നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ എന്ന ഗാനത്തിന്‍റെ ചരണത്തിനൊടുവില്‍ 'ശ്രീദേവിയേ എന്‍ ജീവനേ..' എന്ന് കമല്‍ഹാസന്‍ നീട്ടിപ്പാടുന്നത് ഓര്‍മ്മയില്ലേ? ഒരുപക്ഷേ ഒരു സിനിമയിലെ ഗാനരംഗത്തിലഭിനയിക്കുന്ന അതേ നടിയുടെ പേരുവച്ചൊരു പാട്ട് തന്നെ അപൂര്‍വ്വമായിരിക്കും. പ്രേമാഭിഷേകം എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ മാത്രമല്ല തമിഴന്‍റെയും നിത്യഹരിത ഗാനങ്ങളില്‍ ഒന്നാണ്. പൂവച്ചല്‍ ഖാദറിന്‍റെ വരികളെ ആഭേരി രാഗത്തില്‍ ചിട്ടപ്പെടുത്തിയത് ഗംഗൈ അമരന്‍. പ്രണയിച്ചിട്ടില്ലെങ്കില്‍ പോലും ശ്രീദേവിയേ എന്‍ജീവനേ എന്ന് ഒരിക്കലെങ്കിലും അറിയാതെ മനസില്‍ മൂളാത്ത മലയാളിയുണ്ടാകില്ല. ശ്രീദേവിയുടെ സ്ഥാനത്ത് ഒരുപക്ഷേ മറ്റുപല പേരുകളാവാം. അതുപോലെ കണ്ണൈ കലൈമാനേ എന്ന് താരാട്ട് കേട്ട് കണ്ണുനിറയ്ക്കാത്തവരും കുറവായിരിക്കും. ന്യൂജന്‍ കാലത്ത് പ്രണയത്തിന്‍റെയും താരാട്ടിന്‍റെയുമൊക്കെ റിഥവും ടെമ്പോയും റെന്‍ഡറിഗുമൊക്കെ മാറിയിട്ടുണ്ടെന്ന് തോന്നിയേക്കാം. എന്നാല്‍ അതിന്‍റെ അടിസ്ഥാന ഭാവവും പൊതുബോധവുമൊക്കെ ഇപ്പോഴും ഏറെക്കുറെ ആ പഴയ 'ശ്രീദേവിയേ.. എന്‍ ജീവനേ.." എന്ന ശൈലി തന്നെയാവും. ഇങ്ങനെ ശ്രീദേവി എന്ന സ്ത്രീരൂപത്തിനൊപ്പം പെട്ടെന്ന് ഓര്‍മ്മകളിലേക്ക് ഒഴുകിയെത്തുന്ന ഒരുപാടു പാട്ടുകളുണ്ട് മലയാളത്തിലും തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെയായി. അവയില്‍ ചിലതൊന്ന് കേട്ടു നോക്കാം.
