വിദേശാധിപത്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കി പാക് ചാരസംഘടനയുടെയും അന്ധമായ മതബോധത്തിന്‍റെയും ബലത്തില്‍ അഫ്ഗാന്‍ കീഴടക്കിയ താലിബാന്‍ ഭീകരര്‍ ഇന്നും അഫ്ഗാനിലെ തെരുവുകളില്‍ നിഴല്‍ യുദ്ധത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാന്‍ മതതീവ്രാശയങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്നാരോപിച്ച് ഐഎസ് കെ എന്ന തീവ്രവാദി വിഭാഗം താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ നിഴല്‍യുദ്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന്‍റെ ഫലമായി ഓരോ ദിവസവും തെരുവുകളില്‍ രാത്രികളില്‍ നിരവധി താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ഇതിന് തിരിച്ചടിയായി നിരവധി ഐഎസ് കെ തീവ്രവാദികളുടെ തെരുവുകളില്‍ മരിച്ചു വീണു.
ഇരുപക്ഷവും പരസ്പരം ആരോപണ പ്രത്യാരോപണത്തിരക്കിലാണ്. അതിനിടെ രാജ്യത്തിന്‍റെ സാമ്പത്തിക - ഭക്ഷ്യ - ആരോഗ്യാവസ്ഥ കുത്തനെ താഴെക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.
അമേരിക്കന്‍ പിന്തുണയുണ്ടായിരുന്നപ്പോള്‍ ലഭ്യമായിരുന്ന വിദേശസഹായം താലിബാന്‍ തീവ്രവാദികളുടെ വരവോടെ നിലച്ചു. താലിബാന് രാഷ്ട്രീയ ആയുധ സഹായം നല്‍കിയ പാകിസ്ഥാനാകട്ടെ നിലവില്‍ സ്വന്തം നില പരുങ്ങലിലായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനിലെ ഇന്ധന-ഭക്ഷ്യ സാധനങ്ങളുടെ വില ദിവസം കഴിയുന്തോറും കുതിച്ച് കയറുകയാണ്. അതിനിടെ അഫ്ഗാനെ പോലെ തീര്‍ത്തും തകര്‍ന്നിരിക്കുന്ന രാജ്യത്തെ സഹായിക്കാന്‍ കെല്‍പ്പില്ലാത്ത അവസ്ഥയിലാണ് പാകിസ്ഥാനും. മാത്രമല്ല വിദേശധന സഹായത്തിന്‍റെ ബലത്തിലാണ് പാകിസ്ഥാന്‍ കാര്യങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയുടെ വക്കിലാണ് അഫ്ഗാനിസ്ഥാനിലെ കുട്ടികളെന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണി കിടന്ന് മരിക്കുന്നു. പ്രത്യേകിച്ചും ആഭ്യന്തരയുദ്ധം അനാഥമാക്കിയ കുട്ടികള്‍.
അഫ്ഗാനികളിൽ പകുതിയിലധികം പേരും ഇപ്പോൾ ഭക്ഷക്ഷാമത്തിന്‍റെ ദുരന്തമനുഭവിക്കുന്നു. ഈ ദുരന്തം ഉടൻ തന്നെ യെമനിലെയും സിറിയയിലെയും കണക്കുകളെ മറികടക്കുമെന്ന് യുഎന്നും പറയുന്നു.
മരിച്ച ഏട്ട് കുട്ടികളും 10 വയസ്സിന് താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെയും അച്ഛന്‍റെയും മരണത്തെത്തുടർന്ന് തലസ്ഥാനമായ കാബൂളിലെത്തപ്പെട്ട് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുയായിരുന്നു.
അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും ഇപ്പോൾ ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതിനാൽ ഇത്തരത്തിലുള്ള കഥകൾ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ടെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൂടാതെ യെമനിലെയും സിറിയയിലെയും പ്രതിസന്ധികളെക്കാള്‍ മേലെയാകും അഫ്ഗാന്‍റെ ഭക്ഷ്യ പ്രതിസന്ധിയെന്നും യുഎൻ ഭക്ഷ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തൽ പറയുന്നു.
വരൾച്ച, യുദ്ധം, ദാരിദ്ര്യം എന്നിവ മൂലമുണ്ടാകുന്ന ദീർഘകാല പ്രതിസന്ധിയാണ് ഓഗസ്റ്റിൽ താലിബാന്‍റെ പെട്ടെന്നുള്ള വരവോടെ അതിവേഗം മുന്നോട്ട് പോകുന്നതെന്നും യുഎന്‍ പറയുന്നു.
ദാരിദ്രത്തിന്‍റെയും ക്ഷാമത്തിന്‍റെയും അതുവഴിയുണ്ടാകുന്ന പ്രതിസന്ധിയുടെയും വേഗം കൂട്ടാന്‍ മാത്രമാണ് താലിബാന്‍ താവ്രവാദികളുടെ അധികാരകൈയേറ്റത്തിലൂടെ സാധ്യമായത്.
നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ദാരിദ്രം നേരിട്ടുകൊണ്ടിരുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാന്‍. അതിനോടൊപ്പം താലിബാന്‍റെ കൈയേറ്റവും ഇസ്ലാമിക് ഏമറേറ്റ് സ്ഥാപനവും മൂലം വിദേശ ധനസഹായം ഒറ്റയടിക്ക് നിര്‍ത്തലാക്കപ്പെട്ടു. പുറമേ നിന്നുള്ള സഹായമില്ലാതെ അഫ്ഗാന് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്ന അവസ്ഥയിലാണ്.
വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) കണക്കാക്കുന്നത് രാജ്യത്തെ 39 ദശലക്ഷം ജനസംഖ്യയിൽ ഏകദേശം 23 ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോൾ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നാണ്.
രണ്ട് മാസം മുമ്പ് ഉണ്ടായിരുന്ന 14 ദശലക്ഷത്തിലധികം ആളുകള്‍ എന്ന കണക്കില്‍ നിന്നാണ് ഒറ്റയടിത്ത് 23 ദശലക്ഷത്തിലധികം ആളുകള്‍ എന്ന നിലയിലേക്ക് കണക്കുകള്‍ ഉയര്‍ന്നത്.
ഭക്ഷണം വാങ്ങാനായി തുച്ഛമായ വസ്തുക്കൾ വിൽക്കുക, കുട്ടികളെ ജോലിക്ക് അയക്കുക, എന്നിങ്ങനെയുള്ള അതിജീവനത്തിനായി കുടുംബങ്ങൾ തീവ്രമായ നടപടികൾ സ്വീകരിക്കുകയാണെന്ന് യുകെ എയ്ഡ് ചാരിറ്റിയായ സേവ് ദി ചിൽഡ്രൻ പറയുന്നു. ഇത് ഒരു ഭക്ഷ്യ കലാപത്തിലേക്ക് നയിക്കാനും സാധ്യത തള്ളിക്കളയാനാകില്ല.
താലിബാന്‍ തീവ്രവാദികള്‍ ഭരണമേറ്റെടുത്ത ശേഷം സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. എണ്ണ, ഗോതമ്പ്, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കഴിഞ്ഞ വർഷം 55 ശതമാനം വരെ ഉയർന്നു.
“അഫ്ഗാൻ കുട്ടികളുടെ വേദനയ്ക്ക് അവസാനമില്ലെന്ന് തോന്നുന്നു. പതിറ്റാണ്ടുകളുടെ യുദ്ധത്തിനും കഷ്ടപ്പാടുകൾക്കും ശേഷം, അവർ ഇപ്പോൾ അവരുടെ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ചാരിറ്റിയുടെ നിയമ ഉപദേശകനായ ഒർലെയ്ത്ത് മിനോഗ് പറഞ്ഞു.
സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണ്. റൊട്ടി കഷ്ണങ്ങളല്ലാതെ മറ്റൊന്നും ഇല്ലാത്തതിനാൽ കടുത്ത പോഷകാഹാരക്കുറവ് മൂലം പിഞ്ചുകുട്ടികള്‍ ക്ലിനിക്കുകളിൽ ദിവസവും തളര്‍ന്ന് വീഴുന്നത് കാണുന്നു.
ശീതകാലം ആരംഭിക്കുമ്പോൾ മുമ്പത്തേക്കാൾ കൂടുതൽ കുട്ടികൾ പട്ടിണി കിടക്കുന്നത് നമ്മള്‍ കാണേണ്ടിവരും അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈത്യകാലം കഠിനമാകും മുന്നേ അഫ്ഗാന് അവശ്യമായ ഭക്ഷണമെങ്കിലും എത്തിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ദശലക്ഷക്കണക്കിന് മനുഷ്യരുടെ മൃതദേഹങ്ങളായിരിക്കും ശൈത്യകാലം അഫ്ഗാനില്‍ അവസാനിപ്പിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ജീവൻരക്ഷാ സഹായം വർദ്ധിപ്പിക്കാൻ കഴിയാത്ത, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കഴിയാത്ത അഫ്ഗാന്‍, ദുരന്തത്തിലേക്കുള്ള കൗണ്ട്‌ഡൗണിലാണ്, ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ, ഞങ്ങളുടെ കൈകളിൽ മൊത്തം ദുരന്തം മാത്രമാകും ബാക്കിയാവുകയെന്നും ഒർലെയ്ത്ത് മിനോഗ് കൂട്ടിചേര്‍ക്കുന്നു.
അതിനിടെ അഫ്ഗാന്‍റെ സ്വയം പ്രഖ്യാപിത പ്രസിഡന്‍റായി പ്രഖ്യാപിച്ച മുന്‍ വൈസ് പ്രസിഡന്‍റും ഇപ്പോള്‍ ഒഴിവില്‍ കഴിയുന്ന അംറുല്ല സലേഹ് കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തത് , നെൻഗർഹാറിൽ ഒരു വിവാഹ പാർട്ടിയിൽ പാട്ട് പാടിയെന്ന പേരില്‍ താലിബാന്‍ തീവ്രവാദികള്‍ 13 പേരെ കൂട്ടക്കൊല ചെയ്തെന്നാണ്.
അദ്ദേഹം തന്‍റെ ട്വീറ്റികളിലെല്ലാം പാകിസ്ഥാനെയും പാക് ചാരസംഘടനയായ ഐഎസ്ഐയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. 25 വർഷമായി പാക്ക് അവരെ പരിശീലിപ്പിച്ചത് അഫ്‌ഗാന്‍ സംസ്‌കാരത്തെ നശിപ്പിക്കാനും പകരം ഐഎസ്‌ഐയുടെ മതഭ്രാന്ത് ഉപയോഗിച്ച് നമ്മുടെ മണ്ണിനെ നിയന്ത്രിക്കാനുമാണ്. അത് ഇപ്പോൾ പ്രവർത്തനത്തിലാണെന്നും അംറുല്ല സലേഹ് ട്വീറ്റ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona