മിലേനിയോ എന്ന മെക്സിക്കന്‍ പത്രത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച്, കാനെലോ തനിക്ക് ഭക്ഷണം തന്ന ഒരു കൂട്ടം കാല്‍നടയാത്രക്കാരെ പിന്തുടരുകയായിരുന്നു. ആ യാത്രക്കാര്‍ പിക്കോ ഡി ഒറിസാബയിലേക്കുള്ള പര്‍വ്വതാരോഹകരാണെന്ന് അവനറിഞ്ഞില്ല.
പര്‍വ്വതം കീഴടക്കിയ സഞ്ചാരികള്‍ തിരിച്ചിറങ്ങി. പക്ഷേ കാനെലോയ്ക്ക് തണുത്തുറഞ്ഞ മഞ്ഞില്‍ വഴി തെറ്റി. അവന്‍ അവിടെ കുടുങ്ങി. ഒന്നും രണ്ടും ദിവസമല്ല. ഒരു മാസത്തോളം. തണുത്തുറഞ്ഞ മഞ്ഞില്‍ അവന്‍ പെട്ടുപോയി. അതിനിടെ പലരും പര്‍വ്വതാരോഹണം ചെയ്തു. ചിലര്‍ അവന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി.
അടുത്തിടെ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട് ഒരു വീഡിയോയിൽ യുകാറ്റാനിലെ ചിചെൻ ഇറ്റ്‌സ പുരാവസ്തു പ്രദേശത്തെ പിരമിഡായ കുകുൽകാൻ ക്ഷേത്രത്തിന് മുകളിൽ ഒരു നായയെ കാണിച്ചു.
30 മീറ്റർ ഉയരമുള്ള പിരമിഡിൽ കയറാൻ വിനോദസഞ്ചാരികൾക്ക് അനുവാദമില്ല. എന്നാൽ ഈ നിയമം ധൈര്യശാലികളായ നായ്ക്കൾക്ക് ബാധകമല്ലെന്ന് ആരോ സമൂഹമാധ്യമത്തില്‍ എഴുതിയതോടെ വീഡിയോ തരംഗമായി.
ഇതോടെ നിരവധി സഞ്ചാരികള്‍ പകര്‍ത്തിയ കാനെലോയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ അവന്‍റെ ദയനീയ കാഴ്ചയില്‍ ആളുകള്‍ സഹതാപം കൊണ്ടു. "... അൾട്രാവയലറ്റ് രശ്മികളും മഞ്ഞിൽ സൂര്യന്‍റെ പ്രതിഫലനങ്ങളും അവനെ അന്ധനാക്കിയേക്കാം," എന്ന് സമൂഹ്യമാധ്യമത്തില്‍ ഒരാളെഴുതി.
നായയ്ക്ക് പോഷകാഹാരക്കുറവുണ്ടെന്നും അതിന്‍റെ വാരിയെല്ലുകൾ ദൃശ്യമാണെന്നും ഒരു മലകയറ്റക്കാരന്‍ അഭിപ്രായപ്പെട്ടു. തണുപ്പിന്‍റെ ആധിക്യം കാരണം അവന്‍റെ കണ്ണുകള്‍ ചുവന്നും കാലുകളില്‍ തൊലി പോട്ടിയും ഇരുന്നു.
സമൂഹ്യമാധ്യമങ്ങളില്‍ നിക്രിയ അഗ്നിപര്‍വ്വതത്തില്‍പ്പെട്ട് പോയ കാനെലോയെ രക്ഷിക്കണം എന്ന ആവശ്യമുയര്‍ന്നു. ഇതോടെ അവനെ രക്ഷിക്കാന്‍ ഒരു കൂട്ടം പര്‍വ്വതാരോഹകര്‍ തയ്യാറായി. ഒന്നും രണ്ടുമല്ല 30 തോളം പേരടങ്ങുന്ന ഒരു സംഘം തന്നെയാണ് അവനെ രക്ഷപ്പെടുത്താനായെത്തിയത്.
വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ മൃഗസംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഫാത്തിമ ഡെൽ ഏഞ്ചല്‍, ഒക്‌ടോബർ 18-ന് പിക്കോ ഡി ഒറിസാബ പര്‍വ്വത പ്രദേശത്തൂടെ തങ്ങളുടെ വാഹനത്തില്‍ അന്വേഷണമാരംഭിച്ചെങ്കിലും കാനെലോയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒടുവില്‍ ഫാത്തിമ ഡെൽ ഏഞ്ചല്‍, പര്‍വ്വതാരോഹകനായ ലയോ അഗ്വിലാറിനെ സമീപിച്ചു. അദ്ദേഹം പര്‍വ്വതത്തിന് താഴെയുള്ള ഒരു പ്രാദേശിക സ്കൂളിൽ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുകയും 30 ഓളം അംഗങ്ങളടങ്ങിയ ഒരു സംഘത്തെ ഏകോപിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ആ സംഘം കാനെലോയെ അന്വേിച്ച് 5,636 മീറ്റർ ഉയരത്തിലേക്ക് നടപ്പാരംഭിച്ചു. കുത്തനെയുള്ള അതി ദുഷ്ക്കരമായ ആ നടത്തത്തിനൊടുവില്‍ ആ നിഷ്ക്രിയ അഗ്നിപര്‍വ്വതത്തില്‍ വച്ച് അവര്‍ അവനെ കണ്ടുമട്ടി. 'ഞാൻ അവനെ തഴുകി, അവൻ മനുഷ്യന്‍റെ ഭാഷയോട് പ്രതികരിച്ചുവെന്ന് എനിക്ക് തോന്നി,' അഗ്വിലാർ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
അദ്ദേഹം അവനെ തന്‍റെ ബാക്ക് പാക്കില്‍ ഇരുത്തി. പലരായി ചുമന്ന് അവനെ അടിവാരം വരെയെത്തിച്ചു. പിന്നീട് ഒരു ട്രക്കില്‍ കയറ്റി അഗ്വിലാറിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹത്തിന്‍റെ രണ്ട് നായ്ക്കളായ റോക്കോയും പാച്ചിറ്റോ ബോട്ടസും ചേർന്ന് അവനെ സ്വീകരിച്ചു.
എന്നാല്‍, മൂന്നാമതൊരു നായയ്ക്കുള്ള സ്ഥലം തന്‍റെ ഇടത്തില്‍ ഇല്ലാത്തതിനാല്‍ അഗ്വിലാറി അവനെ ഡെൽ ഏഞ്ചലിന് തന്നെ കൈമാറി. പുതിയൊരു ഉടമസ്ഥനെ കണ്ടെത്തുന്നതുവരെ അവനെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും.
'മൂന്ന് ദിവസത്തിനുള്ളിൽ ഒരു നായ്ക്കുട്ടി നിങ്ങളെ എങ്ങനെ ഇത്രയധികം സ്നേഹിക്കുന്നുവെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല, ഭയങ്കരനായ റോക്കോയെ എന്‍റെ അടുത്തേക്ക് വരാൻ ഞാൻ അനുവദിക്കില്ല,' അഗ്വിലാർ എഴുതി. 'അവനോട് യാത്ര പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി'.
ട്രക്കില്‍ കയറ്റിയപ്പോൾ സങ്കടവും ദേഷ്യവും വന്നു, പക്ഷേ, അത് അവന്‍റെ നല്ലതിനാണ്, എനിക്ക് അവനെ മറ്റ് രണ്ട് പേര്‍ക്കും ഒപ്പം സംരക്ഷിക്കാന്‍ കഴിയില്ല. ഇപ്പോള്‍ അവനെ ദത്തെടുക്കാന്‍ തയ്യാറായ ആളുകളുടെ എണ്ണം കൂടി വരികയാണ്. അവന്‍ സുരക്ഷിതനാണ്, അഗ്വിലാർ എഴുതുന്നു.