ഒരൊറ്റ നടപടിയില്‍ ലോകം മൊത്തമറിഞ്ഞ ബഫര്‍സോണ്‍; അല്ല ഇതിപ്പോ ലാഭായല്ലോന്ന് ട്രോളന്മാര്‍

First Published | Jun 25, 2022, 7:08 PM IST

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇന്ത്യയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ മേല്‍ ആശങ്കയായിരുന്നു. വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന ജനവാസമേഖലകള്‍ ബഫര്‍സോണായി പ്രഖ്യാപിച്ചാല്‍ കേരളത്തിലെ ലക്ഷക്കണക്കി മനുഷ്യരുടെ ജീവിതത്തെ അത് നേരിട്ട് ബാധിക്കും. ഈ വിഷയത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ക്ക് ആവേശം പോരായെന്ന് ഇടുക്കിയില്‍ നിന്നും വയനാട്ടില്‍ നിന്നുമുള്ള ചിത്ര വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിലായിരുന്നു  ഭരണപ്രതിപക്ഷ കക്ഷികള്‍. അതിനിടയ്ക്കാണ്, സംഘടനാ തലത്തില്‍ ഒരു തീരുമാനവുമില്ലാതെ വയനാട് ജില്ലാ എസ്എഫ്ഐ പ്രവര്‍ത്തകര്‍ (മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ) കഴിഞ്ഞ ദിവസം വയനാട് എംപി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് അടിച്ച് തകര്‍ത്തത്. ഇതോടെ വിഷയം നാടറിഞ്ഞെന്നാണ് ട്രോളന്മാരുടെ ഒരിത്. കാണാം. ആ നാടറിഞ്ഞ ട്രോളുകള്‍. 
 

വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് ആക്രമിക്കുകയും (Rahul Gandhi MP's Office Attack) മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം കണക്കിലെടുത്ത് ദില്ലി സിപിഐ(എം) കേന്ദ്രകമ്മറ്റി ഓഫീസിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. 

കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളിലായി നാഷണല്‍ ഹെറാല്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റെ ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ദിവസങ്ങളിലെല്ലാം തന്നെ ദില്ലി ജന്തര്‍ മന്തിറില്‍ കോണ്‍ഗ്രസ് പ്രതിഷേധം തീര്‍ത്തു. ദില്ലി പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. 

Latest Videos


ഒരു വേള എഐസിസി ആസ്ഥാനത്ത് കയറി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബഫര്‍ സോണ്‍ വിഷയം ഉന്നയിച്ച് വയനാടില്‍ സിപിഐ(എം)ന്‍റെ വിദ്യാര്‍സ്ഥി സംഘടനയായ എസ്ഐഐ വയനാട് എം പിയായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത്. 


ഇതേ തുടര്‍ന്ന് സിപിഐ(എം) കേന്ദ്രകമ്മറ്റി ഓഫീസിന് ദില്ലി പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയായിരുന്നു. തിരുവന്തപുരം എകെജി സെന്‍ററിനും ഇന്നലെ രാത്രി മുതല്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

എംപിയുടെ ഓഫീസ് അക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തി. 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അവിഷിത്ത് എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

നിലവില്‍ അവിഷിത്ത് തന്‍റെ സ്റ്റാഫ് അല്ലെന്നും ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങള്‍ അവിഷിത്ത് ഒഴിവായെന്നും മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. മുന്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്. അവിഷിത്തിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. 

അക്രമ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാന സർക്കാർ  ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്‍റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക്  നൽകിയ നിർദ്ദേശം.

ഇതിനിടെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി ദൗർഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അറിയിച്ചു. വയനാട് എസ് എഫ് ഐ യുടെ പ്രവർത്തിയെ പിന്തുണയ്ക്കുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സംഘടനപരമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് നേർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. 

എന്നാല്‍, അവസരം മുതലെടുത്ത് എസ്എഫ്ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. 

ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ പി ജയരാജനും ജില്ലാ കമ്മറ്റിയുടെ നടപടിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്നായിരുന്നു ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ പി ജയരാജൻ പറഞ്ഞത്. 

കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ദില്ലിയിലും മറ്റും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.  

മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാ‍ര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായി. അക്രമത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്എഫ്ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്.

എസ്എഫ്ഐ മാ‍ര്‍ച്ചിനെക്കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും കരുതിയില്ല. അക്രമത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ഇൻ്റലിജൻസ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ല. 

ആക്രമണത്തിന് പിന്നാലെ പിണറായി വിജയനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിക്കാൻ തുടങ്ങിയതോടെ എസ്എഫ്ഐ വെട്ടിലായ സ്ഥിതിയാണ്. 

അനിയനെ രക്ഷിക്കാനെത്തി ജ്യേഷ്ഠനും കുടിങ്ങിയ അവസ്ഥയിലാണ് . എസ്എഫ്ഐ അക്രമണത്തിന് പിന്നാലെ അവരെ സംരക്ഷിക്കാൻ സ്ഥലത്ത് എത്തി പൊലീസുമായി ഏറ്റുമുട്ടിയ ഡിവൈഎഫ്ഐയും വിഷയത്തിൽ പ്രശ്നത്തിലായി. 

ഇതിനിടെ, ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.

എം പി ഓഫീസ് ആക്രമണത്തിലൂടെ ബിജെപിക്ക് സന്തോഷം നൽകുന്ന കാര്യമാണ് സിപിഎം ഇന്നലെ ചെയ്തതെന്നും കെ മുരളീധരന്‍ ആരോപിച്ചു. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. 

മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നത് അടക്കം യുഡിഎഫ് ആലോചിക്കും.  ഇന്ദിര ഭവൻ അക്രമത്തിന് പിന്നാലെ ആണ് എംപി ഓഫീസ് അക്രമം നടന്നത്.നേരത്തെ യുഎഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്രബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെത്ത് കേസിലെ പ്രതിപട്ടികയിലുള്ള സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. 

ഇതിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ നടത്തി. വിമാനയാത്രയിലും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം കെപിസിസി ഓഫീസ് ആസ്ഥാന മന്ദിരത്തിലേക്കും പ്രതിപക്ഷ നേതാവിന്‍റെ ഔദ്ധ്യോഗിക വസതിയിലേക്കും സിപിഐ(എം) ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. 

ഇതിന് പിന്നാലെ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. 

ഈ വിഷയത്തില്‍ ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു. ഇതിനെ പാര്‍ട്ടി നിയമപരമായി സംരക്ഷിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.  അത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സിപിഎം ആയിരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ രാത്രി തന്നെ സംസ്ഥാനവ്യാപകമായി പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവ‍ർത്തകർ രംഗത്തെത്തി. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. രാത്രി തന്നെ ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ പ്രതിഷേധിച്ചു. 

click me!