സര്‍വ്വോപരി പാലാക്കാരന്‍- റിവ്യൂ

By സി. വി സിനിയ  |  First Published Aug 7, 2017, 3:02 PM IST

സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയുടെ റിവ്യു, സി വി സിനിയ എഴുതുന്നു


സര്‍വ്വോപരി  പാലാക്കാരന്‍ കാണാന്‍ കൊള്ളാവുന്ന സിനിമയെന്നാണ് ഒറ്റ വാക്കില്‍ പറയാന്‍ കഴിയുന്നത്. സമകാലീന സംഭവങ്ങളെ കോര്‍ത്തിണക്കിയ ഒരു  എന്റര്‍ടൈന്‍മെന്റ്  ത്രില്ലര്‍ ചിത്രമാണിത്.  ഒരു പരമ്പരാഗത ക്രിസ്ത്യന്‍  കുടുംബത്തിലെ അംഗമായ  ജോസ്  മാണി എന്ന പാലാകാരന്‍ പോലീസുകാരന്റെ ജീവിതത്തിലൂടെ  കടന്നു പോകുന്ന സംഭവങ്ങളെയാണ് രണ്ടര മണിക്കൂര്‍ സിനിമയിലുടനീളം കാണിക്കുന്നത്. 

Latest Videos

undefined

ജോസ് എന്ന (അനൂപ് മേനോന്‍) പൊലീസുകാരന്റെ  പെണ്ണുകാണലും  വിവാഹാലോചനകളുലൂടെയുമാണ് ചിത്രം ആരംഭിക്കുന്നത്.   താന്‍ പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുന്ന പെണ്ണിനെയാണ്  പൊലീസുകാരന്‍  വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ലിന്റ  (അനു സിത്താര)    എന്ന സുന്ദരിയില്‍ ഈ യജ്ഞം അവസാനിക്കുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.  സിനിമയുടെ ആദ്യ പകുതിയില്‍ നര്‍മ്മം കലര്ന്നതാണ്.എന്നാല്‍ രണ്ടാം പകുതിയിലേക്ക് നീങ്ങുമ്പോള്‍ ഒരു ത്രില്ലര്‍ എന്ന തലത്തിലേക്ക് പോവുകയാണ്. 

പെണ്‍ വാണിഭവുമായി ബന്ധപ്പെട്ട  കേസന്വേഷണമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്.  ആ അന്വേഷണത്തിനിടെ  തിയേറ്റര്‍ ആര്‍ട്ടിസ്റ്റും ചുംബന സമര നായികയുമായ അനുപമ ( അപര്‍ണ ബാലമുരളി) എത്തിപ്പെടുന്നതാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.  'മാംസം വിറ്റ് പൊന്നു വിളയിക്കാം' സിനിമയില്‍ മണിസ്വാമി( നന്ദു) അനുപമയോട് സിനിമയുടെ അവസാന ഭാഗത്ത് പറയുന്ന സംഭാഷമാണിത്. ഇതു തന്നെയാണ് ഈ സിനിമയില്‍ പറയാന്‍ ശ്രമിക്കുന്നതും. 

 പെണ്‍ വാണിഭവും ചുംബന സമരവുമെല്ലാം ചിത്രത്തിലൂടെ കടന്നു പോകുമ്പോള്‍  ഇത് പ്രേക്ഷകരെ  ബോറടിപ്പിക്കാത്ത തരത്തിലാണ് കൊണ്ടുപോകുന്നത്.  ഇതോടൊപ്പം തന്നെ മാധ്യമങ്ങളില്‍ അധികം ശ്രദ്ധ നേടാതെ പോയ  വാര്‍ത്തകള്‍ അതിന്റെതായ പ്രാധാന്യത്തില്‍ ഉള്‍പ്പെടുത്താന്‍  സംവിധായകനും തിരിക്കഥാകൃത്തും അത്രകണ്ട് ശ്രമിച്ചതുകൊണ്ട് ചിത്രത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. 