undefined
1. കണ്ണേ കലൈമാനേ
ശ്രീദേവിയെ ഓര്‍ക്കുമ്പോള്‍ ആദ്യം ചുണ്ടിലെത്തുന്ന ഗാനം. 1982ല്‍ പുറത്തിറങ്ങിയ ബാലുമഹേന്ദ്ര ചിത്രം 'മൂന്നാം പിറൈ'യിലെ ഈ താരാട്ട് കേട്ടു കഴിയുമ്പോള്‍ പലരുടെയും മനസില്‍ ഒരു നീറ്റലോ നോവോ ഒക്കെ ആയിരിക്കും അവശേഷിക്കുക. ഒരുപാട് പ്രത്യേകതകളുണ്ട് ഈ പാട്ടിന്. പ്രശസ്‍ത തമിഴ്‍ കവി കണ്ണദാസനാണ് ഈ പാട്ടെഴുതിയത്. കഥയും സിറ്റ്‍വേഷനും കേട്ട ശേഷം വെറും രണ്ടേ രണ്ടു മിനിട്ടുകള്‍ക്കുള്ളിലാണത്രെ അദ്ദേഹം ഈ വരികളെഴുതിയത്. 1981 സെപ്തംബറിലായിരുന്നു റെക്കോഡിംഗ്. കാപ്പി, നടഭൈരവി രാഗങ്ങള്‍ കലര്‍ത്തി നോവുന്ന താരാട്ടായി യേശുദാസിന്‍റെ ശബ്ദത്തില്‍ ഇളയരാജ ഈ ഗാനം റെക്കോഡിംഗ് ചെയ്യുമ്പോള്‍ ആ സ്റ്റുഡിയോയില്‍ കവിയരസ് കണ്ണദാസനും ഉണ്ടായിരുന്നു കേള്‍വിക്കാരനായി. എന്നാല്‍ കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ ഒക്ടോബറില്‍ കണ്ണദാസന്‍ മരണത്തിലേക്ക് നടന്നുപോയി. അങ്ങനെ കവിയുടെ ജീവിതത്തിലെ അവസാന ഗാനമായി മാറി കണ്ണൈ കലൈമാനേ.
2. തേരേ മേരേ ഹോന്‍തോണ്‍ പെ..
കാറ്റില്‍ ഒഴുകിയെത്തി നമ്മളെ ഒപ്പം കൂട്ടുന്ന ഈ പ്രശസ്‍ത ഗാനം ചാന്ദ്‍നി എന്ന ഹിന്ദി ചിത്രത്തിലെതാണ്. ആനന്ദ് ബക്ഷിയുടെ വരികള്‍ക്ക് ശിവ് ഹരിയുടെ ഈണം. ലതാ മങ്കേഷകറിന്‍റെയും ബബ്‍ലാ മേത്തയുടെയും മധുരശബ്ദങ്ങള്‍ക്കും ഋഷി കപൂറിനുമൊപ്പം മഞ്ഞിനും മലനിരകള്‍ക്കുമിടയിലൂടെ ചുവടു വയ്ക്കുന്ന ശ്രീദേവിയെ എങ്ങനെ മറക്കും?
3. നീലവാനച്ചോലയില്‍
ദസരി നാരായണ റാവുവിന്‍റെ പ്രേമാഭിഷേകം എന്ന തെലുങ്കു ചിത്രം 1981ലാണ് എത്തുന്നത്. അക്കിനേനി നാഗേശ്വര റാവു നായകനായ ചിത്രത്തില്‍ ദേവി എന്നായിരുന്നു ശ്രീദേവിയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രം 1982ല്‍ വാഴ്‍വേ മായം എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്‍തു. കമല്‍ ഹാസനായിരുന്നു നായകന്‍. ഇതേ ചിത്രം പ്രേമാഭിഷേകം എന്ന പേരില്‍ മൊഴിമാറ്റി മലയാളത്തിലുമെത്തി. നീലവാന ഓടൈയില്‍ എന്ന വാലിയുടെ തമിഴ് വരികള്‍ നീലവാനച്ചോലയില്‍ എന്നു മാറ്റിയെഴുതിയത് പൂവ്വച്ചല്‍ ഖാദര്‍. ചിത്രത്തിലെ മറ്റു ഗാനങ്ങളായ മഴക്കാല മേഘവും ദേവി ശ്രീദേവിയുമൊക്കെ മലയാളക്കരയിലും തരംഗമായി.
4. നൈനോ മെ സപ്നാ
1984ല്‍ ഇറങ്ങിയ ഹിമ്മത് വാല ശ്രീദേവിയുടെ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു. ഈ ചിത്രത്തോടെയാണ് അവര്‍ ബോളീവുഡില്‍ ചുവടുറപ്പിക്കുന്നത്. ഹിമ്മത്ത് വാലയില്‍ ജിതേന്ദ്രയ്ക്കൊപ്പം ശ്രീദേവി ആടിത്തിമര്‍ത്ത ബപ്പി ലാഹിരിയുടെ ഈണങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. കിഷോര്‍ കുമാറും ലതാ മങ്കേഷ്‍കറുമായിരുന്നു ഈ ഗാനം ആലപിച്ചത്.
