സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബെംഗളൂരു: മലയാള സിനിമാ മേഖലയിൽ നിന്ന് നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ മുൻപും കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങൾ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുൻ എംപിയുമായ സുമലത. മലയാളത്തിലെന്നല്ല, ഏത് സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തുറന്ന് പറയാൻ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന സ്ത്രീകൾക്ക്, അതിന് കാരണമായ ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങൾ നേരുന്നു. ഒരിക്കലും ഈ മേഖലയിൽ ആരും തുറന്ന് പറയാത്ത പരസ്യമായ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്. മലയാള സിനിമാ മേഖലയിൽ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള സിനിമാ മേഖലയിൽ, സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു ചരിത്രനീക്കമാണിത്. ധൈര്യത്തോടെ മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമൊരുക്കാൻ നമുക്കെല്ലാം ബാധ്യതയുണ്ട്. ഇതിലെല്ലാം നടപടിയുണ്ടാകണമെന്നും സുമലത പറഞ്ഞു.
മലയാളത്തിൽ മുൻപ് കേട്ടിട്ടുള്ള കഥകൾ പലതും പേടിപ്പെടുത്തുന്നതാണ്. ഞാൻ ജോലി ചെയ്ത പല സെറ്റുകൾ കുടുംബം പോലെയായിരുന്നു. അതല്ലാത്ത കഥകളും ഞാൻ കേട്ടിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് തന്നെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് അവർക്കതെല്ലാം തുറന്ന് പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. പരാതി പറയുന്നവരെ മോശം കണ്ണിലൂടെ കാണുന്ന കാലം. അത് മാറുന്നു എന്നതിൽ സന്തോഷമാണ്.
ഞാൻ അത്തരം സംഭവങ്ങൾക്ക് സാക്ഷിയല്ലെങ്കിലും ഇക്കാര്യം ഞെട്ടിക്കുന്നതാണ്. ഞാൻ കണ്ടിട്ടില്ല എന്നത് കൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാൻ ഞാനാളല്ല. മലയാളത്തിൽ എന്തുകൊണ്ട് ഇത്രയധികം പ്രശ്നങ്ങൾ നടക്കുന്നു എന്നെനിക്കറിയില്ല. ഹോട്ടൽ റൂമുകളിൽ പോലും ഒറ്റയ്ക്കാണെങ്കിൽ നിങ്ങൾ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്നമുണ്ട്. പക്ഷേ ശക്തമായ നിലപാടെടുത്താൽ അവർ അതിന് ധൈര്യപ്പെടില്ല. പക്ഷേ മലയാളം സിനിമാ മേഖലയിൽ ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുന്ന നടിമാരുടെ കതകിലിടിക്കുന്ന സംഭവമൊക്കെ ഞാൻ മുമ്പും കേട്ടിട്ടുള്ളതാണ്.
ഏത് മേഖലയിലും അത്തരം പവർ ഗ്രൂപ്പുകളുണ്ട്. രാഷ്ട്രീയത്തിലില്ലേ അത്തരം ഗ്രൂപ്പുകൾ? സെറ്റുകളിലെ സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങൾ കൊണ്ട് വരിക എന്നത് മാത്രമാണ് വഴി. അത് തെറ്റിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കണം. ഇതിന് ഒരു സംഘടനയുടെ സർക്കുലർ അല്ല, കൃത്യമായ നിയമസംവിധാനമാണ് വേണ്ടത്. അത് കൊണ്ടുവരാൻ ഏറ്റവും കൃത്യമായ സമയം ഇതാണ്. ഈ പൊതുനിയമം ഏത് സിനിമാ വ്യവസായത്തിലും കർശനമായി നടപ്പാക്കണം. അതിന് ഭാഷാഭേദം പാടില്ല. യൂണിയനുകളോ സംഘടനകളോ ഒന്നും തൊഴിൽ ദാതാക്കളല്ല. അതിനാൽത്തന്നെ അവർക്ക് ഒരു ചട്ടം നടപ്പാക്കാൻ അധികാരവുമില്ല. അവർ പറയുന്നത് ഒരു നിർമാതാവോ സംവിധായകനോ പ്രൊഡക്ഷൻ ഹൗസോ കേൾക്കണമെന്നുമില്ല. അതിനാൽ സെൻസർ ബോർഡ് മാതൃകയിൽ ദേശീയതലത്തിൽ ഒരു പൊതുസംവിധാനം, ഭരണഘടന പ്രകാരം രൂപീകരിക്കണം. അവരായിരിക്കണം ഈ ചട്ടങ്ങൾ നടപ്പാക്കണ്ടത്. ഈ നാട്ടിലെ സ്ത്രീസുരക്ഷയ്ക്ക് അത്രയെങ്കിലും നമ്മൾ ചെയ്യേണ്ടതല്ലേ?-സുമലത ചോദിക്കുന്നു.
https://www.youtube.com/watch?v=Ko18SgceYX8