റഷ്യൻ വ്യോമസേന നേരത്തെ പിടിച്ചെടുത്ത കീവിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു വിമാനത്താവളം വ്യാഴാഴ്ച തിരിച്ചുപിടിച്ചതായി ഉക്രൈന്‍ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. കീവില്‍ നിന്ന് 20 മൈൽ വടക്ക് ഹോസ്‌റ്റോമെൽ പട്ടണത്തിലെ അന്‍റോനോവ് വിമാനത്താവളമാണ് റഷ്യൻ വ്യോമസേനയില്‍ നിന്ന് ഉക്രൈന്‍ സൈന്യം തിരികെ പിടിച്ചത്.
അതിനിടെ 18-60 വയസ് പ്രായമുള്ള എല്ലാ പുരുഷന്മാരെയും രാജ്യം വിടുന്നതിൽ നിന്ന് പ്രസിഡന്‍റ് സെലന്‍സ്കി വിലക്കി. സൈന്യത്തോട് പൂര്‍ണ്ണമായും യുദ്ധമുഖത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവിധ നഗരങ്ങളില്‍ നിന്ന് കീഴടക്കിയ റഷ്യന്‍ സൈനീകരുടെ ചിത്രങ്ങള്‍ ഉക്രൈന്‍ സൈന്യം പുറത്ത് വിട്ടത് ലോകത്തെ രണ്ടാം നമ്പര്‍ സൈനീക ശക്തിക്കേറ്റ നാണക്കേടായി.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 1,90,000 സൈനീകരെ റഷ്യ ഉക്രൈന്‍ അതിര്‍ത്തിയിലെത്തിച്ചുവെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, 30,000 മുതൽ 60,000 വരെ സൈനികർക്ക് തുല്യമായ 60-ലധികം റഷ്യൻ ബറ്റാലിയൻ യൂണിറ്റുകള്‍ ഉക്രൈന്‍റെ ഭൂമിയില്‍ കടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വടക്ക് കിഴക്ക് നിന്നാകും റഷ്യന്‍ അക്രമണമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും വടക്ക് കിഴക്കന്‍ വിമത പ്രദേശങ്ങളിലൂടെയും വടക്ക് പടിഞ്ഞാറന്‍ ബെലാറസ് വഴിയും തെക്കന്‍ കടല്‍ വഴിയും റഷ്യ, ഉക്രൈനെതിരെ കനത്ത അക്രമണം അഴിച്ചുവിടുകയാണ്. ജനവാസ മേഖലയിലടക്കം ബോംബിങ്ങ് നടത്തുകയാണ് റഷ്യ.
തെക്ക് നിന്ന് ക്രിമിയ വഴിയും കിഴക്ക് നിന്ന് ഖാർകിവ് നഗരം വഴിയും റഷ്യ അക്രമണം കടുപ്പിക്കുകയാണ്. അതോടൊപ്പം വടക്ക് റഷ്യയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള സൈനികർ ടാങ്കുകളിൽ ബെലോറഷ്യൻ അതിർത്തിയിലൂടെ ഉക്രൈനിലേക്ക് കടക്കുന്നു. വ്യാഴാഴ്ച പുലർച്ചെയും തലസ്ഥാനമായ കീവിന് സമീപത്ത് റഷ്യന്‍ ബോംബുകള്‍ വീണ് പൊട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ ആഴ്ചയോടെ കീവ് വീഴുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, 24-36 മണിക്കൂറിനുള്ളിൽ കീവ് വീഴുമെന്ന് പ്രതീക്ഷിക്കുന്നതായി ബാൽക്കൻ യുദ്ധസമയത്ത് നാറ്റോയുടെ കമാൻഡർ ജനറൽ ജോർജ്ജ് ജൗൾവാൻ പറഞ്ഞു.
ജനങ്ങള്‍ സബ്‍വേകളിലേക്കും ബങ്കറുകളിലേക്കും മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിന് പേര്‍ നഗരങ്ങളില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് പലായനം ചെയ്യുകയാണ്. അപ്പോഴും കീവില്‍ പല സ്ഥലങ്ങളില്‍ നിന്നും വെടിയൊച്ചകളും ബോംബിങ്ങ് ശബ്ദങ്ങളും കേള്‍ക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'മയക്കുമരുന്നിന് അടിമകളായ നവ-നാസി' നേതാക്കളെ അട്ടിമറിക്കാന്‍ റഷ്യന്‍ ഏകാധിപതി പുടിന്‍ ഉക്രൈന്‍ സൈന്യത്തോട് ആഹ്വാനം ചെയ്തു. അതേ സമയം പുടിന്‍റെ ഉക്രൈന്‍ അധിനിവേശം നാസി ജര്‍മ്മനിയുടെ യുദ്ധക്കൊതിക്ക് സമാനമാണെന്ന് വിദഗ്ദരും വിലയിരുത്തുന്നു.
രാജ്യത്തെ സാധാരണ പൗരന്മാര്‍ പോലും റഷ്യന്‍ അധിനിവേശത്തിനെതിരെ യുദ്ധമുഖത്ത് നീങ്ങുകയാണെന്ന് ഉക്രൈനില്‍ നിന്നുള്ള ചില വീഡിയോകള്‍ കാണിക്കുന്നു. സാധാരണക്കാര്‍ റൈഫിളുകളും മൊളോടോവ് കോക്‌ടെയിലുകളും ഉപയോഗിച്ച് യുദ്ധമുഖത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ 2,800 റഷ്യന്‍ സൈനീകരെ കൊലപ്പെടുത്തിയെന്ന് ഔദ്ധ്യോഗികമായ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. ബോംബിങ്ങിലൂടെ ഉക്രൈനില്‍ കനത്ത നാശം വിതയ്ക്കാന്‍ റഷ്യയ്ക്ക് കഴിയുന്നുണ്ടെങ്കിലും കരവഴിയുള്ള അക്രമണം എളുപ്പമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
റഷ്യയ്ക്ക് 2,800 സൈനീകരെയും 80 ടാങ്കുകളും 516 കവചിത വാഹനങ്ങളും നഷ്ടപ്പെട്ടതായാണ് ഉക്രൈന്‍ സൈന്യം അവകാശപ്പെട്ടത്. മിസൈൽ ആക്രമണത്തിൽ തെക്കൻ റഷ്യയിലെ ഒരു എയർഫീൽഡിന് കാര്യമായ നാശമുണ്ടാക്കിയതായും ഉക്രൈന്‍ സൈന്യം അവകാശപ്പെട്ടു. കീവില്‍ മാത്രം ഏഴ് റഷ്യന്‍ ഹെലികോപ്റ്ററുകള്‍ തകര്‍ന്നു വീണു. 10 റഷ്യന്‍ യുദ്ധവിമാനങ്ങളും ഉക്രൈന്‍ മണ്ണോട് ചേര്‍ന്നതായും ഉക്രൈന്‍ അവകാശപ്പട്ടു.
160 ഉക്രൈന്‍ സൈനീകരെ പിടികൂടിയതായും 74 സൈനീക ഗ്രൗണ്ട് തകര്‍ത്തതായും റഷ്യയും അവകാശപ്പെട്ടു. 5 യുദ്ധ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും തകര്‍ത്തു. 18 ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും നശിപ്പിച്ചെന്നും റഷ്യയും അവകാശപ്പെട്ടു.
തലസ്ഥാനമായ കീവിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും പാലങ്ങളിലും മറ്റും ആയുധദാരികളായ ഉക്രൈന്‍ സൈനീകര്‍ നിലയുറപ്പിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്ത് വരുന്നു. അതോടൊപ്പം ഉക്രൈന്‍ സൈന്യം ഏതാണ്ട്, 9 ലക്ഷത്തോളം പൗരന്മാര്‍ക്ക് ആയുധം നല്‍കിക്കഴിഞ്ഞു. ഇതോടെ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യന്‍ സൈനീകരുടെ കരവഴിയുള്ള അധിനിവേശം അത്രയ്ക്ക് എളുപ്പമാകില്ലെന്ന് വ്യക്തമായി.
