Punjab poll: നാളെ പഞ്ചാബ് തെരഞ്ഞെടുപ്പ്; ചതുഷ്ക്കോണ മത്സരത്തില്‍ ആര് വീഴും ആര് വാഴും ?

First Published | Feb 19, 2022, 2:36 PM IST

ഞ്ച് നദികൾ (Five Rivers) കൊണ്ട് സമ്പന്നമായ നാടാണ് പഞ്ചാബ് (Panjab). ബിയാസ് (Beas River), രവി (Ravi River), സത്‌ലജ് (Sutlej River), ചെനാബ് (Chenab River), ഝലം (Jhelum River) എന്നി നദികൾ പഞ്ചാബിന് നൽകിയത് ഫലഭൂവിഷ്ടമായ മണ്ണ്. 1947 ൽ പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയിൽ പഞ്ചാബും വെട്ടിമുറിക്കപ്പെട്ടു. പിന്നീട് 1966 ല്‍ പഞ്ചാബിനെ വീണ്ടും മുറിച്ച് ഹരിയാന രൂപം കൊണ്ടു. അതോടെ ഇന്ന് കാണുന്ന പഞ്ചാബിന്‍റെ ചരിത്രം തുടങ്ങുന്നു.  117 സീറ്റുളുള്ള പഞ്ചാബ് തരംതിരിക്കപ്പെട്ടിരിക്കുന്നത് മൂന്ന് മേഖലകളിലായിട്ടാണ്. മാല്‍വ, മാഝാ, ദോബാ എന്നിങ്ങനെയാണ് ആ തരംതിരിവ്.  ഭാഷശൈലി മുതൽ രുചികളിൽ വേറെയുണ്ട് ഈ മാറ്റം. സിഖുകാരെന്ന ഒറ്റ സ്വത്വത്തിലാണ് പുറമേയ്ക്ക് അറിയപ്പെടുന്നതെങ്കിലും പഞ്ചാബിലും വൈവിധ്യങ്ങള്‍ ശ്രദ്ധേയമാണ്. 16-ാം നിയമസഭയിലേക്ക് 117 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായുള്ള 2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ (20.2.2022) നടക്കും. വോട്ടുകൾ എണ്ണി 2022 മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏവരും ഉറ്റുനോക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ഇത്തവണ പഞ്ചാബില്‍ നടക്കുന്നത്. പഞ്ചാബില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ധനേഷ് രവീന്ദ്രന്‍, ചിത്രങ്ങള്‍ പകര്‍ത്തിയത് ദീപു എം നായര്‍. 

ദോബയിൽ എത്തിയാൽ 'ബാജി' വിളി കേൾക്കാം, മാഝായിൽ എത്തിയാൽ 'ബാജി വീരെ'യാകും, അതും കടന്ന് മാൽവയിൽ എത്തിയാൽ വിളി വീണ്ടും 'ബായിജി'യാകും. മേഖലകളിൽ ശക്തമായത് മാൽവ. പ്രധാന നേതാക്കളായ പ്രകാശ് സിങ് ബാദല്‍, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഇപ്പോഴത്തെ മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി, ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് സിങ് മാന്‍ തുടങ്ങിയവരെല്ലാം മാല്‍വാ ദേശക്കാരാണ്. 

പഞ്ചാബിന്‍റെ രാഷ്ട്രീയചക്രം തിരിക്കുന്നത് തന്നെ മാൽവയാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. 69 മണ്ഡലങ്ങളാണ് മാല്‍വയില്‍ നിന്നുള്ളത്. സിഖ് സാമുദായിക രാഷ്ട്രീയത്തിന്‍റെ കേന്ദ്രമായ മാഝായില്‍ 25 മണ്ഡലങ്ങളാണുള്ളത്. അകാലിദളിന്‍റെ ശക്തികേന്ദ്രമായ രണ്ട് നദികള്‍ക്കിടയിലെ സ്ഥലമെന്ന് അര്‍ഥമുള്ള ദോബയില്‍ 23 മണ്ഡലങ്ങളാണ് തെരഞ്ഞെടുപ്പിനായി മത്സരരംഗത്തുള്ളത്. അങ്ങനെ അഞ്ച് പുഴകളടങ്ങിയ പഞ്ചാബിനെ തരംതിരിക്കുന്ന രാഷ്ട്രീയമേഖലകളായി മാല്‍വയും മാഝായും ദോബയും മാറുന്നു. 


കോണ്‍ഗ്രസും ഛന്നിയും 

ദേശീയ രാഷ്ട്രീയത്തിലടക്കം പ്രധാനമാണ് കോൺഗ്രസിന് പഞ്ചാബിൽ ഭരണം നിലനിർത്തുകയെന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ഹൈക്കമാൻഡിനെ  വെല്ലുവിളിച്ച് പുറത്തുപോയ ക്യാപ്റ്റൻ അമരീന്ദ്രർ സിങ്ങിന് മറുപടി നൽകാൻ കൂടി കോൺഗ്രസിന് ഭരണത്തിൽ തിരികെ എത്തണം. ഇതോടെ പതിവിന് വ്യത്യസ്തമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പോരാട്ടം കൊഴുപ്പിക്കുന്നത്. 

പിസിസി അധ്യക്ഷൻ നവജ്യോത് സിങ്ങ സിദ്ദു ഉയർത്തിയ എതിർപ്പുകളെയും താൽകാലികമായി ഒതുക്കി നിർത്താൻ കോൺഗ്രസിനായി. ദളിത് മുഖം മുന്നോട്ട് വച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് വഴി സംസ്ഥാനത്ത് 32 ശതമാനം വരുന്ന ദളിത് വോട്ട് തങ്ങളുടെ പാളയത്തിലെത്തുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. 

ചുരുങ്ങിക്കാലം കൊണ്ട് മികച്ച് പ്രവർത്തനം നടത്തിയെന്നതാണ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. മാത്രമല്ല എഎപി ഉയർത്തുന്ന മത്സരത്തിന് തടയിടാൻ ചന്നിക്ക് കഴിയുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നു. ചംകോർ സാഹിബ് കൂടാതെ ബദൌറിൽ നിന്നും ഛന്നി ജനവിധി തേടുന്നുണ്ട്. സ്വന്തം തട്ടകമായ ചംകോർ സാഹിബിൽ 2007 മുതൽ എംഎൽഎയാണ് ഛന്നി. 

(നവീകരിച്ച ജാലിയന്‍ വാലാഭാഗ് )

കഴിഞ്ഞ തവണ ആംആദ്മി സ്ഥാനാർത്ഥിയായ ഡോ.ചരൺജിത്ത്, ഛന്നിയെ 12,308 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽപിച്ചത്. ആംആദ്മി പാർട്ടിയുടെ ഈറ്റില്ലമായ സംഗരൂർ പാർലമെന്‍റ് മണ്ഡലത്തിലെ ബദൌറിൽ ഛന്നിയെ സ്ഥാനാർത്ഥിയാക്കിയതോടെ കോൺഗ്രസിന്‍റെ ലക്ഷ്യം വ്യക്തമാണ്. എന്നാൽ ഭരണവിരുദ്ധവികാരവും പാർട്ടിക്കുള്ളിലെ ഭിന്നിപ്പും കോൺഗ്രസിന് തലവേദനയാകുന്നുണ്ട്. ശക്തമായ പ്രചാരണം വഴി ഇത് മറികടക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ വിശ്വാസം. 

ആം ആദ്മി 

ദില്ലിയിൽ ആംആദ്മി പാർട്ടിയുടെ മുന്നേറ്റക്കാലത്ത് തന്നെയാണ് പഞ്ചാബിലും പാർട്ടിക്ക് വളക്കൂറുണ്ടാകുന്നത്. 2014 നാല് എംപിമാരെയാണ് പഞ്ചാബ് എഎപിക്ക് നൽകിയത്. പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ 20 എംഎൽഎമാരെയും ജയിപ്പിച്ചു.  എന്നാൽ, ഇതിൽ ഏട്ട് പേർ പിന്നീട് കോൺഗ്രസിനൊപ്പം ചേക്കേറി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് നേടാനായതെങ്കിലും താഴെ തട്ടിൽ പാർട്ടിക്ക് വലിയ വളർച്ച നേടാനായി. 

ഭഗവന്ത് മാൻ എന്ന നേതാവിന് ചുറ്റും പാർട്ടി പന്തലിച്ചു. ഒപ്പം ദില്ലിയിലെ സിഖ് സമുദായത്തിന്‍റെ പിന്തുണയും പഞ്ചാബിൽ വലിയ ഘടകമായി. അനുകൂല ഘടങ്ങള്‍ ഒത്തുവച്ച് ഈക്കുറി ഭരണം പിടിക്കുക മാത്രമാണ് എഎപിക്ക് മുന്നിലുള്ള ലക്ഷ്യം.

ദില്ലി മോഡൽ  വികസനമെന്ന വാഗ്ദാനം ഉയർത്തിയാണ് ആംആദ്മി പാർട്ടിയുടെ പ്രചാരണം. ഒപ്പം ഭഗവന്ത് മാൻ എന്ന നേതാവിനെ ഉയർത്തിക്കാട്ടി അഴിമതി വിരുദ്ധഭരണവും വാഗ്ദാനം ചെയ്യുന്നു. അഭിപ്രായ സർവേകളിൽ മുൻതൂക്കമുള്ളത് പാർട്ടിക്ക് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഗ്രാമങ്ങളിൽ അടക്കം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താനുമായിട്ടുണ്ട്. 

മികച്ച വിദ്യാഭ്യാസം, അഴിമതിരഹിത ഭരണം, കുറഞ്ഞ ചെലവിൽ വൈദ്യൂതി, സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ അടക്കം വമ്പൻ വാഗ്ദാനങ്ങളാണ് എഎപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. സാധാരണക്കാരിൽ സ്വാധീനം ചെലുത്താൻ ഈ പ്രഖ്യാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 80 സീറ്റുകൾ വരെ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പാർട്ടി പങ്കുവെക്കുന്നത്.

ജാട്ട് സിഖ് സമുദായ അംഗമായ ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ മാൽവ മേഖയിലെ ഭൂരിപക്ഷ സീറ്റുകളാണ് ആംആദ്മി പാർട്ടി ലക്ഷ്യമിട്ടുന്നത്. ദളിത് മുഖം മുൻനിർത്തി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഉപമുഖ്യമന്ത്രി സ്ഥാനം ദളിത് വിഭാഗത്തിന് നൽകുമെന്ന് പാർട്ടി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത് ജാതി സമവാക്യങ്ങൾ ഉറപ്പാക്കാനാകുമെന്നും കണക്ക് കൂട്ടുന്നു. 

ഈ തെരഞ്ഞെടുപ്പിൽ എഎപി വലിയ നേട്ടം കൊയ്യുമെന്ന് സർവേകൾ പറയുമ്പോഴും പല മണ്ഡലങ്ങളിലും ശക്തരായ സ്ഥാനർത്ഥികൾ ഇല്ലെന്നത് ആംആദ്നി പാർട്ടിക്ക് പ്രതിസന്ധിയാണ്. പല സ്ഥാനാർത്ഥികളും പുതുമുഖങ്ങളാണ്. അകാലിദളിന്‍റെയും കോൺഗ്രസിന്‍റെയും ശക്തകേന്ദ്രങ്ങളിൽ അട്ടിമറിക്ക് സാധ്യത കൽപിക്കുന്ന സ്ഥാനാർത്ഥികളും പാര്‍ട്ടിക്കില്ലെന്നതാണ് ഏറ്റവും വലിയ ന്യൂനത. അതിനാൽ കേന്ദ്രീകൃതമായി പാർട്ടിക്ക് കിട്ടുന്ന പിന്തുണ എല്ലാ മണ്ഡലങ്ങളിലും ചൂലിന് വോട്ടാകുമെന്ന് ഉറപ്പാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. 

