ചരിത്രം കുറിച്ച് ബാഹുബലി: രാജമൗലി തീർത്തത് ഇതിഹാസം

By Web Desk  |  First Published Apr 28, 2017, 8:53 AM IST

തിരുവനന്തപുരം: തിയേറ്ററുകൾ കീഴടക്കി ബാഹുബലിയുടെ പടയോട്ടം. രണ്ട് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ ബാഹുബലി 2 വിന് ഉജ്ജ്വല വരവേല്പ്. സംസ്ഥാനത്ത് അതിരാവിലെ മുതൽ തിയേറ്ററുകളിൽ വൻതിരക്കായിരുന്നു. അതിഗംഭീരം...വാക്കുകൾക്കപ്പുറത്തെ ചലച്ചിത്ര വിസ്മയമാണ് ബാഹു ബലി2. ആവേശത്തോടെ ദിവസങ്ങളെണ്ണി കാത്തിരുന്ന ആരാധകരെ എസ് എസ് രാജമൗലി ശരിക്കും അമ്പരപ്പിച്ചു.

വിസ്മയകാഴ്ചകളൊരുക്കുന്ന ഹോളിവുഡ് സിനിമകൾക്കുള്ള ഇന്ത്യൻ മറുപടിയാണ് ബാഹുബലി രണ്ട്. ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നുവെന്ന സസ്പെൻസിനപ്പുറത്ത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥ, ബ്രഹ്മാണ്ഡ‍ക്കാഴ്ചകളിലൂടെ അവതരിപ്പിക്കുകയാണ് രണ്ടാം ഭാഗത്തിൽ. സസ്പെൻസ് അറിഞ്ഞാലും ഒട്ടും ആവേശം ചോർത്തില്ല ബാഹുലി. 

Latest Videos

undefined

ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലും കാഴ്ചവച്ചത് ഉജ്ജ്വല പ്രകടനം. അമരീന്ദ്ര ബാഹുബലിയായും മകൻ മഹേന്ദ്ര ബാഹുബലിയായും പ്രഭാസ് തകർത്തു. ഇനി അഭിനയം നിർത്തിയാലും ഇന്ത്യൻ സിനിമയിൽ ഈ ടൈറ്റിൽ കഥാപാത്രത്തിലൂടെ പ്രഭാസ് എന്നും ഓർമ്മിക്കപ്പെടും. സത്യരാജും രമ്യാകൃഷ്ണനും റാണാദഗ്ഗുപതിയും അനുഷ്ക്കാ ഷെട്ടിയും നടത്തിയത് മിന്നും പ്രകടനം. കണ്ണഞ്ചിപ്പിക്കുന്ന പടുകൂറ്റൻ സെറ്റൊരുക്കിയ സാബുസിറിലിന്റെ കൈവഴക്കത്തിൽ മലയാളികൾക്കും അഭിമാനിക്കാം.

ലോകമെമ്പാടും 8000 കേന്ദ്രങ്ങളിൽ എത്തിയ ബാഹുബലിയുടെ പടയോട്ടത്തിൽ ഇനി ഏതെക്കോ സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ തകരുമെന്നത് ദിവസങ്ങൾക്കുള്ളിലറിയാം. കേരളത്തിൽ 400 കേന്ദ്രങ്ങളിൽ രാവിലെ 6 മണിക്കായിരുന്നു ആദ്യ പ്രദ‍ർശനം. ചെറുപ്പത്തിൽ വായിച്ച അമർചിത്രകഥകളിൽ നിന്നും സ്വാധീനം ഉൾക്കൊണ്ട രാജമൗലി സ്ക്രീനിൽ തീർത്തത് പുതിയ ഇതിഹാസം.

click me!