താലിബാന്‍റെ അഫ്ഗാന്‍ അക്രമണകാലത്ത് രാജ്യം വിട്ടോടിയ അഷറഫ് ഗനിയില്‍ നിന്നും വ്യത്യസ്തനായി റഷ്യയ്ക്കെതിരെ യുദ്ധമുഖത്ത് ആയുധമെടുത്ത് പോരാടാനാണ് സെലന്‍സ്കി പ്രസിഡന്‍റ് സെലെൻസ്‌കി തന്‍റെ പൗരന്മാരോട് പറഞ്ഞത്. 'നിങ്ങൾ മാത്രമാണ് ഞങ്ങൾക്ക് ഉള്ളത്' എന്നായിരുന്നു പ്രസിഡന്‍റ് ജനങ്ങളോട് പറഞ്ഞത്.
ശത്രുവില്‍ നിന്നും രാജ്യത്തെ പ്രതിരോധിക്കാന്‍ ഉജ്ജ്വലമായ സംഭാവ നല്‍കാനും അദ്ദേഹം സ്വന്തം പൗരന്മാരോട് ആവശ്യപ്പെട്ടു. ഏത് വിധേനയും കീവിന്‍റെ പരാജയം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, സഹായിക്കാമെന്നേറ്റവര്‍ കൈയൊഴിഞ്ഞെന്നും യുദ്ധമുഖത്ത് ഉക്രൈന്‍ ഒറ്റപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യന്‍ ചാരന്മാര്‍ കീവിലേക്ക് കടന്നെന്നും, ഉക്രൈന്‍ സൈനീക യൂണിഫോമിലാണ് റഷ്യന്‍ സൈന്യം കീവില്‍ കടന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. അതിനിടെ കീവിന്‍റെ പടിഞ്ഞാറ് തങ്ങള്‍ കീഴടക്കിയെന്നും നഗരം പെട്ടെന്ന് തന്നെ കീഴടങ്ങുമെന്നും റഷ്യയും അവകാശവാദമുന്നയിച്ചു.
കീവില്‍ മിസൈലുകള്‍ വീഴുമ്പോള്‍ അത് ഉക്രൈനില്‍ മാത്രമല്ല യുറോപ്പിലെമ്പാടും വീഴുന്നുവെന്ന് ഒളിത്താവളത്തിലിരുന്ന് പ്രസിഡന്‍റ് സെലാന്‍സ്കി യുറോപ്യന്‍ യൂണിയന് മുന്നറിയിപ്പ് നല്‍കി. ഉക്രൈനികള്‍ മാത്രമല്ല മരിക്കുന്നതെന്നും മരിക്കുന്നത് യൂറോപ്പാണെന്നും സെലന്‍സ്കി പടിഞ്ഞാറന്‍ രാജ്യങ്ങളോട് വികാരാധീനനായി.
അതിനിടെ, അധിനിവേശത്തിന്‍റെ ആദ്യ ദിവസം തന്നെ റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഉക്രൈന്‍ സൈനീകര്‍ക്ക് കഴിഞ്ഞു. അന്‍റോനോവ് വിമാനത്താവളത്തിലേക്ക് റഷ്യയുടെ 20 ആക്രമണ ഹെലികോപ്റ്ററുകൾ ഒരു സൈനിക സംഘത്തെ ഇറക്കി, വിമാനത്താവളം പിടിച്ചെടുത്തത്തിന് പുറകെയായിരുന്നു തിരിച്ചടിയുണ്ടായത്.
പ്രത്യാക്രമണത്തില്‍ ഒറ്റ രാത്രി കൊണ്ട് തന്നെ അന്‍റോനോവ് വിമാനത്താവളത്തിന്‍റെ നിയന്ത്രണം തിരിച്ച് പിടിച്ചതായി ഉക്രൈന്‍ സൈന്യം അവകാശപ്പെട്ടു. വിമാനത്താവളത്തിലേക്ക് കരമാര്‍ഗ്ഗം എത്താന്‍ ശ്രമിച്ച റഷ്യന്‍ സൈനീകരെ ഉള്‍ഗ്രാമങ്ങളിലേക്ക് തുരത്തിയതായും ഉക്രൈന്‍ അവകാശപ്പെട്ടു.
