അടിയൊഴുക്കുള്ള മായാനദി

By Balu KG  |  First Published Dec 22, 2017, 9:32 PM IST

മായാനദിക്ക് ഒഴുക്ക് കുറവാണ്. അത് സ്വച്ഛന്ദമായി, നിശ്ചലമെന്ന തോന്നലുണ്ടാക്കിക്കൊണ്ട് അടിയൊഴുക്കുകളെ സമര്‍ത്ഥമായി ഒളിപ്പിച്ചുകടത്തുന്നു. നിശ്ചലമായ  നദിയുടെ  അടിയൊഴുക്കുകള്‍ക്ക് തീയറ്ററില്‍ അളെക്കൂട്ടണമെങ്കില്‍ അല്പം കാത്തിരിക്കേണ്ടിവരും. ആ കാത്തിരിപ്പ് മറികടക്കാനായാല്‍ ബോക്‌സോഫീസില്‍ ചെറിയ ചില ഓളങ്ങളുണ്ടാക്കാന്‍ മായാനദിക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. 

' ഭാവിയില്‍ ജീവിക്കുന്ന തലമുറ' യുടെ പ്രതിനിധിയായ ജോണ്‍മാത്യു എന്ന മാത്തന്‍ (ടൊവിനോ തോമസ്) മധുരയിലെ ഒരു ക്രിമിനല്‍ സംഘാംഗമാണ്. ആയുധ ഇടപാടിനിടെ കൂട്ടാളികള്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നു. അവിടെ നിന്ന് രക്ഷപ്പെടുന്ന അയാള്‍ കോടിക്കണക്കിന് ഡോളറുമായി കേരളത്തിലേക്ക് കടക്കുന്നു. 

Latest Videos

undefined


ചിട്ടികമ്പനി നഷ്ടത്തിലായപ്പോള്‍ വിഷം ചേര്‍ത്ത ബിരിയാണി കഴിച്ച് ആത്മഹത്യ ചെയ്‍ത കുടുംബത്തില്‍ നിന്ന് രക്ഷപ്പെട്ട ഏകയാളാണ് മാത്തന്‍. അനാഥത്വം സൃഷ്‍ടിച്ച അനിശ്ചിതത്വം അയാളില്‍  ജീവിതത്തോട് അത്രവലിയ ആസക്തിയൊന്നും ഉണ്ടാക്കുന്നില്ല. ഒരു നിര്‍ണ്ണായക നിമിഷത്തില്‍ കാമുകിയെ വഞ്ചിക്കേണ്ടി വന്നതില്‍ അയാള്‍ക്ക് കുറ്റബോധമുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പതുക്കെയാണ് അയാളുടെ ജീവിതയാത്രയും. സങ്കല്‍പിക്കാത്ത നേരത്ത് കൈവരുന്ന പണം അയാളെ പ്രവാസത്തിന് പ്രേരിപ്പിക്കുന്നു. അത് രക്ഷപ്പെടല്‍ കൂടിയാണെന്ന ബോധ്യത്തോടെ.

മധുരയില്‍ നിന്ന് അവിചാരിതമായി കൈവന്ന ഭീമമായ തുകയും കൊണ്ട് അയാള്‍, കേരളത്തിലെ തന്റെ പഴയ കാമുകിയായ അപ്പു എന്ന അപര്‍ണയെ (ഐശ്വര്യ ലക്ഷ്‍മി) കാണാനെത്തുന്നു. കാര്യമായ വരുമാനമൊന്നുമില്ലാത്ത അമ്മയും അനിയനുമിടയില്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ മറികടക്കുവാനുള്ള അപര്‍ണയുടെ ശ്രമങ്ങള്‍ക്കിടെയാണ് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവുമായി മാത്തന്‍ എത്തുന്നത്. അപര്‍ണയുടെ കൂട്ടുകാരി പറഞ്ഞതുപോലെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ആണ്‍കുട്ടികളില്‍ സെറ്റില്‍ഡാവാനുള്ള ടെന്റന്‍സിയുമായാണ് മാത്തന്റെ വരവ്. പക്ഷേ മാത്തന്‍ ഇപ്പോഴും പക്വമാവാത്ത പയ്യനാണെന്ന അപ്പുവിന്റെ നിരീക്ഷണത്തെ സാധൂകരിക്കാന്‍ ടൊവിനോയ്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 


ജനാധിപത്യരാജ്യത്ത് കൊലചെയ്യാനുള്ള അധികാരം പൊലീസിനാണെന്ന് മായാനദിയിലെ കൊലകള്‍ അടിവരയിടുന്നു. അതുപോലെ നടിയായ മുസ്‍ളിം സ്ത്രീയുടെ (ലിയോന ലിഷോയി) സ്വാതന്ത്ര്യം സഹോദരന്റെ (സൗബിന്‍ ഷാഹിര്‍) വിശ്വാസത്തിന് മുന്നില്‍ മുഖത്തടി കിട്ടി താഴെ വീഴുന്നിടത്ത് തീരുന്നു. നഗരത്തിലൂടെ രാത്രി ഒറ്റയ്ക്ക് നടക്കുന്ന നായിക, കണ്ടംവഴി ഓടേണ്ടിവരുമോ എന്ന് ചോദിക്കുന്ന നായകന്‍, വിവാഹപൂര്‍വ്വ ലൈംഗികത തുടങ്ങി സമകാലീന മദ്ധ്യവര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങളെ പലവഴിയിലും സിനിമ പ്രതിനിധീകരിക്കുവാനും അതുവഴി പ്രശ്‌നവത്ക്കരിക്കാനും ശ്രമിക്കുന്നു. 

സിനിമയുടെ മൊത്തം സ്വഭാവത്തില്‍ നിന്ന് പുറത്തുകടക്കാത്ത സംഗീതവും (റെക്‌സ് വിജയന്‍) ക്യാമറയും (ജയേഷ് മോഹന്‍) എഡിറ്റിംഗും (സജു ശ്രീധരന്‍) മായാനദിയുടെ ഒഴുക്കില്‍ ഭംഗമുണ്ടാക്കുന്നില്ല. ശ്യം പുഷ്‌കറും ദിലീഷ് നായരും ചേര്‍ന്നെഴുതിയ സ്‌ക്രിപ്റ്റ് പക്വത പുലര്‍ത്തുന്നു. 

click me!