MT Vasudevan Nair Birthday 2022 : പല കാലങ്ങളില്‍ എംടി, രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ എംടിയെ കണ്ട വിധം

First Published | Jul 15, 2022, 5:19 PM IST

നവതിയിലേക്ക് കാലൂന്നുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. അതെ, എഴുത്തിന്റെ പെരുന്തച്ചന്‍ എം ടി വാസുദേവന്‍നായര്‍ക്ക് ഇന്ന് 89 വയസ്സ് തികയുന്നു. സാര്‍ത്ഥകമായിരുന്നു ആ നീണ്ട 89 വര്‍ഷങ്ങള്‍. എഴുത്തു കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ചുതുടങ്ങിയ നാള്‍ മുതല്‍, നമ്മുടെ അനേക കാലങ്ങളെ അദ്ദേഹം അടയാളപ്പെടുത്തുന്നു. എത്രയോ തലമുറകള്‍ എംടിയെ വായിച്ചു വളര്‍ന്നു. സാഹിത്യവും സിനിമയും മാധ്യമപ്രവര്‍ത്തനവും അടക്കമുള്ള അനേകം ഇടങ്ങളിലൂടെ എത്രയോ തലമുറകളുമായി അദ്ദേഹം സംവദിച്ചു. അനായാസം, കാലത്തിനുമുമ്പേ പറന്ന പക്ഷിയായി. നവതിയിലേക്ക് ഒരാണ്ട് ബാക്കിനില്‍ക്കുമ്പോഴും, വാര്‍ദ്ധക്യം ബാധിക്കാത്ത ഊര്‍ജസ്വലതയുമായി ഒരു സിനിമാ സെറ്റിലാണ് അദ്ദേഹമിപ്പോള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍. ഇടുക്കിയിലെ മൂലമറ്റത്ത്, പുതിയ കാലവുമായി സംവദിക്കാവുന്ന വിധത്തില്‍ അണിഞ്ഞൊരുങ്ങുകയാണ്, ഓളവും തീരവും. 

എംടിയുടെ പല കാലങ്ങള്‍ കണ്ടവരാണ് മലയാളികള്‍. അതില്‍, ഏറ്റവും വ്യത്യസ്തമായ രണ്ട് കാലങ്ങളിലുള്ള എംടിയെ നമുക്കിവിടെ കാണാം. രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ എം.ടി. ഒരാള്‍, മലയാള സാഹിത്യത്തിന്റെ പല ധാരകളെ ക്യാമറയില്‍ പകര്‍ത്തി വിടപറഞ്ഞ പുനലൂര്‍ രാജനാണ്. മറ്റേയാള്‍, അതേ കോഴിക്കോടുനിന്നും പുതിയ കാലത്തിന്റെ ക്യാമറക്കണ്ണുകളിലേക്ക് ലോകത്തെ വലിച്ചടുപ്പിക്കുന്ന അജീബ് കൊമാച്ചി. രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അദ്ദേഹത്തിന്റെ പല കാലങ്ങള്‍ ഇവിടെ കാണാം. 

കാലം എംടിയുടെ പ്രിയപ്പെട്ട വിഷയമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലുകളിലൊന്നിന്റെ തലക്കെട്ടും. മലയാളി കടന്നുപോയ പല കാലങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്ത്. മരുമക്കത്തായ സമ്പ്രദായത്തില്‍നിന്നും നായര്‍ സമുദായം നടന്നുപോയ വഴികളുടെ സൂക്ഷ്മമായ ഡോക്യുമെന്‍േറഷന്‍ എന്ന നിലയില്‍ അക്കാദമികമായി വായിക്കപ്പെട്ട എംടിയുടെ കഥകളും നോവലുകളും അതിനുമപ്പുറം, കേരളത്തില്‍ ജീവിക്കുന്ന അനേകം മനുഷ്യരുടെ ജീവിതത്തിന്റെ കൂടി ആത്മകഥകളാണ്.  

Latest Videos


ജീവിതത്തിലേക്ക് രംഗബോധമില്ലാതെ എത്തുന്ന കോമാളി. മരണത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ട് എംടി. ആയുസ്സിനെ മാറ്റിവയ്ക്കുന്ന മരണത്തിന്റെ പ്രഹേളികയെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന അനേകം സൃഷ്ടികളില്‍ കാലവുമായി മുഖാമുഖം നില്‍ക്കുന്ന എഴുത്തുകാരനെ കാണാനാവും. 

നൈനിറ്റാല്‍ എന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പല അടരുകളിലായി ജീവിക്കുന്ന മനുഷ്യരുടെ കഥയാണ് എം ടിയുടെ മഞ്ഞ്. തളം കെട്ടിയ കാലത്തിന്റെ മടുപ്പും നൈരാശ്യവുമാണ് ബോധധാരാ സമ്പ്രദായത്തിലെഴുതിയ ആ മനോഹര ആ നോവലിന്റെ ഭാവം. ഒരില പോലുമനങ്ങാത്ത വിധം ഉറഞ്ഞുപോയ ജീവിതങ്ങളുടെ സൂക്ഷ്മഭാഷ്യം. ആ മണ്ണും മനുഷ്യരും കാത്തിരിക്കുന്നത് കാലത്തിന്റെ മായാജാലത്തെയാണ്. 

കാലത്തിന്റെ മറുകര താണ്ടാനുള്ള വെമ്പലാണ് കാലം എന്ന നോവലിലെ മനുഷ്യര്‍ക്ക്. സേതുവും സുമിത്രയുമെല്ലാം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് കാലത്തെയാണ്. പോയപ്രതാപത്തിന്റെ സ്മാരകശില പോലെ ഉറഞ്ഞുപോയ ഒരു പഴയതറവാടിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരും കാലവും തമ്മിലുള്ള സംഘര്‍ഷത്തെ പകര്‍ത്തുകയാണ് സൂക്ഷ്മാര്‍ത്ഥത്തില്‍ എംടി. 

രണ്ടാമൂഴം ഇതിഹാസത്തിന്റെ മറുവായന മാത്രമല്ല, ഏതോ കാലം വാര്‍ത്തുവെച്ച ബോധങ്ങളെ പുതിയകാലത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ശ്രമം കൂടിയാണ്. മഹാഭാരതകഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കഥാപാത്രം. നാമറിയുന്ന, നാം കേട്ടുപരിചയിച്ച ഭീമനല്ല ഇവിടെ. എന്നും രണ്ടാമൂഴക്കാരനായി കഴിയേണ്ടിവന്ന ഭീമന്റെ ജീവിതസംഘര്‍ഷങ്ങള്‍ സത്യത്തില്‍ കാലവുമായുള്ള സംഘര്‍ഷം തന്നെയാണ്. കാലത്തെ അതിജീവിക്കാനുള്ള വെമ്പലാണ് ഭീമനെ മുന്നോട്ടുനയിക്കുന്നത്. പുതിയകാലത്തിനു മാത്രം സാധ്യമാവുന്ന വായനയാണ്, ആ നിലയ്ക്ക് രണ്ടാമൂഴം. 

രണ്ട് കാലങ്ങള്‍ തമ്മിലുള്ള ജുഗല്‍ബന്ദിയാണ് എംടിയുടെ വാനപ്രസ്ഥം. അധ്യാപകനും ശിഷ്യയും മറ്റൊരു കാലത്ത്, മറ്റൊരു മാനസികാവസ്ഥയില്‍ വീണ്ടും കണ്ടുമുട്ടുകയാണ് ഇവിടെ. കാലമാണ് അവരെ മാറ്റിത്തീര്‍ക്കുന്നത്. അവരെ മുന്നോട്ടുനയിക്കുന്ന ചാലകശക്തിയും. സമൂഹത്തിന്റെ ബോധ്യങ്ങളാണ് ഇവിടെ വിറങ്ങലിച്ച കാലം. അതിനുമുന്നില്‍ എങ്ങോട്ടും പോകാനാവാതെ നില്‍ക്കുന്ന രണ്ടു മനുഷ്യരെ വാനപ്രസ്ഥത്തില്‍ കാണാം. 

അസുരവിത്തും നാലുകെട്ടുമെല്ലാം ഒരു കാലത്തിന്റെ സൂക്ഷ്മമായ രേഖപ്പെടുത്തലുകളാണ്. മലയാളി ജീവിച്ചൊരു കാലം. പുതിയ കാലത്തിന്റെ തിണ്ണയിലിരുന്ന് വീണ്ടും വായിക്കുമ്പോള്‍, സാഹിത്യമൂല്യങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമേറിയ ചരിത്രമൂല്യവും അതിനുണ്ടെന്ന് മനസ്സിലാക്കാം. ഫോട്ടോഗ്രാഫി പോലെ കാലത്തില്‍ ഖനീഭവിച്ച ചില നിമിഷങ്ങളെ പകര്‍ത്തിവെക്കുമ്പോഴും എംടിയുടെ സൃഷ്ടികള്‍ അതിനപ്പുറം നടന്നുപോവുന്നു. 

സ്വയം മുറിച്ചുകടക്കാനുള്ള തീവ്രമായ അധ്വാനം എം ടി എന്ന എഴുത്തുകാരനില്‍ എന്നുമുണ്ടായിരുന്നു. ഒരേ കടവില്‍തന്നെ കെട്ടിയിടുന്ന തോണികളാവാതെ സ്വന്തം സൃഷ്ടികളെ എംടി എപ്പോഴും മാറ്റിക്കൊണ്ടിരുന്നു. ഒരേ വഴിയിലൂടെ നടന്നുപോവുന്ന എഴുത്തുരീതികളെ പുതിയ കാലവുമായി മുഖാമുഖം നിര്‍ത്തുക കൂടിയാണത്. 

മാറുന്ന ലോകത്തെയും കാലത്തെയും ആഴത്തില്‍ മനസ്സിലാക്കാനുള്ള താല്‍പ്പര്യവും പരിശ്രമങ്ങളുമാണ്, എഴുത്തുകാരന്‍ എന്ന നിലയില്‍ എംടിയുടെ വളര്‍ച്ചയുടെ ഊര്‍ജസ്രോതസ്സ്. ഷെര്‍ലക്ക് പോലൊരു കഥ ഏറെ വൈകി എഴുതാന്‍ എംടിക്ക് കഴിഞ്ഞതും പുതുകാലവുമായുള്ള സംവാദങ്ങള്‍ വഴിയാണ്. 

click me!