വിമാനത്താവളങ്ങള്‍ കീഴടക്കിയാല്‍ കൂടുതല്‍ സൈന്യത്തെ ഉക്രൈനിലിറക്കാന്‍ കഴിയുമെന്നും അതിനായിട്ടുള്ള റഷ്യന്‍ ശ്രമമാണ് നടക്കുന്നതെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. അതിനിടെ റഷ്യ കീഴടക്കിയ ചെര്‍ണോബില്ലില്‍ നിന്ന് റേഡിയോ ആക്ടീവ് വികരണം വര്‍ദ്ധിച്ചതായും ഇത് യൂറോപ്പിന് മുഴുവന്‍ ഭീഷണിയാണെന്നും ഉള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.
കീവിന്‍റെ പ്രാന്തപ്രദേശത്ത് ഒരു റഷ്യൻ ജെറ്റ് വെടിവെച്ചിട്ടതായി ഉക്രൈന്‍ സായുധ സേന അവകാശപ്പെട്ടു. തൊട്ട് പുറകെ ആകാശത്ത് നിന്ന് ജ്വലിക്കുന്ന അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുന്നത് കാണിക്കുന്ന വീഡിയോകളും പുറത്ത് വന്നു.
'സിവിലിയൻ വസ്തുക്കൾ തങ്ങളുടെ ലക്ഷ്യമല്ലെന്ന് ആവര്‍ത്തിക്കുകയും. എന്നാല്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബോംബിങ്ങ് നടത്തുകയുമാണ് റഷ്യ ചെയ്യുന്നതെന്നും ഉക്രൈന്‍ ആരോപിക്കുന്നു.
സ്വന്തം ജനതയെ സംരക്ഷിക്കാന്‍ നമ്മുടെ സൈന്യം സാധ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ച സെലന്‍സ്കി, 16 വയസ്സിന് മുകളിലുള്ള എല്ലാ പുരുഷന്മാരോടും ആയുധമെടുത്ത് യുദ്ധമുഖത്ത് ശത്രുവിനെ പ്രതിരോധിക്കാന്‍ സജ്ജമാകാനും ആവശ്യപ്പെട്ടു.
തങ്ങളുടെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് കീവുമായി ഒടുവിൽ സംസാരിക്കേണ്ടിവരുമെന്നും സെലെൻസ്‌കി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'റഷ്യയ്ക്ക് താമസിക്കാതെ അല്ലെങ്കിൽ പിന്നീട് ഞങ്ങളോട് സംസാരിക്കേണ്ടിവരും. പോരാട്ടം എങ്ങനെ അവസാനിപ്പിക്കാമെന്നും ഈ അധിനിവേശം അവസാനിപ്പിക്കാമെന്നും റഷ്യയ്ക്ക് ഉക്രൈനുമായി സംഭാഷണം നടത്തേണ്ടിവരും സെലന്‍സ്കി പറഞ്ഞു.
എത്രയും വേഗം ചര്‍ച്ചയാരംഭിക്കുന്നുവോ റഷ്യക്ക് അത്രയും നഷ്ടം കുറയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ലോകമെങ്ങും പുടിനെ, നാസി ജര്‍മ്മന്‍ തലവന്‍ ഹിറ്റ്ലറിനോട് ഉപമിച്ച് കൊണ്ട് പോസ്റ്ററുകളും തെരുവ് പ്രകടനങ്ങളും നടന്നു.
അക്രമിക്കില്ലെന്ന് ഏറ്റുപറഞ്ഞ് നാക്കെടുക്കും മുമ്പ് അക്രമിക്കുന്ന, ജനങ്ങള്‍ തങ്ങളുടെ ലക്ഷ്യമല്ലെന്ന് പറഞ്ഞ് കൊണ്ട് ജനങ്ങളെ തന്നെ അക്രമിക്കുന്ന പുടിന്‍റെ ഏകാധിപത്യത്തിനെതിരെ ലോകമെങ്ങും പ്രതിഷേധമുയരുമ്പോള്‍ റഷ്യയിലെ പ്രതിഷേധങ്ങള്‍ പുടിന്‍ രാജ്യദ്രോഹത്തിന്‍റെ പ്രതിരോധമുയര്‍ത്തി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതായും വാര്‍ത്തകള്‍ വരുന്നു.