Ukraine War: കിഴക്കന്‍ യുക്രൈനില്‍ വളഞ്ഞിട്ട് പിടിച്ച് റഷ്യ; ആയുധങ്ങള്‍ക്കായി യുക്രൈന്‍

First Published | Jun 14, 2022, 11:59 AM IST

പോരാട്ടം തുടരുന്ന കിഴക്കൻ യുക്രൈന്‍ നഗരമായ സീവിയേറോഡൊനെറ്റ്‌സ്കിൽ (Sievierodonetsk) നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള അവസാന വഴികളും റഷ്യൻ സൈന്യം (Russian Armed Forces) വിച്ഛേദിച്ചതായി ഒരു യുക്രൈനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോൺബാസ് മേഖലയിൽ തങ്ങളുടെ ഏകപക്ഷീയമായ വിജയത്തിനാണ് റഷ്യന്‍ നീക്കമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലേക്കുള്ള അവസാന പാലവും റഷ്യന്‍സേന നശിപ്പിച്ചു. നഗരത്തില്‍ അവശേഷിക്കുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പോലും റഷ്യ അനുവദിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു.  സീവിയേറോഡൊനെറ്റ്‌സ്ക് നഗരത്തിന്‍റെ 70 ശതമാനവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലായി കഴിഞ്ഞതായി പ്രാദേശിക ഗവർണർ സെർജി ഗൈഡായി പറഞ്ഞു. കിഴക്കൻ ഡോൺബാസ് പ്രദേശത്തിനായുള്ള യുദ്ധത്തിന്‍റെയും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ ഗതിയെയും നിയന്ത്രിക്കാന്‍ കഴിയുന്ന സീവിയേറോഡൊനെറ്റ്സ്കിന്‍ നഗരത്തെ പ്രതിരോധത്തില്‍ സഹായിക്കുന്നതിനായി കൂടുതൽ പാശ്ചാത്യ ആയുധങ്ങൾ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോടും (European union) നാറ്റോയോടും (Nato) യുക്രൈന്‍ (Ukraine) ആവശ്യപ്പെട്ടു. 

കഴിഞ്ഞ ഫെബ്രുവരി 24 ന് തുടങ്ങിയ യുദ്ധം നാലാം മാസത്തിലേക്ക് കടന്നു. അധിനിവേശത്തിന്‍റെ ആദ്യഘട്ടത്തില്‍ യുക്രൈന്‍റെ വടക്ക് പടിഞ്ഞാറ് നിന്നാണ് റഷ്യ അക്രമിച്ച് തുടങ്ങിയത്. എന്നാല്‍, രണ്ട് മാസത്തോളം നീണ്ട ആ ആദ്യഘട്ടത്തില്‍ റഷ്യയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയ തിരിച്ചടികളുമുണ്ടായി.

ഇതേ തുടര്‍ന്ന് കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്ന് പറഞ്ഞ യുക്രൈന്‍റെ വടക്ക് പടിഞ്ഞാറ് നിന്ന് പിന്മാറിയ റഷ്യന്‍ സൈന്യം യുക്രൈന്‍റെ തെക്ക് കിഴക്കന്‍ പ്രദേശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 2014 ല്‍ യുക്രൈനില്‍ നിന്ന് കീഴടക്കിയ ക്രിമയന്‍ ഉപദ്വീപിലേക്ക് കരമാര്‍ഗ്ഗം ഒരു വഴിക്കായുള്ള റഷ്യയുടെ ശ്രമമാണിതെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 


കിഴക്കന്‍ മേഖലയിലെ ഡോണ്‍ബാസ് കേന്ദ്രീകരിച്ചായിരുന്നു റഷ്യ ആക്രമണം ശക്തിപ്പെടുത്തിയത്. ഇതിന് മുമ്പ് തന്നെ നിരന്തരമായ മിസൈല്‍ അക്രമണത്തിലൂടെ യുക്രൈന്‍റെ അസോള്‍വ് ബറ്റാലിയനെ മരിയുപോളില്‍ കീഴടക്കാനും റഷ്യന്‍ സൈന്യത്തിന് സാധിച്ചു. 

