Land slide | ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും, രണ്ട് വീടുകള്‍ തകര്‍ന്നു; ആളപായമില്ല

First Published | Nov 11, 2021, 9:02 PM IST


രുമേലിക്ക് (Erumeli) സമീപം കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടിയതിനെ (landslide) തുടര്‍ന്ന് രണ്ട് വീടുകൾ തകർന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്‍റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. പ്രായമായ ഒരു സ്ത്രീ ഉൾപ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്‍റെ വീട്ടിന്‍റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചു പോയി. വൈകീട്ടും അച്ചന്‍കോവിലാറില്‍ ജലനിരപ്പുയരുന്നതായാണ് റിപ്പോര്‍ട്ട്. രാത്രിയിലും ജലനിരപ്പുയരുകയാണെങ്കില്‍ അപകടകരമായ സാഹചര്യമാണെന്ന് മുന്നറിയിപ്പുണ്ട്. 

മണിമല, പൊരിയാര്‍, മീനച്ചില്‍, പമ്പ, മൂവാറ്റുപുഴ, ഇത്തിക്കര, കല്ലട, പള്ളിക്കല്‍ നദികളിലും കൈവഴികളിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ടെന്നാണ്  മുന്നറിയിപ്പ്. 

ഇന്നലെ രാത്രിയില്‍ പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള‍പൊട്ടലും മലയിടിച്ചിലും ജലവെള്ളപ്പാച്ചിലും ഉണ്ടായതായാണ് വിവരം.  


ഇന്നലെ രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയത്. 5 മണിവരെ ഒരേ രീതിയിൽ മഴ തുടർന്നു. ഇതിനിടെ പുലർച്ചെ രണ്ടരയോടെ കണമല എഴുത്വാപുഴയ്ക്ക് സമീപത്താണ് ഉരുൾപൊട്ടലുണ്ടായത്. 

വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 4 മണിയോടെ അഗ്ന രക്ഷാസേന സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

ശബരിമലയിലേക്കുള്ള എരുത്വാപ്പുഴ- കണമല ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞു വീണു തകര്‍ന്നു. കുത്തിയൊഴുകിയ മലവെള്ളത്തെ തുടര്‍ന്ന് റോഡുകള്‍ പലതും തകര്‍ന്നു. 

ഉരുള്‍ ഒഴുകിയ വഴിയിലെ വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിലാണ്. ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറിയിരുന്നു. 

വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാല് വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നു. 

കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഏതാണ്ട് ഒറ്റപ്പെട്ടു. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. 

ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മലവെള്ളപ്പാച്ചലില്‍ മുങ്ങി. മൂന്ന് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെയും ആളപായമില്ല.

Latest Videos

click me!