ദിവസങ്ങളായി കീവ് ലക്ഷ്യമാക്കി, റഷ്യയില്‍ നിന്നും ആരംഭിച്ച 64 കിലോമീറ്റര്‍ വരുന്ന ഭീമന്‍ വാഹനവ്യൂഹത്തിന്‍റെ വേഗം വളരെ മന്ദഗതിയിലാണ്. വരുന്ന വഴികളിലെല്ലാം സാധാരണക്കാരായ ഉക്രൈനികളില്‍ നിന്ന് പ്രതിഷേധം നേരിടേണ്ടിവന്ന റഷ്യന്‍ സൈനിക വ്യൂഹത്തിന് വലിയ നാശനഷ്ടവും നേരിടേണ്ടിവന്നു.
യുദ്ധം ആരംഭിച്ചത് മുതല്‍ ഉക്രൈനില്‍ കുടില്‍ വ്യവസായമായി നിര്‍മ്മിക്കുന്ന പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ ഈ ഭീമന്‍ കോണ്‍വോയെ പല നഗരങ്ങളില്‍ വച്ചും അക്രമിച്ചെന്ന വാര്‍ത്തകളും വന്നിരുന്നു. ടാങ്കുകളും കവചിത വാഹനങ്ങളും സൈനിക ആയുധങ്ങളുമായി വരുന്ന കോണ്‍വോയ്ക്ക് ഇതിനകം തന്നെ വലിയ നഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെയാണ് ഉക്രൈനിലെ കാലാവസ്ഥ റഷ്യന്‍ സൈനികര്‍ക്ക് മറ്റൊരു പ്രതിരോധം സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. നിലവിലെ താഴ്ന്ന താപനില, റഷ്യന്‍ സൈനിക നീക്കത്തിന്‍റെ വേഗം കുറയ്ക്കാന്‍ കാരണമായതിന് പുറകെയാണിത്. റോഡുകളിലും ഭൂമിയിലും തങ്ങിനില്‍ക്കുന്ന മഞ്ഞ് സൈനിക നീക്കത്തിന്‍റെ വേഗത പകുതിയാക്കി കുറച്ചു.
കോണ്‍വേയിലെ പല വാഹനങ്ങളുടെയും ഇന്ധനം തീര്‍ന്നതും ഭക്ഷണ്യ വിതര ശൃംഖലയിലുണ്ടായ തടസങ്ങളും വാഹനവ്യൂഹത്തിന്‍റെ വേഗതയെ സാരമായി ബാധിച്ചു. അതോടൊപ്പം ശക്തമായ തണുപ്പുമൂലം കോണ്‍വോയിലെ വാഹനങ്ങളില്‍ പലതിനും മെക്കാനിക്കല്‍ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യയില്‍ നിന്ന് പുറപ്പെട്ടതാണെങ്കിലും ഇന്നും കീവിന് 32 കിലോമീറ്റര്‍ അകലെ കുടിങ്ങിക്കിടക്കുകയാണ് റഷ്യയുടെ ഭീമന്‍ കോണ്‍വേ. കാലാവസ്ഥ കനത്താല്‍ റഷ്യയുടെ അധിനിവേശ ടാങ്കുകൾ '40-ടൺ ഫ്രീസറുകളായി' മാറുമെന്ന് മുൻ ബ്രിട്ടീഷ് ആർമി മേജർ കെവിൻ പ്രൈസ് പറഞ്ഞു
ഉക്രൈനിലെ അതിശക്തമായ ശൈത്യം ആർട്ടിക് ശൈലിയിലുള്ള യുദ്ധത്തിന് തയ്യാറാകാത്ത റഷ്യന്‍ സൈനികരുടെ മനോവീര്യം തകർക്കുമെന്നും കെവിൻ പ്രൈസ് അഭിപ്രായപ്പെട്ടു. മാർച്ച് മാസത്തിൽ ഇത്രയും കുറഞ്ഞ താപനിലയെ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കാത്ത റഷ്യൻ സൈനികരുടെ ജീവിതം 'അവിശ്വസനീയമാംവിധം കഠിനമായി' മാറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
'നിങ്ങൾ എഞ്ചിൻ പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ രാത്രിയിൽ ഒരു യുദ്ധ ടാങ്ക് ഒരു ഫ്രിഡ്ജ് മാത്രമാണ്'. ബാൾട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിർന്ന പ്രതിരോധ വിദഗ്ദനായ ഗ്ലെൻ ഗ്രാന്‍റ് പറയുന്നു. ഇന്ധനക്ഷാമം കണക്കിലെടുത്താലും ടാങ്കുകള്‍ രാത്രി ഓഫ് ചെയ്യാന്‍ റഷ്യന്‍ സൈന്യത്തിന് കഴിയില്ല.
