കൊവിഡ് 19 ; ഇന്ത്യയില്‍ രോഗികള്‍ 18 ലക്ഷം കടന്നു; കേരളത്തില്‍ മരണപ്പട്ടികയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
First Published | Aug 3, 2020, 12:22 PM ISTലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,36,624 കടന്നു. മരണം ഇന്നത്തോടെ ഏഴ് ലക്ഷം കടക്കുമെന്ന് കണക്കുകള്‍. ഇതുവരെയായി 6,92,822 പേരാണ് ഇതുവരെയായി ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1,14.46,955 പേര്‍ ഇതുവരെയായി രോഗവിമുക്തി നേടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടൊപ്പം ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെയായി രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 18,05,838 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെയായി 38,176 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 11,88,389 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗവ്യാപനം അതിതീവ്രമാകുന്നുവെന്ന സൂചനകളും വന്നു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യത്ത് ഓരോ ദിവസവും 50,000 ത്തിന് മേലെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. കണക്കുകള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ താമസിക്കാതെ ബ്രസീലിനെ മറികടക്കും. എന്നാല്‍ ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. നേരത്തെ സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് സ്ഥലങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറച്ചെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പുറകേയാണ് മരണനിരക്ക് കുറക്കാനുള്ള ഈ സര്‍ക്കാര്‍ നടപടിയെന്നും ആരോപണമുയരുന്നു. എന്നാല്‍, കൊവിഡ് മരണങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ചെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകള്‍ ശേഖരിക്കുന്നതെന്നും സര്‍ക്കാറും പറയുന്നു.