ദില്ലി ജയ്പൂര്‍ ദേശീയ പാതയും ദില്ലി ആഗ്ര എക്സ്പ്രസ് പാതയും ഇന്ന് ഉച്ച മുതല്‍ അടയ്ക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈ അതിര്‍ത്തികളിലേക്ക് ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഇന്ന് രാവിലെ മുതല്‍ എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ മുതല്‍ ഈ രണ്ട് പാതകളും കര്‍ഷകര്‍ പൂര്‍ണ്ണമായും അടയ്ക്കുന്നതോടെ ദില്ലിയിലേക്കുള്ള എല്ലാ പാതകളും കര്‍ഷകര്‍ അടയ്ക്കും. ഇതോടെ ദില്ലിയിലേക്കും ദില്ലിക്ക് പുറത്തേക്കുമുള്ള സഞ്ചാരം നിലയ്ക്കും. കര്‍ഷക സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ ദില്ലി വളഞ്ഞ് കേന്ദ്രസര്‍ക്കാറിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്ന നിയമം കര്‍ഷകര്‍ അംഗീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ദില്ലിയിലേക്കുള്ള ജയ്പ്പൂര്‍, ആഗ്ര പാതകൾ കൂടി ഉപരോധിക്കാനുള്ള സമരം ഇന്ന് മുതൽ തുടങ്ങി. രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഉച്ച മുതല്‍ ദേശീയപാതകൾ ലക്ഷ്യം വെച്ച് നീങ്ങുകയാണ്. അതോടൊപ്പം ട്രെയിൻ തടയൽ സമരവും ഇന്ന് മുതൽ തുടങ്ങി. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനും കര്‍ഷകര്‍ ആഹ്വാനം ചെയ്തു.
പ്രക്ഷോഭം ശക്തമാകുന്നതിനിടെ കാർഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്രം വീണ്ടും ആവർത്തിച്ചു. ചില ശക്തികൾ കർഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാൻ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു.
രാജ്യത്തിന്‍റെ പരമാധികാരം ഉൾപ്പടെ ചോദ്യം ചെയ്യുന്നവർ കർഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് മാവോയിസ്റ്റ് ശക്തികൾ കർഷക സമരത്തിൽ നുഴഞ്ഞു കയറിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ആരോപിച്ചു.
കർഷക പ്രക്ഷോഭം പതിനേഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. പഞ്ചാബിൽ നിന്ന് കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 150 ലധികം വാഹനങ്ങളിലാണ് കർഷകർ ദില്ലിയിലേക്ക് തിരിച്ചത്. ഇതിനിടെ ഭാരതീയ കിസാന്‍ യൂണിയന്‍ കാര്‍ഷിക നിയമത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അന്തകനാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ഹര്‍ജിയില്‍ ആരോപിച്ചു.
ജനജീവിതത്തെ സമരം സാരമായി ബാധിച്ചിരിക്കുകയാണെന്നും സമരം അവസാനിപ്പിക്കണമെന്നും ഇന്നലെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ മാത്രമാണെന്നും നിയമങ്ങൾ പിൻവലിച്ചാൽ ഉടൻ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷക സംഘടനകൾ വ്യക്തമാക്കി. അതേസമയം, ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കർഷക സംഘടനകൾ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് അറിയിച്ചു. ഇന്ന് മുതൽ സത്യാഗ്രഹം സമരം തുടങ്ങുമെന്നാണ് അറിയിച്ചത്.
സംസ്ഥാനതലത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം. കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്തെത്തി. പുതിയ നിയമങ്ങളോടെ രാജ്യത്തെ കർഷകർ ശക്തിപ്പെടുമ്പോൾ രാജ്യം വികസിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിക്കി സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടിയെന്ന് മോദി അവകാശപ്പെട്ടു. കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ പുതിയ നിയമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നും പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. പുതിയ നിയമം കർഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കുമെന്നും. കാര്‍ഷിക മേഖലകളില്‍ കൂടുതൽ നിക്ഷേപം വേണമെന്നും മോദി പറഞ്ഞു. ഇതിലൂടെ കർഷകരുടെ ലാഭം ഉയരുമെന്നും മോദി അവകാശപ്പെട്ടു.
ഇതിനിടെ കര്‍ഷക പ്രക്ഷോഭത്തിന് രാജ്യത്തിനകത്തും പുറത്തും കൂടുതല്‍ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി കായിക താരങ്ങളും സിനിമാ താരങ്ങളും കര്‍ഷകരുടെ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അവധാനതയോടെ പരിഗണിക്കണെന്നാവശ്യപ്പെട്ടു.
ദില്ലിയിൽ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ദുരിതത്തില്‍ അതിയായ വേദനയുണ്ടെന്ന് നടന്‍ ധര്‍മേന്ദ്ര ആവര്‍ത്തിച്ചു. ഇത് രണ്ടാം തവണയാണ് ധര്‍മേന്ദ്ര കര്‍ഷകരെ പിന്തുണച്ചു രംഗത്തുവരുന്നത്. നേരത്തെ കര്‍ഷകരെ പിന്തുണച്ച് ചെയ്ത ട്വീറ്റ് ധര്‍മേന്ദ്ര ഡിലീറ്റ് ചെയ്തത് വിവാദത്തിന് വഴിവച്ചിരുന്നു.
''കര്‍ഷക സഹോദരങ്ങളുടെ ദുരിതത്തില്‍ അതിയായി വേദനിക്കുന്നു. സര്‍ക്കാര്‍ എന്തെങ്കിലും വേഗം ചെയ്‌തേ പറ്റൂ''- എന്നാണ് ധര്‍മേന്ദ്രയുടെ പുതിയ ട്വീറ്റ്. വിവിധ മേഖലകളിൽ നിന്നും നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തുന്നത്.ഋതേഷ് ദേശ്മുഖ് ചലച്ചിത്ര പ്രവര്‍ത്തകരായ ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ എന്നിവരും കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചിരുന്നു. നേരത്തെ ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപ ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ് സംഭാവന നല്‍കിയിരുന്നു. അതേസമയം, കര്‍ഷക പ്രക്ഷോഭം പതിനേഴാം ദിവസം പൂര്‍ത്തിയാക്കുകയാണ്.
ഇതിനിടെ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുനയ നീക്കങ്ങൾ തള്ളി കർഷകർ സമരത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ പ്രഖ്യാപനം.താങ്ങുവില സമ്പ്രദായം റദ്ദാക്കില്ലെന്ന കേന്ദ്രത്തിന്റെ രേഖാമൂലമുള്ള ഉറപ്പ് കർഷകർ നിരസിക്കുകയും വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മിനിമം താങ്ങുവില കർഷകർക്ക് ഉറപ്പാക്കണമെന്ന് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധിക്കുന്ന കർഷകർക്ക് കേന്ദ്രസർക്കാർ നൽകിയ രേഖാമൂലമുള്ള നിർദ്ദേശങ്ങളിൽ എംഎസ്പികൾക്കുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു. താൻ അധികാരത്തിലിരിക്കുന്നിടത്തോളം കാലം കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നതിന് പ്രവർത്തിക്കും.വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ജനായക് ജനതാ പാർട്ടി നേതാവാണ് ദുഷ്യന്ത് ചൗട്ടാല. ജെജെപി ബിജെപിയുമായി ചേർന്നാണ് ഹരിയാനയിൽ സർക്കാർ രൂപീകരിച്ചിരിക്കുന്നത്
ഇതിനിടെ കര്‍ഷകര്‍ രാജ്യത്തിന്‍റെ ജീവരക്തമാണെന്ന് ക്രിക്കറ്റ് താരം യുവരാജ് സിംഗ് അഭിപ്രായപ്പെട്ടു. തന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് യുവരാജ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഉടന്‍ പരിഹാരം ഉണ്ടാകാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തൂ. സമാധാനപരമായ ചര്‍ച്ചകളിലൂടെ ഏത് പ്രശ്നവും പരിഹരിക്കാന്‍ കഴിയുമെന്നും യുവരാജ് അഭിപ്രായപ്പെട്ടു.
അതേ സമയം കര്‍ഷക സമരത്തെ പിന്തുണച്ച് യുവരാജിന്‍റെ പിതാവ് യോഗ് രാജ് സിംഗ് നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇവയെ തള്ളിപ്പറഞ്ഞ യുവരാജ് ഇത്തരം പ്രസ്താവന ഞെട്ടലുണ്ടാക്കിയെന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ വ്യക്തപരമാണെന്നും, അത് തന്‍റെ ആശയത്തിന് യോജിക്കുന്നതല്ലെന്നും യുവരാജ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് കര്‍ഷക സമരത്തെ പിന്തുണച്ചുള്ള പ്രസംഗത്തില്‍ മുന്‍ ഇന്ത്യന്‍ താരവും നടനുമായ യോഗ് രാജ് സിംഗ് സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയത്. ഇത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് യോഗ് രാജിനെ തന്‍റെ ചിത്രമായ 'കശ്മീര്‍ ഫയല്‍സില്‍' നിന്നും നീക്കം ചെയ്തുവെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിന്‍റെ പ്രസ്താവനകളെ തള്ളി യുവരാജ് രംഗത്ത് എത്തിയത്.