മുതലയായി മാറിയ കന്യക, ഇതാ മുതലത്തെയ്യം ചിത്രകഥ!

First Published | Dec 17, 2022, 2:35 PM IST

ദൈവക്കരുവായി മാറിയ അടിയാള രക്തസാക്ഷികള്‍ക്കും വീരന്മാര്‍ക്കുമൊക്കെയൊപ്പം പക്ഷിമൃഗാദികളും ദൈവരൂപത്തില്‍ മണ്ണിലിറങ്ങുന്ന അത്യുത്തര കേരളത്തിന്‍റെ ആരാധനാ വൈവിധ്യത്തിന്‍റെ നേര്‍ക്കാഴ്‍ച. മാവില സമുദായക്കാര്‍ കെട്ടിയാടിക്കുന്ന മുതലത്തെയ്യം ചിത്രങ്ങളിലൂടെ 
 

ഇഴഞ്ഞിഴഞ്ഞെത്തുന്നൊരു ദൈവത്തെ കണ്ടിട്ടുണ്ടോ? കരിനാഗമല്ല, മത്സ്യവും കൂര്‍മ്മവുല്ല. ഒരു മുതലയാണ് ഈ അപൂര്‍വ്വ ദൈവം. കണ്ണൂര്‍ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലാണ് അപൂര്‍വ്വമായ മുതലത്തെയ്യം കെട്ടിയാടുന്നത്. തളിപ്പറമ്പിനടുത്ത നടുവിലിലെ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രം മുതലത്തെയ്യം കെട്ടിയാടുന്ന മുഖ്യ സ്ഥാനങ്ങളില്‍ ഒന്നാണ്. മാവില സമുദായക്കാര്‍ കെട്ടിയാടിക്കുന്ന മുതലത്തെയ്യത്തിന്‍റെ കഥ കേള്‍ക്കാം

തൃപ്പാണ്ട്രാരത്തമ്മ എന്ന ദേവിയാണ് മുതലദൈവമായി എത്തുന്നത് എന്നാണ് വിശ്വാസം. മുതല തെയ്യമായി മാറിയ ആ കഥ പറയുകയാണ് തലക്കുളം നാരായണൻ എന്ന വയോധികൻ

Latest Videos


പുഴയ്ക്ക് അക്കരയെുള്ള ചേടശേരി മോലോത്തെ ചുഴലി ഭഗവതിയമ്മയ്ക്ക് പൂജ ചെയ്യാൻ പോകുകയായിരുന്നു എമ്പ്രാച്ചൻ. പുഴക്കരയില്‍ തൃപ്പാണ്ട്ര് കടവില്‍ എമ്പ്രാച്ചൻ എത്തുമ്പോള്‍ തോണിയുമില്ല, തുഴയുമില്ല. എല്ലാം മലവെള്ളത്തില്‍ ഒഴുകിപ്പോയിരുന്നു. 

എന്തുചെയ്യണമെന്നറിയാത കടവില്‍ നിന്ന് മനംനൊന്ത് കരഞ്ഞു പാവം എമ്പ്രാച്ചൻ. അപ്പോഴാണ് ഞാൻ സഹായിക്കാം എന്ന ആശ്വാസവാക്കുമായി ഒരു കന്യക എത്തുന്നത്. സാക്ഷാല്‍ ദേവകന്യക ആയിരുന്നു അത്. എമ്പ്രാച്ചൻ നോക്കി നില്‍ക്കെ ഒരു മുതലയായി മാറി ദേവകന്യക. എന്നിട്ട് തന്‍റെ മുതുപ്പുറത്തിരുത്തി എമ്പ്രാച്ചനെ തിര മുറിച്ചുമുറിച്ച് അക്കരെ എത്തിച്ചു ആ പൂമുതല. 

ചുഴലി ഭഗവതിയുടെ പൂജയും ശാന്തിയും കഴിഞ്ഞാല്‍ എനിക്ക് വേണ്ടി നീ എന്തു ചെയ്യും എന്ന മുതലയുടെ ചോദ്യത്തിന് ചുഴലി ഭഗവതിയമ്മയുടെ വലഭാഗത്ത് തന്നെ അമ്മയ്ക്കും വച്ച് പൂജിച്ചോളാം എന്നു മറുപടി പറഞ്ഞു എമ്പ്രാച്ചൻ. പറഞ്ഞ വാക്കും പാലിച്ച് ചേടശേരി മോലോത്തു നിന്നും തിരിച്ച് തൃപ്പാണ്ട്ര് കടവിലെത്തി എമ്പ്രാച്ചൻ. അപ്പോഴും അവിടെ കാത്തുനിന്നിരുന്നു ആ പൂമുതല. മുതലവാല് പിടിച്ച് മുതലപ്പുറത്തിരുന്ന് എമ്പ്രാച്ചൻ ഇക്കരെ തിരിച്ചുമെത്തി. 

എമ്പ്രാച്ചനെ ഇക്കരെയിറക്കി തുഴവാല് പിടിച്ചതിനാല്‍ ഇനി നീ ആദിതോയാടനാണ് എന്നും എന്നെ കെട്ടിയാടിക്കണമെന്നും പേരുവിളിക്കണം എന്നും പറഞ്ഞു പൂമുതല. അങ്ങനെ ആദി തോയാടൻ കറുത്ത നെല്ലുകുത്തി അരിയുണ്ടാക്കി. കല്ലും നെല്ലും വേര്‍തിരിച്ചു. നാലുമ്മൂന്നേഴുമാനം മഞ്ഞക്കര്‍ളയുംവച്ച് പറഞ്ഞതുപോലെ തന്‍റെ ചിറ്റാരിപ്പുരമുറ്റത്ത് അമ്മയെ കെട്ടിയാടിച്ചു. 

ഇഴജീവിശല്യത്തിൽ നിന്ന്‌ രക്ഷനേടാൻ മുതലദൈവത്തെ വിളിച്ചാൽ മതിയെന്നാണ്‌ വിശ്വാസം. വിത്തും മഞ്ഞള്‍ ഉണക്കിയതും തേങ്ങയുമാണ് മുതലത്തെയ്യത്തിന്‍റെ പ്രധാന നേര്‍ച്ച. ആള്‍രൂപം, മുതലരൂപം തുടങ്ങി ഒരുപാട് നേര്‍ച്ചകള്‍ ഇന്നു പലരും സമര്‍പ്പിക്കുന്നുണ്ടെന്ന് നാരായണൻ പറയുന്നു. 

മുതലത്തെയ്യത്തിന്‍റെ മുഖത്തെഴുത്തിന് വട്ടക്കണ്ണും തലപ്പാട്ടി ചെന്നിമലർ മുടിയും കാണിമുണ്ട്‌ ചുവപ്പുമാണ്‌. കുരുത്തോലയ്‌ക്ക്‌ പകരം കവുങ്ങിൻ ഓലയാണ്‌ ഉടയാട. തലയിലെ പാള എഴുത്തിന്‌ തേൾ, പല്ലി, പാമ്പ്‌, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളെ വരച്ചതാണ്‌.

തുലാപ്പത്തിനോ അതിന് ശേഷമോ ആണ് മുതലത്തെയ്യം കെട്ടിയാടുന്നത്. ഭാസ്‍കരൻ എന്ന കോലക്കാരനാണ് ഈ തുലാപ്പത്ത് നാളില്‍ വീരഭദ്ര ക്ഷേത്രത്തിലെ തിരുമുറ്റത്ത് മുതലത്തെയ്യത്തെ കെട്ടിയാടിയത്.  കെട്ടിയാടുന്ന സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചെല്ലുന്ന പതിവ് ഈ തെയ്യത്തിനുള്ള പ്രത്യേകതയാണ്.

മുതലയെപ്പൊലെ ഇഴഞ്ഞ് ക്ഷേത്രം വലംവയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നതും.

മറ്റു തെയ്യങ്ങളെപ്പോലെ അനുഗ്രഹമായി വായ്‌വാക്കുകളൊന്നും ഈ തെയ്യം ഉരിയാടാറില്ല.   കഴുത്ത് നീട്ടി കണ്ണുരുട്ടി മുതലത്തെയ്യം ഭക്തരെ അനുഗ്രഹിക്കുന്നത് വേറിട്ടൊരു അനുഭവം തന്നെയാണ്.

click me!