ശിരോമണി അകാലിദള്‍ 

നിലനിൽപ്പിന്‍റെ പോരാട്ടമാണ് ശിരോമണി അകാലിദളിന് ഈക്കുറി. കോൺഗ്രസും ആംആദ്മി പാർട്ടിയും ഉയർത്തുന്ന വെല്ലുവിളി അകാലിദളിന് മറികടന്നേ മതിയാകൂ. അതുകൊണ്ട് തന്നെ സർവസന്നാഹങ്ങളും പുറത്തിറക്കിയാണ് പോരാട്ടം. 94 വയസുള്ള പാർട്ടിയുടെ സമുന്നത നേതാവ് പ്രകാശ് സിങ്ങ് ബാദലും മത്സരത്തിനുണ്ട്. ശക്തികേന്ദ്രമായ ലാംബിയിലാണ് അദ്ദേഹം മത്സരിക്കുന്നത്. സുഖ്ബീർ സിങ്ങും  മത്സരത്തിനുണ്ട്. 

എന്നാൽ അകാലിദളിന്‍റെ താരപ്പോരാട്ടം നടക്കുന്നത് അമൃത്സർ ഈസ്റ്റിലാണ്. ബിക്രം മജീതിയ എന്ന അവരുടെ ശക്തനെ നവജ്യോത് സിങ്ങ് സിദ്ദുവിനെതിരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അമൃത്സർ ഈസ്റ്റിൽ നിന്ന് സിദ്ദു നിയമസഭയിൽ എത്തരുതെന്ന വാശികൂടി ഈ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനുണ്ട്. ദളിത് വോട്ടുകൾ ഏകീകരിക്കാൻ ബിഎസ്പിയുമായി ചേർന്നൊരു പരീക്ഷണം കൂടി അകാലിദൾ ഈക്കുറി നടത്തുന്നു.

മോദി റാലി

കർഷകസമരം പഞ്ചാബിലെ രാഷ്ട്രീയ സഖ്യങ്ങളെ മാറ്റിമറിച്ചതോടെ പ്രശ്നത്തിലായത് ബിജെപിയാണ്. വർഷങ്ങളായി സഖ്യസ്ഥാനത്തുള്ള ശിരോമണി അകാലിദൾ സഖ്യം വിട്ടു. ഇതോടെ പഞ്ചാബിൽ ബിജെപി ഒറ്റപ്പെട്ടു. കർഷകർ ബിജെപി നേതാക്കളെ അടക്കം വഴിയിൽ തടയുന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തി. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം പഞ്ചാബില്‍ ബിജെപിയുടെ നടുവൊടിച്ചു. 

ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദ്രർ സിങ്ങിന്‍റെ പുറത്ത് പോക്ക്. ക്യാപ്റ്റനെ തങ്ങളുടെ പാളയത്തിലെത്തിച്ച് പിടിച്ച് നില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് ബിജെപി. 'പഞ്ചാബ് ലോക് കോൺഗ്രസ്' എന്ന ക്യാപ്റ്റന്‍റെ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിലും കാര്യമായ മുന്നേറ്റം തെരഞ്ഞെടുപ്പ് രംഗത്തുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് വലിയ വീഴ്ചയായി നില്‍ക്കുന്നു. 

കർഷകസമരവും തുടർവിഷയങ്ങളും നിയമങ്ങൾ പിൻവലിച്ചതോടെ പഞ്ചാബിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ബിജെപി പോലും പഞ്ചാബില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പറയേണ്ടിവരും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ച്ച പ്രചാരണങ്ങൾ വലിയ വിഷയമാക്കി ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉയർത്തിക്കാട്ടിയിരുന്നു. ഒപ്പം തെരഞ്ഞെടുപ്പിന്‍റെ അവസാനദിവസങ്ങൾ പ്രധാനമന്ത്രി മോദി പഞ്ചാബിലെ മൂന്നിടങ്ങളിൽ നടത്തിയ റാലിയും പ്രവർത്തകർക്ക് അത്മവിശ്വാസം നൽകുന്നു.
 

Latest Videos

click me!