഇത്രയും ക്രൂരമായ അതിക്രമം നടന്നിട്ടും ഇരയ്ക്കൊപ്പം നില്‍ക്കുന്നതിന് പകരം കുറ്റക്കാര്‍ക്കൊപ്പമായിരുന്നു ഇരയുടെ അയല്‍വാസികളടക്കമുള്ളവരെല്ലാവരും. എന്തായിരുന്നു അതിന് കാരണം ? എഴുത്തും ചിത്രങ്ങളും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ 

ദില്ലിയുടെ ഗല്ലികളില്‍ വായുസഞ്ചാരം കുറവാണ്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഇടുങ്ങിയ ഗല്ലികളുടെ വഴികളില്‍ ഭയം തളം കെട്ടി നില്‍ക്കുന്നു. ഇവിടെ പല തരിവുകളിലും ദിവസം മുഴുവനും ഇരുട്ടാണ്. സ്വന്തം അനുജത്തിക്ക് നേര്‍ക്ക് നടന്ന കൂട്ട ബലാത്സംഗത്തിന്‍റെ ഭീതിയിലാണ് ഇന്നും ആ കുടുംബം. അതിക്രൂരമായ അക്രമം നടന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നേരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് അവര്‍ പറയുന്നു. 

ഈ മുറിയിലായിരുന്നു അയല്‍വാസിയും 40 കാരനുമായ അക്രമി, സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി പിടിച്ച് കൊണ്ടുവന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അപ്പോഴെല്ലാം, ഒരു ചുമരിനപ്പുറത്ത് എല്ലാവരുമുണ്ടായിരുന്നു. എന്നാല്‍, ആരും തന്നെ പ്രതികരിക്കാനായി ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. 


ക്രൂരമായ അക്രമത്തിനിരയായ യുവതിയെ അയല്‍വാസികളടക്കമുള്ള സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കി മുടിമുറിച്ച് ഗല്ലികളില്‍ കൂടി വലിച്ചിഴച്ചു. ചെരിപ്പ് കൊണ്ട് അടിച്ചു. കരി തേച്ച് തെരുവിലൂടെ നടത്തിച്ചു. അന്നേരവും പ്രതികരിക്കാന്‍ ആരുമെത്തിയില്ല. കൂടിനിന്നവര്‍ ഒന്നെങ്കില്‍ അക്രമിക്കൊപ്പം നിന്നു. മറ്റ് ചിലര്‍ അക്രമം മൊബൈലുകളില്‍ ചിത്രീകരിച്ച് അവേശം കൊണ്ടു. 

ഒടുവില്‍ ദില്ലി വനിതാ കമ്മീഷന്‍ ആ വീഡിയോകളിലൊന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടപ്പോഴാണ് അത്തരമൊരു സംഭവം അവിടെ നടന്നെന്ന് പുറം ലോകം പോലുമറിയുന്നത്. അതിക്രൂരമായ ഒരു സംഭവം തങ്ങളുടെ ചുമരുകള്‍ക്കപ്പുറം നടന്നപ്പോഴും പ്രതികരിക്കാതിരുന്ന മനുഷ്യര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വന്നവരോടും ഒന്നും പറഞ്ഞില്ല. 

അവരൊന്നും കണ്ടില്ലെന്നായിരുന്നു പ്രതികരിച്ചത്. ആളുകളുടെ ഈ നിസഹകരണമായിരുന്നു പ്രതികളുടെ ഊര്‍ജ്ജവും. അക്രമം നടന്ന ശേഷം നാല് ദിവസങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി അവിടെ എത്തിയത്. ഗല്ലികളിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ തന്നെ നിങ്ങളില്‍ ഭയം നിറയും. അത്രയ്ക്ക് ഇടുക്കവും ഇരുട്ടും നിറഞ്ഞ ഗല്ലികളാണ് ചുറ്റും.

ക്രൈം നടന്ന സ്ഥലത്ത് ഒരു പൊലീസുകാരനാണ് ഇപ്പോഴുള്ളത്. ഗല്ലികളിലെ ഒരാള്‍ക്ക് മാത്രം പോകാന്‍ കഴിയുന്ന ഇരണ്ട വഴികളിലൂടെ മുകളിലെ നിലയിലെത്തിയാല്‍ യുവതിയുടെ സഹോദരി താമസിക്കുന്ന വീട്ടിലെത്താം. അവിടെയും ഒരു പൊലീസ് സാന്നിധ്യമുണ്ട്. 

മടിച്ച് മടിച്ചാണെങ്കിലും അവര്‍ സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്. ' അയൽക്കാരനായ ആൺകുട്ടി എന്‍റെ സഹോദരിയുടെ പുറകേ നടന്ന് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇത് ഗല്ലികളില്‍ വലിയ പ്രശ്നമായി മാറി. അവന്‍റെ ശല്യം കൂടിയതോടെ അവരുടെ കുടുംബവുമായി പ്രശ്നമായി. പിന്നാലെ ആ പയ്യൻ ആത്മഹത്യ ചെയ്തു. 

