ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനില്‍ ഓണം പായസ റെസിപ്പിയിൽ ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ആരോറൂട്ട് പൗഡർ അഥവാ കൂവപ്പൊടി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ കൂവ കൊണ്ടുള്ള പായസം എങ്ങനെയുണ്ടാകും? വളരെ ഹെൽത്തിയും എല്ലാവര്‍ക്കും ഇഷ്ടവുമാകുന്ന ഒന്നാണ് കൂവ പായസം.
വേണ്ട ചേരുവകൾ
കൂവ പൊടി -1/2 കിലോ
പാൽ -1 ലിറ്റർ
ശർക്കര -1/2 കിലോ
ഏലയ്ക്ക -3 എണ്ണം
അണ്ടിപ്പരിപ്പ് -200 ഗ്രാം
മുന്തിരി -200 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം കൂവ കുറച്ചു വെള്ളത്തിൽ ഒന്ന് കലക്കി എടുക്കണം. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി തയ്യാറാക്കി എടുക്കണം. അതിനായി ശർക്കരയും കുറച്ച് വെള്ളവും ചേർത്ത് നല്ലതുപോലെ അരിച്ചെടുക്കണം. അടുത്തതായി ശർക്കരപ്പാനി കൂവയിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കണം. ഇത് കുറുകി തുടങ്ങുന്നത് അനുസരിച്ച് ഇതിലേക്ക് നമുക്ക് വേണമെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം അല്ലെങ്കിൽ സാധാരണ പാൽ ചേർത്ത് കൊടുക്കാം. ഇത്രയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാം. ഒപ്പം മുന്തിരിയും കൂടി ചേർത്തു കൊടുക്കാം. ആവശ്യത്തിനു തേങ്ങ കൂടി ഇതിലേയ്ക്ക് ചേർത്ത് കൊടുത്താൽ വളരെ രുചികരമായ കൂവ പായസം റെഡി.
Also read: Onam 2024: ഓണത്തിന് പൈനാപ്പിൾ കൊണ്ട് ഹെൽത്തി പായസം തയ്യാറാക്കാം; റെസിപ്പി