മഴ തുടരുന്നു, നാശനഷ്ടവും; വരും ദിവസങ്ങളിലും കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

First Published Jul 18, 2024, 3:47 PM IST


ഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി കേരളത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് തുടരുന്നത്. ഇന്നും സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടരുകയാണ്. പാലക്കാട് നഗരത്തില്‍ വീണ കൂറ്റന്‍ മരം വെട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് കുനിശ്ശേരി.  

ഇന്ന് രാവിലെ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഒന്നുമുണ്ടായിരുന്നില്ല. അതേസമയം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ടായിരുന്നു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. ഉച്ചയായപ്പോഴേക്കും കാര്യങ്ങള്‍ മാറി. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

അതേസമയം  കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടര്‍ന്നു. ഇതിനിടെ കനത്ത മഴയെ തുടർന്ന് കുവൈത്തിൽ നിന്നെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കണ്ണൂരിലിറക്കാൻ കഴിയാതെ നെടുമ്പാശേരിയില്‍ ഇറക്കി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 

Latest Videos


പമ്പ, മണിമലയാറുകൾ കര കവിഞ്ഞതോടെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളിൽ രൂക്ഷം വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. 

മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിലെ പ്രധാന നദികളിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു. നദീതീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കി. മുട്ടാര്‍, തലവടി, കതിരച്ചാല്‍ പുതുവല്‍ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ വെള്ളത്തിലായി. 

ഇതിനിടെ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് എത്തി. വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു  ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കാരണം. രണ്ട് ദിവസത്തിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് വടക്കു -പടിഞ്ഞാറ്  ദിശയിൽ നീങ്ങി ഒഡിഷ തീരത്തു എത്താനാണ് സാധ്യത.

വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നുണ്ട്. വടക്കൻ  കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം  കേരള തീരത്ത് പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ  കാറ്റ് ശക്തമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 

ഇതിന്‍റെ ഫലമായി കേരളത്തില്‍ വരുന്ന അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നല്‍,കാറ്റ് എന്നിവയോടെയുള്ള ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  അറിയിപ്പില്‍ പറയുന്നു. 
 

click me!