5. നീലജലാശയത്തില്‍
ശ്രീദേവി ആദ്യമായി നായികയായി അഭിനയിച്ച മലയാള ചിത്രം 1976ല്‍ പുറത്തിറങ്ങിയ ആലിംഗനമായിരുന്നു. എന്നാല്‍ 1977ല്‍ അംഗീകാരത്തിലെ നീലജലാശയത്തില്‍ എന്ന ഗാനരംഗമായിരുന്നു അവര്‍ ചുവടുവച്ച ജനപ്രിയഗാനം. ഈ പാട്ട് ഇന്നും മലയാളി മനസുകളെ ഉത്സവമത്സരമാടിച്ചു കൊണ്ടിരിക്കുന്നു. ഐ വി ശശിയുടെ ഫ്രെയിമുകളില്‍ ശ്രീദേവിക്കൊപ്പം വിന്‍സെന്‍റ്. ബിച്ചു തിരുമലയുടെ വരികള്‍ ശിവരഞ്ജിനിയില്‍ ചിട്ടപ്പെടുത്തിയത് എ ടി ഉമ്മര്‍.
6. ഈ കൊണ്ട കോനല്ലോ
പ്രേമ കനുക (1981) എന്ന തെലുങ്ക് ചിത്രത്തിലെ ഗാനം. ആചാര്യ ആത്രെയയുടെ വരികള്‍ക്ക് കെ ചക്രവര്‍ത്തിയുടെ സംഗീതം. എസ് പി ബാല സുബ്രമണ്യവും പി സുശീലയും ആലാപനം.
7. ശശികല ചാര്‍ത്തിയ
ഭരതന്‍ മാജിക്കില്‍ 22 വര്‍ഷം മുമ്പ് പിറന്ന ദേവരാഗത്തിലെ പാട്ടുകള്‍ മലയാളികള്‍ ഇന്നും നെഞ്ചിലേറ്റുന്നു. ഹിന്ദോളത്തില്‍ ചിട്ടപ്പെടുത്തിയ ശിശിരകാല, ശുദ്ധസന്യാസിയിലെ ശശികലചാര്‍ത്തിയ, മദ്ധ്യമാവതിയിലെ താഴമ്പൂ, യ യ യാ യാദവാ തുടങ്ങിയ ഗാനങ്ങള്‍. എം ഡി രാജേന്ദ്രന്‍റെ വരികള്‍ക്ക് എം എം കീരവാണി ഈണം നല്‍കിയ ഈ ഗാനങ്ങളും ഗാനരംഗങ്ങളുമെല്ലാം ഇന്നും സൂപ്പര്‍ ഹിറ്റാണ്. ഈ ഗാനം ഒരിക്കല്‍ക്കൂടി കേട്ടു നോക്കൂ.
8. മുഛേ തൂനെ ചുഹാ ഹേ
1996ല്‍ മി. ബെച്ചാര എന്ന ചിത്രത്തില്‍ അനില്‍ കപൂറിനൊപ്പം ശ്രീദേവി. സമീറിന്‍റെ വരികള്‍ക്ക് സംഗീതം ആനന്ദ് മില്ലിന്ദ്. ആലാപനം പൂര്‍ണിമ
9. തൂ നാ ജാ മേരേ ബാദുഷാ
ഖുദാ ഗവാ ആക്ഷന്‍ റൊമാന്‍റിക് ചിത്രം പുറത്തിറങ്ങിയത് 1992ല്‍. ബച്ചനൊപ്പം ശ്രീദേവിയുടെ തകര്‍പ്പന്‍ പ്രകടനം. ആനന്ദ് ബക്ഷിയുടെ വരികള്‍ക്ക് ലക്ഷ്മികാന്ത് പ്യാരേലാല്‍ ഈണമിട്ട് അല്‍ക്കാ യാഗ്നിക്കും മുഹമ്ദ് അസീസും ആലപിച്ച ഈ ഗാനം ഇന്നും ജീവിക്കുന്നു.
