ഏണസ്റ്റോ സാങ്ച്വറി; ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയില്‍ പൂച്ചകള്‍ക്കായി ഒരു സങ്കേതം
First Published | Apr 2, 2021, 1:10 AM IST
എല്ലാ യുദ്ധങ്ങളും തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും മനുഷ്യന്‍ തന്നെയാണ്. കാരണം, യുദ്ധങ്ങളെല്ലാം അവന് വേണ്ടിയുള്ളതായിരുന്നുവെന്നത് തന്നെ. അതിനിടെ കൊല്ലപ്പെടുന്ന മറ്റ് ജീവജാലങ്ങളെ കുറിച്ചോ, പ്രകൃതിയെ കുറിച്ചോ മനുഷ്യന്‍ ചിന്തിച്ചിരുന്നില്ല. അവനവന്, അല്ലെങ്കില്‍ അവനവന്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിന്, ദേശത്തിന് അങ്ങനെ എന്തിന് വേണ്ടി യുദ്ധം തുടങ്ങിയാലും അതിനിടെയില്‍പ്പെട്ട് ഇല്ലാതാകുന്ന, ആ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത കോടാനുകോടി ജീവിവര്‍ഗ്ഗങ്ങളെ മനുഷ്യന്‍ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ സിറിയയുടെ തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് വ്യത്യസ്തമായൊരു കഥയാണ് പുറത്ത് വരുന്നത്.
ആഭ്യന്തരയുദ്ധം തകര്‍ത്തെറിഞ്ഞ സിറിയന്‍ തെരുവുകളില്‍ പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായി അനേകം പൂച്ചകളുണ്ടായിരുന്നു. അലപ്പോയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പക്ഷേ അവിടെ, അലാ അല്‍ ജലീല്‍ ഉണ്ടായിരുന്നു. അയാള്‍ പൂച്ചകള്‍ക്കായി ഭക്ഷണം ശേഖരിച്ച് തെരുവുകളില്‍ വിതരണം ചെയ്തു. യുദ്ധം ചിത്രീകരിക്കാനായി സിറിയയിലെ അലപ്പായിലെത്തിയ വിദേശ മാധ്യമങ്ങളുടെ പ്രതിനിധികള്‍ അലായുടെ പൂച്ച സ്നേഹം ശ്രദ്ധിച്ചു. അവര്‍ അയാളുടെ 'പൂച്ച സ്നേഹ'ത്തെ സിറിയയ്ക്ക് പുറത്തേക്കെത്തിച്ചു. ആഭ്യന്തരയുദ്ധത്തിനിടെയിലും സ്നേഹത്തിന്‍റെ വറ്റാത്ത ഉറവയായി ആ കഥ നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.