 ചിത്രത്തില്‍ അല്പം തള്ളികൊള്ളിത്തരവും താന്തോന്നിത്തരവുമുള്ള അനുപമ എന്ന  കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നുണ്ട്. കഥയുടെ രസചരട് മുറിഞ്ഞു പോകാതെ  തുടക്കം മുതല്‍ അവസാനം വരെ സംവിധായകന് പ്രേക്ഷകരെ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 

 ചിത്രത്തിന്റെ അവസാന ഭാഗത്തെ ട്വിസ്റ്റ് പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ഹരവും പകരുന്നു.  അനുപമ നീലകണ്ഠനും മണിസ്വാമിയും തമ്മിലുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തുന്നതോടെ ചിത്രം പരിസമാപ്‍തിയിലേക്ക് എത്തുന്നു.  

 ചിത്രത്തില്‍ പ്രതിശ്രുത വധുവും അപര്‍ണയ്ക്ക്  പൊലീസുകാരനോടുള്ള ഇഷ്ടവുമെല്ലാം കോര്‍ത്തിണക്കി ചെറിയ തോതിലുള്ള പ്രണയം അവതിരിപ്പിക്കാനും ഇവിടെ ശ്രമിച്ചിട്ടുണ്ട്.  ഗായത്രി അരുണിന്റെ പോലീസ് വേഷവും മികവു പുലര്‍ത്തിയിട്ടുണ്ട്. അലന്‍സിയര്‍, ബാലു വര്‍ഗീസ്,  ചാലി പാല, മഞ്ജു സതീഷ്, വനരാജ് എന്നിവ്.  എന്നിവരും മികച്ച രീതിയിലുള്ള  പ്രകടനമാണ് കാഴ്ച്ചവച്ചത്.

എസ് സുരേഷ് ബാബുവിന്റെ  തിരക്കഥയ്ക്ക്  വേണ്ട വിധത്തിലുള്ള  മനോഹാരിത  നല്‍കാന്‍  വേണു ഗോപനെന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പാലയിലും മൂന്നാറിലും മുരഡേശ്വറിലുമായി ചിത്രീകരിച്ച  സിനിമയിലെ ഓരോ ഷോട്ടുകളും ഓരോ പ്രദേശത്തിന്റെ മനോഹാരിതയും ആ പ്രദേശത്തെ മുഴുവനായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.  ആല്‍ബിയാണ്  ക്യാമറ ചെയ്തിരിക്കുന്നത്.   ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന ലൊക്കേഷനുകള്‍ വ്യക്തമായ പഠനം നടത്തിയതിന് ശേഷമാണ്  തിരക്കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്നതെന്ന്  ചിത്രം കാണുമ്പോള്‍ തന്നെ വ്യക്തമാകുന്നുണ്ട്.  ദൃശ്യങ്ങള്‍ക്കു മാത്രമല്ല സംഭാഷണങ്ങളും ആഴത്തില്‍ പ്രേക്ഷകരെ സ്പര്‍ശിച്ചിട്ടുണ്ട്.  അടുത്ത കാലത്തെ സംഭവങ്ങളെല്ലാം വള്ളി പുള്ളി തെറ്റാതെ  കൊണ്ടുവരാന്‍  തിരക്കഥാകൃത്തിന് കഴിയുന്നുണ്ട്. 

ചിത്രത്തിന് ബിജിപാല്‍ ഒരുക്കിയ സംഗീതവും  വിനോദ് സുകുമാരന്റെ  എഡിറ്റും സിനിമയുടെ ഹരം വിട്ടുപോകാതിരിക്കാന്‍ കഴിയുന്നുണ്ട്.   ബി സന്ധ്യ ഐ പി എസ്, ഡോ. മധു വാസുദേവന്‍. ഡോ വേണുഗോപാല്‍, തൃശൂരിലെ ഊരാളി ബാന്‍ഡ് എന്നിവര്‍ രചിച്ച ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
റൂബിഗ്‌സ്  മൂവിസിന്റെ ബാനറില്‍  അഡ്വ. അജിജോസ് ആണ് ചിത്രം നിര്‍മ്മിച്ചത്. 

 ചിത്രത്തില്‍  തമാശയ്ക്ക് അത്ര പ്രാധാന്യമില്ലെഅങ്കിലും  കുറേ ചിരിപ്പിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. അതിലുപരി ആകാംക്ഷയോടെ ഹരത്തോടെ ഈ ചിത്രം കാണാന്‍ കഴിയും. ഇതു തന്നെയാണ് ഈ ഫാമിലി എന്റര്‍ടൈന്‍മെന്റ് ചിത്രത്തിന്റെ പ്രത്യേകതയും നന്മയും എന്നു നിസംശയം പറയാം. 
 

click me!