മരിയുപോളില്‍, അസോള്‍വ് സൈന്യം കീഴടക്കിയതോടെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യയ്ക്കെതിരെയുള്ള പ്രതിരോധത്തിന്‍റെ ശക്തി ക്ഷയിച്ചിരുന്നു. എങ്കിലും ഈ പ്രദേശങ്ങളില്‍ തങ്ങിയിരുന്ന സാധാരണക്കാര്‍ക്ക് നേരെ റഷ്യന്‍ സേന അക്രമണം അഴിച്ച് വിടുകയാണെന്ന പരാതികളും ഉയര്‍ന്നു.

പോരാട്ടം നാലാം മാസത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധം യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒന്നായി മാറുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്കി പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ യുദ്ധത്തിന്‍റെ വില വളരെ ഉയർന്നതാണ്. ഇത് ഭയാനകമാണ്. യുക്രൈന് ആവശ്യമായത്ര ആധുനിക പീരങ്കികൾ കൊണ്ട് മാത്രമേ നമ്മുടെ നേട്ടം ഉറപ്പാക്കാന്‍ പറ്റൂ. അദ്ദേഹം ആവര്‍ത്തിച്ചു.

2014 ലെ യുദ്ധത്തെ തുടര്‍ന്ന് റഷ്യ കഴിഞ്ഞ എട്ട് വര്‍ഷമായി കിഴക്കന്‍ യുക്രൈന്‍ പ്രദേശത്ത് വിഘടനവാദത്തിന് മുന്‍കൈയെടുക്കുകയാണെന്ന് യുക്രൈന്‍ ആരോപിച്ചിരുന്നു. യുക്രൈന്‍റെ കഴിക്കന്‍ മേഖലയായ ഡോണ്‍ബാസ് ഉള്‍പ്പെടുന്ന ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് എന്നീ പ്രവിശ്യകളില്‍ സാന്നിധ്യം അറിയിച്ചിരുന്ന റഷ്യന്‍ വിഘടനവാദികള്‍ ഇപ്പോള്‍ ഈ പ്രദേശങ്ങളുടെ അവകാശം തങ്ങള്‍ക്കാണെന്ന് പ്രഖ്യാപിച്ചിരുന്നു. 

പ്രദേശത്തെ വിഘടനവാദി മേഖലകളിലൊന്നിന്‍റെ നേതാവ് മോസ്കോയിൽ നിന്ന് അധിക സേന ആവശ്യപ്പെട്ടതിന് ശേഷം റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത്, ഡൊണെറ്റ്‌സ്കിനെയും ലുഹാൻസ്കിനെയും സംരക്ഷിക്കുകയാണ് റഷ്യയുടെ പ്രധാന ലക്ഷ്യമെന്നാണ്. 

ആധുനീക ആയുധങ്ങൾക്കൊപ്പം 1,000 ഹോവിറ്റ്‌സറുകളും 500 ടാങ്കുകളും 1,000 ഡ്രോണുകളും യുക്രൈയ്‌നിന് ആവശ്യമാണെന്ന് പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മൈഖൈലോ പൊഡോലിയാക് തിങ്കളാഴ്ചയും ആവശ്യപ്പെട്ടു. യു.എസിന്‍റെയും യൂറോപ്യൻ യൂണിയന്‍റെയും നിരവധി ആയുധങ്ങളും ഉപകരണങ്ങളും നശിപ്പിച്ചതായി അടുത്തിടെ റഷ്യ നിരവധി റിപ്പോർട്ടുകൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുക്രൈന്‍റെ ആവശ്യം. 

ഡൊനെറ്റ്‌സ്കിന് വടക്കുപടിഞ്ഞാറൻ നഗരമായ ഉദാച്‌നെ റെയിൽവേ സ്റ്റേഷന് സമീപത്ത് യുക്രൈന്‍ സേനയ്ക്ക് എത്തിച്ചുകൊടുത്ത സൈനിക ഉപകരണങ്ങള്‍ മിസൈലുപയോഗിച്ച് നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ആയുധങ്ങള്‍ നഷ്ടപ്പെട്ടോയെന്ന് വ്യക്തമാക്കാതെ അക്രമണം നടന്നതായി മാത്രം യുക്രൈന്‍റെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അറിയിപ്പിലും പറയുന്നു. 

യുക്രൈന് ആയുധങ്ങള്‍ നല്‍കിയതിന് യുഎസിനെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും റഷ്യ വിമര്‍ശിച്ചു. പുതിയ ദീർഘദൂര മിസൈലുകൾ യുക്രൈന് നൽകിയാൽ തങ്ങള്‍ യുക്രൈനിലെ പുതിയ ലക്ഷ്യങ്ങൾ ആക്രമിക്കുമെന്നും റഷ്യ ഭീഷണിപ്പെടുത്തി.  

ഇതിനിടെ യുക്രൈന്‍റെ ആവശ്യപ്രകാരം യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ പദവി ഔദ്യോഗികമായി നല്‍കാന്‍ യുറോപ്യന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് പോളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍, യുക്രൈന്‍റെ അഭ്യര്‍ത്ഥനയെ കുറിച്ചുള്ള യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവിന്‍റെ അഭിപ്രായം ഈ ആഴ്ച അവസാനത്തോടെ അറിയിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. 

ഇതിനിടെ സീവിയേറോഡൊനെറ്റ്സ്കിൽ പ്രതിരോധിത്തിലുള്ള യുക്രൈന്‍ സൈനികര്‍ക്ക് മരിയുപോളിലെ സൈനികരുടെ വിധിയാകുമെന്ന് റഷ്യന്‍ അനുകൂല വിഘടനവാദി വക്താവ് എഡ്വേർഡ് ബസൂരി അഭിപ്രായപ്പെട്ടതായി റഷ്യയുടെ ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കീഴടക്കുകയോ മരിക്കുകയോ എന്നതാണ് അവരെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ മാസം റഷ്യന്‍ സേനയ്ക്ക് മുന്നില്‍ മരിയുപോളിന്‍റെ പതനം പൂര്‍ണ്ണമാകുമ്പോള്‍ നൂറുകണക്കിന് സാധാരണക്കാരും ഗുരുതരമായി പരിക്കേറ്റ യുക്രൈന്‍ സൈനികരും ആഴ്ചകളോളം വെള്ളവും ഭക്ഷണവുമില്ലാതെ ഉപേക്ഷിക്കപ്പെട്ട അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്‍റില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. 

സാഹചര്യം മരിയുപോളിനെപ്പോലെയാകാൻ സാധ്യതയുണ്ടെന്നും റഷ്യന്‍ സേന സീവിയേറോഡൊനെറ്റ്സ്കി വളഞ്ഞിരിക്കുകയാണെന്നും സീവിയേറോഡൊനെറ്റ്‌സ്കിൽ സേനയുണ്ടായിരുന്ന ഇന്‍റർനാഷണൽ ലെജിയൻ ഫോർ ദി ഡിഫൻസ് ഓഫ് യുക്രൈയ്‌നിന്‍റെ വക്താവ് ഡാമിയൻ മാഗ്രൂ പറഞ്ഞു. 

യുദ്ധം നൂറ്റിപതിനൊന്നാം ദിവസത്തിലൂടെ കടന്ന് പോകുമ്പോള്‍ യുക്രൈന്‍, ഡനിപ്രോ (Dnipro River)നദിക്ക് കിഴക്കുള്ള തങ്ങളുടെ ഭൂപ്രദേശത്തെ സംരക്ഷിക്കാന്‍ കഷ്ടപ്പെടുകയാണ്. യുക്രൈനും നാറ്റോയും യൂറോപ്യന്‍ യൂണിയനും റഷ്യയുടെ നടപടിയെ അടിസ്ഥാന രഹിതമായ അധിനിവേശം എന്ന് വിശേഷിപ്പിക്കുമ്പോള്‍, നവനാസികളില്‍ നിന്നും യുക്രൈന്‍ ജനതയെ രക്ഷിക്കാനുള്ള പ്രത്യേക സൈനിക നടപടി എന്നാണ് പുടിന്‍റെ തന്‍റെ സേനയുടെ നീക്കത്തെ വിശേഷിപ്പിക്കുന്നത്. 

