യുവാക്കള്‍ 'രക്ഷപ്പെടുന്നത്' തടയാന്‍, ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ സൈനിക ചെക്ക് പോയന്‍റ് സ്ഥാപിച്ച് റഷ്യ
First Published | Sep 27, 2022, 2:47 PM ISTയുക്രൈനിലെ തോല്‍വി മുന്നില്‍ കണ്ട്, രാജ്യത്തിന്‍റെ റിസര്‍വ് ബറ്റാലിയനിലേക്ക് 3,00,000 പേരെ കൂടി ചേര്‍ക്കാനുള്ള പദ്ധതി പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയില്‍ നിന്ന് നിരവധി പേര്‍ രാജ്യം വിടാനായി അതിര്‍ത്തികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിസ വേണ്ടാതെ എത്തിചേരാന്‍ കഴിയുന്ന സുഹൃത്ത് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി വിമാനകമ്പനികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ സ്വന്തം മക്കളെ യുക്രൈന്‍ യുദ്ധത്തിന് വിട്ട് തരില്ലെന്ന് പ്രഖ്യാപിച്ച് റഷ്യയിലെ വിവിധ നഗരങ്ങളില്‍ അമ്മമാരുടെ പ്രതിഷേധവും സംഘടിക്കപ്പെട്ടു. എന്നാല്‍, തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് റഷ്യയുടെ ഏകാധിപത്യ ഭരണകൂടം ആവര്‍ത്തിച്ചത്. ഇതിന് പിന്നാലെ 18 ഉം 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് വിമാന ടിക്കറ്റ് നല്‍കരുതെന്ന നിര്‍ദ്ദേശവും വിമാനക്കമ്പനികള്‍ക്ക് ലഭിച്ചു. എന്നാല്‍, ഏത് വിധേനയും രാജ്യം വിടാനുള്ള ഓട്ടത്തിലാണ് റഷ്യക്കാരെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.