അന്ന് മുതലാണ് അയല്‍വാസിയുടെ കുടുംബം സഹോദരിക്ക് നേരെ ഭീഷണിയുയര്‍ത്തിയത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തലേന്ന് രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ക്കായി ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ വിളിപ്പാടകലെ ആ യുവതി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ വച്ചാണ് അയല്‍വാസികളും സുഹൃത്തുക്കളും ചേര്‍ന്ന് അവളെ തട്ടിക്കൊണ്ട് പോയത്. 

പിന്നാലെ ആ വീട്ടിൽ എത്തിച്ച് അവളെ ബലാത്സംഗം ചെയ്തു. അതിന് ശേഷം അവിടുത്തെ സ്ത്രീകൾ എല്ലാവരും കൂടി അവളെ അടിച്ച് അവശയാക്കി. മുടി മുറിച്ച് ഗല്ലികളില്‍ കൂടി നടത്തിച്ചു. ആരും ഒരക്ഷരവും പ്രതികരിച്ചില്ല. എല്ലാവരും അതൊരു ആഘോഷമാക്കി.

നേരത്തെയും അവള്‍ക്കും ഞങ്ങള്‍ക്കുമെതിരെ മദ്യവ്യാപാരിയും അയല്‍വാസിയുമായ അയാളുടെ  ഭീഷണിയുണ്ടായിരുന്നുവെന്ന് സഹോദരി പറയുന്നു. അന്ന് ദില്ലി പൊലീസിൽ പരാതി നൽകി. പക്ഷേ, അവര്‍ നടപടി എടുത്തില്ല. അന്ന് പൊലീസ് നടപടിയെടുത്തിരുന്നെങ്കില്‍ ഇന്ന് ഇത്രയും പ്രശ്നങ്ങളുണ്ടാക്കില്ലായിരുന്നുവെന്ന് ആ സഹോദരി പറയുന്നു. '

ഇപ്പോൾ പൊലീസ് കാവലിലാണ് ഓരോ ദിവസവും കഴിയുന്നത്. എങ്കിലും ഇപ്പോഴും അയല്‍വാസിയുടെ ഭീഷണിയുണ്ട്. എപ്പോൾ വേണമെങ്കിലും അവർ പ്രശ്നമുണ്ടാക്കാമെന്നും യുവതിയുടെ സഹോദരി പറയുന്നു. ദില്ലി വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഈ ദൃശ്യങ്ങൾ പുറത്ത് വിട്ടത് കൊണ്ട് മാത്രമാണ് ഈ ക്രൂരകൃത്യം പുറം ലോകം അറിഞ്ഞത്. 

പെൺകുട്ടിയുടെ അയൽക്കാരനും പ്രദേശത്തെ മദ്യമാഫിയ്ക്ക് നേതൃത്വം നൽകുന്ന 40 -കാരനായ മൻജിത്താണ് ഈ ക്രൂരകൃത്യത്തിന് നേതൃത്വം നൽകിയതെന്ന് പകല്‍ പോലെ വ്യക്തമാണ്. ഒമ്പത് സ്ത്രീകളും മന്‍ജിത്തുമടക്കം പതിനൊന്ന് പേര്‍ ഇതുവരെ അറസ്റ്റിലായെന്ന് കസ്തൂര്‍ബാ നഗര്‍ പൊലീസ് പറയുന്നു. പതിനൊന്ന് സ്ത്രീകള്‍ക്കെതിരെ കേസുണ്ട്.

മൻജിത്തിന്‍റെ മകന്‍ ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അയാളുടെ ആത്മഹത്യയ്ക്ക് കാരണം പെൺകുട്ടിയാണെന്ന് ആരോപിച്ചാണ് അയല്‍വാസിയായ മന്‍ജിത്ത് അതിക്രമം നടത്തിയത്. അയൽക്കാർ അടക്കം കണ്ടു നിൽക്കെയാണ് അതിക്രമം നടന്നതെന്ന് യുവതിയുടെ സഹോദരി പറയുന്നു. 

പക്ഷേ, ഒരാൾ പോലും അവരെ തടയാന്‍ മുന്നോട്ട് വന്നില്ല. വിഷയത്തിൽ പ്രതികരിക്കാൻ പോലും ചുറ്റുമുള്ളവർ തയ്യാറായില്ല. മദ്യമാഫിയയുടെ പ്രധാനി പ്രതിയായ കേസിൽ എന്തെങ്കിലും പറഞ്ഞാൽ തങ്ങളും ആക്രമിക്കപ്പെടുമോ എന്ന ഭയമാണ് ചുറ്റുമുള്ളവർക്കും. അതുതന്നെയാണ് ദില്ലി ഷാദ്രി ജില്ലയിലെ കസ്തൂര്‍ബാ നഗറിലെ ഗല്ലികളിലെ ഭയത്തിന്‍റെ അടിസ്ഥാനവും. 

40 -കാരനായ മന്‍ജിത്തിനെതിരെ നേരത്തെയും മദ്യ-മയക്കുമരുന്ന് വിൽപ്പനയ്ക്കെതിരെ കേസുകളുണ്ട്. എന്നാല്‍ ഗല്ലികളിലേക്കിറങ്ങി ഇയാളെ അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസിന് ഭയമാണ്. 2019 ല്‍ ഇതേ ഗല്ലിയില്‍ മയക്കുമരുന്ന് കേസന്വേഷണത്തിനെത്തിയ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടറെ പ്രദേശവാസികള്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ആ സംഭവമാണ് പൊലീസിനെ ഭയപ്പെടുത്തുന്നതും. 

അതിന് ശേഷം പ്രദേശത്ത് എന്ത് നടന്നാലും പൊലീസിനെ അറിയിക്കുന്നത് വളരെ വിരളമാണ്. ഇനി അറിയിച്ചാല്‍ തന്നെയും ദില്ലി പൊലീസ് വരില്ലെന്ന് അവര്‍ക്കറിയാം. അതുതന്നെയാണ് ബലാത്സംഗത്തിനിരയായ യുവതിയുടെ സഹോദരിയും ആവര്‍ത്തിക്കുന്നത്. നേരത്തെ കൊടുത്തിരുന്ന പരാതിയില്‍ പൊലീസ് കൃത്യസമയത്ത് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന്.

ഈ കേസില്‍ തന്നെ തങ്ങള്‍ക്ക് ലഭിച്ച വീഡിയോ ദില്ലി വനിതാ കമ്മീഷന്‍ പുറത്ത് വിട്ടത് കൊണ്ട് മാത്രമാണ് പുറം ലോകം ഈ ദുരന്തമറിഞ്ഞത്. കേസ് വിവാദമായതോടെ പ്രശ്നത്തിലിടപെടാന്‍ ദില്ലി പൊലീസ് നിര്‍ബന്ധിതരായി എന്ന് വേണം പറയാന്‍. പക്ഷേ, കേസുമായി ബന്ധപ്പെട്ട ഒന്നിനോടും സഹകരിക്കാന്‍ അയല്‍വാസികള്‍ പോലും തയ്യാറല്ലെന്ന് ദില്ലി പൊലീസും പറയുന്നു. '

ഷാദ്ര ജില്ലയിലെ കസ്തൂര്‍ബാ നഗര്‍ അങ്ങനെ ദില്ലി പൊലീസിന് ബാലികേറാമലയായി മാറുകയാണ്. ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ ഏറ്റവും സാധാരണമായ നാലാമത്തെ കുറ്റകൃത്യമാണ് ബലാത്സംഗമെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB)2019 ലെ വാർഷിക റിപ്പോർട്ട് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിദിനം ശരാശരി 88 കേസുകൾ എന്നതോതില്‍ 2019 ല്‍ രാജ്യത്തുടനീളം 32,033 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ 30,165 ബലാത്സംഗങ്ങളിലും (94.2% കേസുകൾ) ഇരയ്ക്ക് അറിയാവുന്നയാളാണ് കുറ്റവാളിയെന്ന് ചൂണ്ടിക്കാണിക്കുന്നു. 

NCRB 2019-ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്തത് രാജസ്ഥാനിലാണ്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് തുടങ്ങിയ ഉത്തരേന്ത്യയിലുടനീളമുള്ള ഹിന്ദി ഹൃദയഭൂമിയിലെ മറ്റ് സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു. മെട്രോപൊളിറ്റൻ നഗരങ്ങളിൽ, ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 2019-ൽ 1,253 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

2012 ല്‍ ദില്ലിയെ നടുക്കിയ നിര്‍ഭയ കേസില്‍ ലോകമെങ്ങുനിന്നും പ്രതികരണങ്ങളുണ്ടായി. കേസില്‍ ഇരയ്ക്ക് നീതി ലഭിക്കാനായി വലിയ പോരാട്ടങ്ങള്‍ നടന്നു. എന്നാല്‍ ഇവിടെ കസ്തൂര്‍ബാ നഗറില്‍ അത്തരത്തിലൊരു ഒത്തുകൂടലില്ലെന്നതും ഏറെ ആശങ്കയാണ് ഉയര്‍ത്തുന്നത്. അതിനിടെ ദില്ലി സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ പറ്റാത്ത മെട്രോപൊളിറ്റന്‍ നഗരമായി മാറുകയാണ്. 

Latest Videos

click me!