ആയിരക്കണക്കിന് സാധാരണക്കാര്‍ ഇതിനകം കൊല്ലപ്പെട്ട യുദ്ധത്തെ തുടര്‍ന്ന്  5 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു കഴിഞ്ഞു. യൂറോപ്പിൽ യുദ്ധത്തെ കുറിച്ചുള്ള ആശങ്കകള്‍ വ്യാപകമായി ഉയരുകയും യുക്രൈന് പിന്നാലെ ഫിന്‍ലാന്‍റും സ്വീഡനും നാറ്റോ സഖ്യ രാജ്യങ്ങളാകാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നുകഴിഞ്ഞു. 

യുദ്ധം നാലാം മാസത്തിലേക്ക് കടന്നതോടെ ലോകത്ത് ഭക്ഷ്യ-ഊർജ്ജ പ്രതിസന്ധി ശക്തമായി. കരിങ്കടലില്‍ റഷ്യ ആക്രമണം ശക്തമാക്കിയതോടെ യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി കുറഞ്ഞു. റഷ്യയുടെ ഏകപക്ഷീയമായ യുദ്ധത്തെ തുടര്‍ന്ന് നാറ്റോയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്ന് റഷ്യയുടെ കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. 

യുക്രൈനും റഷ്യയുമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ എന്നുകൂടി മനസിലാക്കുമ്പോഴാണ് ഭക്ഷ്യ ക്ഷാമത്തിന്‍റഎ ഭീകരത മനസിലാകൂ. യുക്രൈനിലെ മരിങ്ക, ക്രാസ്‌നോറിവ്‌ക, വുഹ്‌ലേദാർ പട്ടണങ്ങൾ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന ബെൽറ്റിലും അവ്ദിവ്കയിൽ ഒരു വലിയ കോക്കിംഗ് പ്ലാന്‍റും റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. 

കല്‍ക്കരി, സ്റ്റീല്‍, മറ്റ് അസംസ്കൃത ലോഹങ്ങള്‍, പ്രകൃതിവാതക എണ്ണ, എന്നിങ്ങനെയുള്ള നിരവധി വ്യാപാരമേഖലയിലും ലോകവിപണി കൂപ്പുകുത്തി. റഷ്യയില്‍ നിന്ന് എണ്ണവാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ പോലും യുറോപ്പ് രണ്ട് തട്ടിലായി. ഇതിനിടെ തങ്ങളുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതാനായി ലിത്വാനിയ ഫ്രാൻസിൽ നിന്ന് 18 ഹോവിറ്റ്‌സർ വാങ്ങാൻ തീരുമാനിച്ചു. 

യൂറോപ്യൻ യൂണിയനും നാറ്റോ അംഗവുമായ ലിത്വാനിയ 2022-ലെ പ്രതിരോധ ബജറ്റിലേക്ക് 300 മില്യൺ യൂറോ (312 മില്യൺ ഡോളർ) കൂടി നിക്ഷേപിക്കുമെന്ന് അറിയിച്ചു. ഫ്രാൻസിൽ നിന്ന് ലിത്വാനിയ 18 സീസർ മാർക്റ്റിഐ ഹോവിറ്റ്സർ വാങ്ങുമെന്ന് ലിത്വാനിയൻ പ്രതിരോധ മന്ത്രി അർവിദാസ് അനുസാസ്കാസും വ്യക്തമാക്കി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം യൂറോപില്‍ വീണ്ടും രാജ്യങ്ങള്‍ തമ്മിലുള്ള ആയുധക്കച്ചവടം സജീവമാകാനുള്ള സാധ്യതയും തെളിഞ്ഞു. 

Latest Videos

click me!