ജീവിതത്തില്‍ ആവര്‍ത്തന വിരസത വരുന്നതെപ്പോള്‍ ? ട്രോളന്മാര്‍ ഉത്തരം തരും
First Published | Jan 27, 2020, 2:22 PM IST
നിരന്തരം പുതുക്കപ്പെടുമ്പോള്‍ മാത്രമേ മനുഷ്യന് പുതുതായെന്തെങ്കിലും ചെയ്യാനും കൂടുതല്‍ ഊര്‍ജ്ജസ്വലമായി ജീവിക്കുവാനുള്ള ആഗ്രഹം നിലനില്‍ക്കൂ. ഒരേ കാര്യം തന്നെ നിരന്തരം ചെയ്യേണ്ടിവന്നാല്‍ അതില്‍ പരം മറ്റൊരു ദുരന്തമില്ല. ഇത് തന്നെയാണ് മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസവും. ആവര്‍ത്തന വിരസത മനുഷ്യനെ സംബന്ധിച്ച് ഏറെ മടുപ്പുളവാക്കുന്ന ഒന്നാണ്. അത്തരമൊരു മടുപ്പ് ഇടത് പക്ഷ സംഘടനകള്‍ നടത്തിയ മനുഷ്യ ചങ്ങലയ്ക്കുണ്ടെന്നായിരുന്നു ബിജെപി നേതാവായ കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചൂണ്ടിക്കാട്ടിയത്.
അദ്ദേഹം ഉദ്ദേശിച്ചത്, കേന്ദ്രത്തിനെതിരെ സമരം ചെയ്യേണ്ടപ്പോഴൊക്കെ തപാല്‍ ഓഫീസ് പിക്കറ്റ് ചെയ്യുന്നത് പോലെ എന്തിനും ഏതിനും മനുഷ്യ ചങ്ങല പിടിക്കുന്നതില്‍ ആവര്‍ത്തന വിരസതയുണ്ടെന്നായിരുന്നു. എപ്പോഴും ഇത്തരം കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയണമെന്നും ആവര്‍ത്തന വിരസതയുണ്ടാക്കുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. ഈ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേയെന്നും, എന്താണ് ഈ ചവിട്ടുനാടകം കൊണ്ട് നേടിയതെന്നും സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. എന്നാല്‍ കെ സുരേന്ദ്രന്‍ സദുദ്ദേശത്തെ ട്രോളന്മാര്‍ ഏറ്റ് പിടിച്ചു. അവര്‍, ആവര്‍ത്തന വിരസതയ്ക്ക് കാരണമാകുന്നതെന്തൊക്കെയെന്ന അന്വേഷണത്തിലാണ്. കാണാം ആവര്‍ത്തന വിരസതാ ട്രോളുകള്‍.