ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും സുപ്രധാനപ്പെട്ട സിനിമയാണിതെന്ന് പറയുന്നതില്‍ തെറ്റില്ല. അത്രയ്ക്കുണ്ട് രേഖാചിത്രം മലയാള പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഇംപാക്ട്. കഴിഞ്ഞ ദിവസമായിരുന്നു രേഖാചിത്രം റിലീസ് ചെയ്തത്. പിന്നാലെ മമ്മൂട്ടിയും കാതോട് കാതോരം എന്ന സിനിമയും ചര്‍ച്ചയാകുകയാണ്.
സിനിമ റിലീസായതിന് പിന്നാലെ രേഖയും മമ്മൂട്ടി ചേട്ടനും തന്നെ സോഷ്യല്‍ ലോകത്തെ ചര്‍ച്ചയും. കഴിഞ്ഞ ദിവസം രേഖാചിത്രം ടീം മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. മമ്മൂട്ടിയും ഫോട്ടോകള്‍ പങ്കിട്ടു. 'പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന്..ഒരു ആസിഫ് അലി ചിത്രം', എന്നാണ് ആസിഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അനശ്വര രാജന്‍ അടക്കമുള്ളവരും 'മമ്മൂട്ടി ചേട്ടൻ' എന്ന് കുറിച്ച് പോസ്റ്റുകള്‍ പങ്കിട്ടുണ്ട്. 'രേഖാചിത്രം ടീമിനൊപ്പം, സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ', എന്നാണ് ഫോട്ടോകള്‍ പങ്കിട്ട് മമ്മൂട്ടി കുറിച്ചത്. ഫോട്ടോകള്‍ ഇതിനോടകം ട്രെന്‍റിംഗ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
'പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന്; ഒത്തിരി സ്നേഹത്തോടെ അനുജത്തി രേഖ പത്രോസ്', എന്നാണ് അനശ്വര രാജൻ കുറിച്ചത്. ഇതിനിടയിൽ സിനിമ ഇഷ്ടമായെന്നും എന്നാൽ മമ്മൂട്ടി ചേട്ടൻ വേണ്ട മമ്മൂക്ക മതിയെന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
അതേസമയം, ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഹിറ്റ് ആകും രേഖാചിത്രം എന്ന കാര്യത്തിൽ തർക്കമില്ല. രേഖാചിത്രത്തിന്റെ തിരക്കഥയെയും മേക്കിങ്ങിനെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തികച്ചും പുതുമ നിറഞ്ഞ ഒരു എക്സ്പീരിയൻസാണ് ചിത്രം മലയാളികൾക്ക് സമ്മാനിച്ചത്.
ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം. കഥ, മേക്കിങ്, പെർഫോമൻസ് എല്ലാം കൊണ്ട് രേഖാചിത്രം മികച്ചു നിൽക്കുന്നു. അനശ്വര രാജൻ നായികയായി എത്തിയ ചിത്രത്തിൽ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ തുടങ്ങി വൻ താരനിരകൾ അണിനിരന്നിരുന്നു.