അതിശൈത്യമാണ് ഭീമന്‍ കോണ്‍വോയില്‍ ഇന്ധന ക്ഷാമത്തിന് കാരണമാക്കിയതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കീവിലേക്കുള്ള യാത്രമദ്ധ്യേ പ്രദേശവാസികളുടെ പ്രതിഷേധത്തിന് പുറമേ രാത്രിയിലെ കനത്തശൈത്യത്തെ പ്രതിരോധിക്കാന്‍ റഷ്യന്‍ സൈനികര്‍ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു.
രാത്രിയും പകലും നിരന്തരം പ്രവര്‍ത്തിക്കേണ്ടിവന്നതോടെ വാഹനങ്ങളിലെ ഇന്ധം തീരുകയും പല വാഹനങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിയും വന്നു. കാലാവസ്ഥ കൂടുതല്‍ ശക്തമാകുന്നതോടെ റഷ്യന്‍ സൈന്യത്തിന് ഉക്രൈനില്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
വാഹനവ്യൂഹത്തിന്‍റെ വേഗം കൂട്ടുകയും ഇന്ധനവും ഭക്ഷണവും അടക്കമുള്ള സഹായങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം കുറയ്ക്കുകയും ചെയ്തില്ലെങ്കില്‍ കൊടുംതണുപ്പില്‍ മരവിച്ച് മരിക്കാതിരിക്കാന്‍ ഉക്രൈന്‍ സൈന്യത്തിന് മുമ്പില്‍ കീഴടങ്ങുകയല്ലാതെ റഷ്യന്‍ സൈനികര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഗ്ലെൻ ഗ്രാന്‍റ് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ധനം തീരുകയും വാഹനവ്യൂഹത്തിന്‍റെ വേഗത കുറയുകയും ചെയ്യുമ്പോള്‍ അവരെ അക്രമിക്കാന്‍ കാത്തിരിക്കുന്ന ഒരു ജനത അവിടെയുണ്ടെന്ന് മറക്കരുതെന്നും അദ്ദേഹം ന്യൂസ് വീക്കിനോട് പറഞ്ഞു. എന്നാല്‍, അതിശക്തമായ ശൈത്യം ഉക്രൈനില്‍ നിന്ന് പലായനത്തിന് ശ്രമിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഉക്രൈനില്‍ കൂടുതല്‍ പ്രതിരോധത്തെ നേരിടേണ്ടിവന്നാല്‍ ഉക്രൈനില്‍ നഗരങ്ങള്‍ക്ക് മുകളില്‍ ചെറിയ ആണവായുധങ്ങളോ അതിനാശകരമായ മറ്റ് ആയുധങ്ങളോ ഉപയോഗിക്കാന്‍ റഷ്യന്‍ സ്വേച്ഛാധിപതി മടിക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കുന്നു.
റഷ്യ ഉക്രൈന്‍ യുദ്ധം ആരംഭിച്ച നടപടിയില്‍ പ്രതിഷേധിച്ച് രാജ്യം വിട്ട മാധ്യമപ്രവര്‍ത്തക ഫരീദ റുസ്തമോവ (Russian journalist Farida Rustamova), പുടിന്‍ ഉക്രൈനുമായി ഒരു യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് മോസ്കോയിലെ ഉദ്യോഗസ്ഥർ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്ന് അവകാശപ്പെട്ടു. രാജ്യത്തിന് പുറത്ത് കടക്കും വരെ റഷ്യന്‍ സര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ഫരീദ റുസ്തമോവ.
റഷ്യന്‍ സൈന്യത്തില്‍ യുദ്ധത്തിനോട് എതിര്‍പ്പുള്ള നിരവധി പേരുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. സൈനികര്‍ സന്തുഷ്ടരല്ലെന്നും ഈ യുദ്ധം ഒരനാവശ്യമാണെന്ന് അവര്‍ കരുതുന്നതായും അവര്‍ കൂട്ടിചേര്‍ത്തു. റഷ്യന്‍ സൈനികര്‍ക്കിടയിലെ അതൃപ്തി പുറത്തുവരുന്നതിനിടെ റഷ്യയുടെ 12,000 സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്ന് ഉക്രൈന്‍ അവകാശപ്പെട്ടു.
എന്നാല്‍, തങ്ങളുടെ 500 സൈനികര്‍ മാത്രമേ മരിച്ചിട്ടൊള്ളൂവെന്നാണ് റഷ്യ അവകാശപ്പെട്ടത്. റഷ്യയ്ക്ക് കുറഞ്ഞത് 4,000 സൈനികരെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഉക്രൈന്‍ സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങിയ സൈനികര്‍ തങ്ങള്‍ യുദ്ധത്തിന് വരികയാണെന്ന് അറിയില്ലായിരുന്നെന്നും ഇന്ധനവും ഭക്ഷണവും ഇല്ലെന്നും പരാതിപ്പെട്ടത് നേരത്തെ വാര്‍ത്തായിരുന്നു.
പുടിന്‍, അപകടകരനായ ഒരു സ്വേച്ഛാധിപതിയാണെന്നും ഉക്രൈനില്‍ പരാജയപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കില്ലെന്നും വ്യക്തമാക്കിയ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍, പരാജയ സാധ്യതയുണ്ടായാല്‍ വിജയത്തിനായി ഉക്രൈന്‍ നഗരങ്ങള്‍ക്ക് മുകളില്‍ ചെറു അണുവായുധങ്ങള്‍ ഉപയോഗിക്കാനും പുടിന്‍ മടിക്കിലെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ഉക്രൈന്‍ അക്രമണം പുടിന്‍റെ ' ആഴത്തിലും വ്യക്തിപരവുമായ ബോധ്യത്തിന്‍റെയും ' പേരിലാണെന്നും അതിനാല്‍ സിവിലിയന്‍ മരണങ്ങള്‍ അയാളെ ബാധിക്കുന്ന വിഷയമല്ലെന്നും എത്ര മരണമെന്നതല്ല, വിജയം മാത്രമാണ് അയാളുടെ ലക്ഷ്യമെന്നും സിഐഎ ഡയറക്ടർ വില്യം ബേൺസ് അഭിപ്രായപ്പെട്ടു.
'പുടിൻ ഇപ്പോൾ ദേഷ്യത്തിലും നിരാശയിലുമാണ്' എന്നാണ് ഞാൻ കരുതുന്നത്. സിവിലിയൻ നാശനഷ്ടങ്ങൾ കണക്കിലെടുക്കാതെ അയാള്‍ ഇരട്ടി പ്രഹരത്തോടെ ഉക്രൈന്‍ സൈന്യത്തെ തകർക്കാൻ ശ്രമിക്കും,' ബേൺസ് പറഞ്ഞു. ഉക്രൈന്‍ വിഷയത്തില്‍ ലോക രാജ്യങ്ങളുടെ ഉപരോധം അടക്കമുള്ള ഒറ്റപ്പെടുത്തലും എതിര്‍പ്പും നേരിടേണ്ടിവന്നതും ഇതുവരെ ഉയര്‍ന്നിട്ടില്ലാത്തവിധം റഷ്യയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതും പുടിന് കനത്ത നിരാശയാണ് സമ്മാനിച്ചിട്ടുണ്ടാവുക.
ഈ നിരാശയില്‍ നിന്ന് അയാള്‍ അതിശക്തമായി തിരിച്ചടിക്കാനുള്ള സാധ്യതയുണ്ടെന്നും യുഎസ് ഇന്‍റലിജൻസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനായി ആണവായുധം വരെ പ്രയോഗിക്കാനുള്ള സാധ്യതയുണ്ട്.
പുടിന്‍റെ കീഴില്‍ റഷ്യ തങ്ങളുടെ ആയുധങ്ങൾ നവീകരിക്കാൻ ഓവർടൈം ജോലി ചെയ്യുകയാണെന്ന് പെന്‍റഗണിന്‍റെ ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസി ഡയറക്ടർ ലെഫ്റ്റനന്‍റ് ജനറൽ സ്കോട്ട് ബെരിയർ പറഞ്ഞു.
റഷ്യന്‍ അധിനിവേശം 14-ാം ദിവസത്തിലേക്ക് കടന്നപ്പോൾ, കെർസണൊഴികെ ഉക്രൈനിലെ മറ്റെല്ലാ പ്രധാന നഗരങ്ങളിലും സൈനികര്‍ പ്രതിരോധത്തിലാണ്. ഉക്രൈന്‍റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും കീവ് അവകാശപ്പെടുന്നു.
റഷ്യൻ സൈന്യം 'ധൈര്യം നഷ്ടപ്പെട്ടവരാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ കൊള്ളയടിക്കുന്നതിനും ലംഘിക്കുന്നതിനും കൂടുതൽ പ്രവണത കാണിക്കുന്നുവെന്നും ഉക്രൈന്‍ ആരോപിച്ചു.
വരും ദിവസങ്ങളില്‍ റഷ്യന്‍ സേനയ്ക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും അവകാശപ്പെടാന്‍ നില്ലാതെ വരികയും കാലാവസ്ഥ മോശമാവുകയും ചെയ്താല്‍ വ്ലാദിമിര്‍ പുടിന്‍റെ അടുത്ത നീക്കമെന്തായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അത്തരമൊരു സാഹചര്യത്തില്‍ അന്തിമവിജയത്താനായിരിക്കും അയാളുടെ ലക്ഷ്യവും.