10. ചിങ്ങവനത്താഴത്തെ..
കുളിരും കൊണ്ടോടി വരുന്ന മറ്റൊരു ശ്രീദേവി ഗാനം. 1977ല്‍ നിറകുടം എന്ന ചിത്രത്തിനു വേണ്ടി ഈ ഗാനമെഴുതിയത് ബിച്ചു തിരുമല. സംഗീതം ജയവിജയ. ആലാപനം കെ ജെ യേശുദാസും എല്‍ ആര്‍ അഞ്ജലിയും. ശ്രീദേവിക്കൊപ്പം കമല്‍ ഹാസന്‍.
11. സിരിമല്ലി പൂവാ
പദഹാരെല്ലാ വയസു (1978) എന്ന തെലുങ്ക് ചിത്രത്തിലെ ഗാനം. കെ ചക്രവര്‍ത്തിയുടെ ഈണം. എസ് ജാനകിയുടെ ശബ്‍ദം.
12. ഛോട്ട് ലഗി കഹാന്
ഘര്‍സന്‍സാര്‍ എന്ന കെ ബപ്പയ്യ ചിത്രത്തിലെ രാജേഷ് റോഷന്‍ ഗാനം. കിഷോര്‍ കുമാറിന്‍റെയും ആശ ഭോസ്‍ലെയുടെയും ശബ്‍ദം.
13. ബിച്ചു ലഡ്‍ഗയാ
1984ല്‍ പുറത്തിറങ്ങിയ ഇന്‍ക്വുലാബ് എന്ന ചിത്രത്തില്‍ അമിതാബ് ബച്ചനൊപ്പം ചുവടുവച്ച മനോഹര ഗാനം. സംഗീതം ലക്ഷ്മികാന്ത് പ്യാരേലാല്‍. പാടിയത് കിഷോര്‍ കുമാര്‍, ആശാ ഭോസ്ലെ
14. പാരഡി സോങ്ങ്
ശ്രീദേവി ആദ്യമായി ഒറ്റയ്ക്ക് വിജയപ്പിച്ച ഹിന്ദി ചിത്രം എന്നറിയപ്പെടുന്നത് 1987ല്‍ പുറത്തിറങ്ങിയ ശേഖര്‍ കപൂറിന്‍റെ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രമാണ്. ഇതോടെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരുവീഴുന്നതും. മിസ്റ്റര്‍ ഇന്ത്യയിലെ ഹവായി ഹവായി ഉള്‍പ്പെടെയുള്ള ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ നിരവധി ഹിറ്റ് ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ അധികമാരും കേള്‍ക്കാനിടയില്ലാത്ത ഒരു പാരഡി ഗാനമുണ്ട് ഈ ചിത്രത്തില്‍. അനുരാധ പഡ്വാളും ഷാബിര്‍ കുമാറും ചേര്‍ന്നു പാടിയ ഈ ഗാനമാലയൊന്നു കേട്ടുനോക്കൂ.
15. ഏക് ദഫാ ഏക് ജംഗിള്‍ താ
ശ്രീദേവിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ മൂന്നാം പിറൈയുടെ ഹിന്ദി റിമേക്ക് സാദ്‍മാ എത്തുന്നത് 1983ല്‍. ഇളയരാജയുടെ തന്നെ ഈണങ്ങള്‍ക്ക് ഹിന്ദി ഭാഷ്യം ചമച്ചത് ഗുല്‍സാര്‍. ഈ പാട്ടിന്‍റെ ആലാപനത്തിലുമുണ്ടൊരു കൗതുകം. എന്താണെന്നല്ലേ? പാടിയിരിക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ ശ്രീദേവിയും ഒപ്പം കമല്‍ഹാസനും തന്നെ.