4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ലാവ ഷാർക്കിന്‍റെ ഇന്ത്യയിലെ വില 6,999 രൂപയാണ്
ദില്ലി: ലാവ ഇന്‍റർനാഷണൽ പുതിയ എൻട്രി ലെവൽ സ്‌മാർട്ട്‌ഫോൺ ലാവ ഷാർക്ക് പുറത്തിറക്കി. ലാവ ഷാർക്കിന് 50 എംപി എഐ റീയര്‍ ക്യാമറയുണ്ട്. ഈ ഫോണിന് 6.67 ഇഞ്ച് എച്ച്‌ഡി+ പഞ്ച്-ഹോൾ ഡിസ്‌പ്ലേ നല്‍കുന്നു. ഇത് 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. 18 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്‍മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്.
ലാവ ഷാർക്കിൽ യുണിസോക് ടി606 ഒക്ടാ-കോർ പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു. ഇത് 4 ജിബി റാമും 4ജി ജിബി വെർച്വൽ റാമും വാഗ്‍ദാനം ചെയ്യുന്നു. 64 ജിബി ഇന്‍റേണൽ സ്റ്റോറേജുള്ള ഇത് 256 ജിബി വരെ വികസിപ്പിക്കാം. ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ, ഫോണിന് 50 എംപി എഐ പിൻ ക്യാമറയുണ്ട്. അതേസമയം, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി മുൻ ക്യാമറയും നൽകിയിട്ടുണ്ട്. എഐ മോഡ്, പോർട്രെയ്റ്റ്, പ്രോ മോഡ്, എച്ച്ഡിആർ തുടങ്ങിയ സവിശേഷതകൾ ഈ ഫോണിൽ ലഭ്യമാണ്. ആൻഡ്രോയ്‌ഡ് 14-ൽ പ്രവർത്തിക്കുന്ന ഈ ഉപകരണം സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് എന്നിവയും പിന്തുണയ്ക്കുന്നു.
യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 18 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ലാവ ഷാർക്കിന് ലഭിക്കുന്നത്. 10 വാട്സ് ചാർജറും ഫോണിനൊപ്പം ലഭിക്കുന്നു. 45 മണിക്കൂർ വരെ ടോക്ക് ടൈം വാഗ്ദാനം ചെയ്യുമെന്നും 158 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യുമെന്നും കമ്പനി പറയുന്നു. സുരക്ഷയ്ക്കായി, ഇതിന് സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സവിശേഷതയുമുണ്ട്. ഈ ഹാൻഡ്‌സെറ്റിന് ഐപി54 റേറ്റിംഗ് ഉണ്ട്. അതായത് പൊടിയിൽ നിന്നും വെള്ളത്തിൽനിന്നും ഫോൺ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കണക്റ്റിവിറ്റിക്കായി, ഫോണിൽ ഡ്യുവൽ 4ജി VoLTE, ബ്ലൂടൂത്ത് 5.0, വൈ-ഫൈ 802.11 b/g/n/ac തുടങ്ങിയ കണക്റ്റിവിറ്റി സവിശേഷതകളുണ്ട്.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ലാവ ഷാർക്കിന്‍റെ ഇന്ത്യയിലെ വില 6,999 രൂപയാണെന്ന് കമ്പനി അറിയിച്ചു. ലാവ ഉപഭോക്താക്കൾക്ക് ഒരുവർഷത്തെ വാറന്‍റിയും സൗജന്യ സർവീസ് അറ്റ് ഹോം സേവനവും വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇത് ലാവ റീട്ടെയിൽ സ്റ്റോറുകൾ വഴി രാജ്യത്ത് വാങ്ങാൻ ലഭ്യമാണ്. സ്റ്റെൽത്ത് ബ്ലാക്ക്, ടൈറ്റാനിയം ഗോൾഡ് കളർ ഓപ്ഷനുകളിൽ ഫോൺ വാഗ്ദാനം ചെയ്യുന്നു. സാംസങിനോട് മത്സരിക്കാൻ കഴിയുന്ന ഒരു ബജറ്റ് ഫോണായിട്ടാണ് ഈ ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം