ഒപ്പോ ഇന്ത്യ റെനോ13 സ്കൈ-ബ്ലൂ വേരിയന്‍റില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ? വിലയും ഓഫറുകളും വിശദമായി
ദില്ലി: ഒപ്പോ ഇന്ത്യ റെനോ13 സീരീസിലേക്ക് ഒരു പുതിയ നിറവും സ്റ്റോറേജ് വേരിയന്‍റും ചേർത്തു. കഴിഞ്ഞ ആഴ്ച, കമ്പനി ഒപ്പോ റെനോ13 5ജി സ്കൈബ്ലൂ നിറത്തിലും 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്‍റിലും പുറത്തിറക്കി. ഈ വേരിയന്‍റിന്‍റെ വിൽപ്പന ഇന്നലെ മുതൽ ആരംഭിച്ചു. ഈ സ്മാർട്ട്‌ഫോണിൽ എന്തൊക്കെ സവിശേഷതകളാണ് നൽകിയിരിക്കുന്നത്, ഉപഭോക്താക്കൾ എത്ര പണം നൽകേണ്ടിവരും, ഇത് വാങ്ങുമ്പോൾ എന്തൊക്കെ ഓഫറുകൾ ലഭ്യമാണ് എന്നിവയെക്കുറിച്ച് അറിയാം.
ഈ വർഷം ജനുവരിയിലാണ് ഒപ്പോ റെനോ13 സീരീസ് പുറത്തിറക്കിയത്. ഐവറി വൈറ്റ്, ലുമിനസ് ബ്ലൂ കളർ ഓപ്ഷനുകളിലും 256 ജിബി വരെ സ്റ്റോറേജുള്ള 8 ജിബി റാമിലും ഇത് പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഈ പരമ്പരയിലേക്ക് ഒരു പുതിയ നിറവും സ്റ്റോറേജ് ശേഷിയുമുള്ള വേരിയന്‍റ് ചേർത്തിരിക്കുന്നു. സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, റെനോ13ന് 6.59 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ഉണ്ട്, ഇത് 120Hz റിഫ്രഷ് റേറ്റും 1,200nits പീക്ക് ബ്രൈറ്റ്‌നസ്സും നൽകുന്നു. സംരക്ഷണത്തിനായി, ഫോണിന്‍റെ മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i നൽകിയിട്ടുണ്ട്. ഇതിന്‍റെ ഫ്രെയിം എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. റെനോ13 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ് നൽകിയിട്ടുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഐപി66, ഐപി68, ഐപി69 റേറ്റിംഗോടെയാണ് ഈ ഫോൺ വരുന്നത്. ഇതിന് 5,600 എംഎഎച്ചിന്‍റെ ശക്തമായ ബാറ്ററിയുണ്ട്, ഇത് 80 വാട്സ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, പിന്നിൽ ഒഐഎസ് ഉള്ള 50 എംപി മെയിൻ ലെൻസാണ് ഇതിനുള്ളത്. ഇതോടൊപ്പം, 8 എംപി അൾട്രാ-വൈഡ് ആംഗിളും 2 എംപി മോണോക്രോം ക്യാമറയും നൽകിയിട്ടുണ്ട്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി മുൻവശത്ത് 50 എംപി ലെൻസുണ്ട്. ഈ ഫോൺ അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കുന്നു. ഇതിന്‍റെ എഐ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, എഐ ലൈവ് ഫോട്ടോ, എഐ ക്ലാരിറ്റി എൻഹാൻസർ, എഐ അൺബ്ലർ, എഐ മോഷൻ, എഐ ബെസ്റ്റ് ഫേസ്, എഐ റൈറ്റർ, എഐ സമ്മറി, എഐ സ്‍കാം ഡോക്യുമെന്‍റ് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.
ഈ ഫോണിന്റെ 8 ജിബി + 256 ജിബി വേരിയന്‍റിന് 39,999 രൂപയിലും 12 ജിബി + 512 ജിബി സ്റ്റോറേജ് വേരിയന്‍റിന് 43,999 രൂപയിലും വില ആരംഭിക്കുന്നു. കമ്പനിയുടെ ഇ-സ്റ്റോർ, ഫ്ലിപ്‍കാർട്ട്, പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ നിന്ന് ഈ ഫോൺ ലഭ്യമാകും. ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ, എട്ട് മാസത്തേക്ക് സീറോ ഡൗൺ പേയ്‌മെന്‍റ്, ക്രെഡിറ്റ് കാർഡ് ഇഎംഐയിൽ 10 ശതമാനം വരെ തൽക്ഷണ ക്യാഷ്ബാക്ക് തുടങ്ങിയ ഓഫറുകൾ ഇതിൽ ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം