"അനുമതി ലഭിച്ചപ്പോള്‍ തീയേറ്റര്‍ കിട്ടാനില്ലെന്ന പ്രതിസന്ധി നേരിട്ടു. സര്‍ക്കാരിന്‍റെ തീയേറ്ററുകളില്‍ തിരുവനന്തപുരം നിളയില്‍ മാത്രമാണ് ഒരു ഷോ ലഭിച്ചത്. തൃശൂരും കോഴിക്കോടുമൊക്കെ അന്വേഷിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി പോലുള്ള വലിയ സിനിമകള്‍ ഉള്ളതുകൊണ്ട് തീയേറ്ററുകള്‍ ഇപ്പോള്‍ തരാനാവില്ലെന്ന നിലപാടിലാണ് കെഎസ്എഫ്‍ഡിസി."
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് പ്രേക്ഷകരിലേക്ക് 'ക ബോഡിസ്കേപ്‍സ്' എന്ന സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്തിയിരുന്നത്. 2014ല്‍ ആരംഭിച്ച സിനിമയ്ക്ക് നിരവധി നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ റിലീസിന് അനുമതി ലഭിച്ചത് കഴിഞ്ഞ മാസം. റിലീസ് അനുമതി ലഭിച്ചെങ്കിലും തീയേറ്ററുകള്‍ കണ്ടെത്താനായി അടുത്ത ബുദ്ധിമുട്ട്. സര്‍ക്കാര്‍ തീയേറ്ററുകള്‍ പോലും പോപ്പുലര്‍ സിനിമകള്‍ ഉണ്ടെന്ന കാരണം പറഞ്ഞ് പ്രദര്‍ശനത്തിന് സമയം നല്‍കുന്നില്ലെന്ന് പറയുന്നു സംവിധായകന്‍ ജയന്‍ ചെറിയാന്‍. സര്‍ക്കാര്‍ തീയേറ്റര്‍ ആകെ ലഭിച്ചത് തിരുവനന്തപുരത്താണ്. നിളയില്‍ ദിവസേന ഒരു പ്രദര്‍ശനം. കഴിഞ്ഞ വാരമായിരുന്നു അത്. ഈ ശനിയാഴ്ച എറണാകുളം സംഗീതയിലും ദിവസേന ഒരു പ്രദര്‍ശനം എന്ന നിലയില്‍ എത്തുകയാണ് കാ ബോഡിസ്കേപ്‍സ്. വര്‍ഷങ്ങളായി ചിത്രത്തിനുവേണ്ടി നടത്തേണ്ടിവന്ന പരിശ്രമങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു ജയന്‍ ചെറിയാന്‍.
തുടക്കം നാല് വര്‍ഷം മുന്‍പ്
undefined
2014ല്‍ തുടങ്ങിയ സിനിമയാണ് ക ബോഡിസ്കേപ്‍സ്. സ്ത്രീശരീരത്തിന്‍റെ ശുദ്ധി-അശുദ്ധിയെക്കുറിച്ചുള്ള ചര്‍ച്ച, 377-ാം വകുപ്പിന്‍റെ പശ്ചാത്തലത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ അദൃശ്യരാക്കുന്ന നിയമം ഇവയൊക്കെ ചര്‍ച്ചാവിഷയമാകുന്ന സിനിമയാണ് ഇത്. ശരീരം രാഷ്ട്രീയ പ്രതിരോധത്തിനുള്ള ആയുധമാക്കിക്കൊണ്ട് സമരങ്ങളുടെ ഒരു പരമ്പര തന്നെ കേരളത്തില്‍ നടന്നിരുന്നല്ലോ. കിസ് ഓഫ് ലൗവും അര്‍ത്തവ സമരവും അടക്കമുള്ളവ. ശരീരം രാഷ്ട്രീയ പ്രതിരോധത്തിനുള്ള ആയുധമാക്കാന്‍ യുവാക്കള്‍ തുടങ്ങുന്നത് പശ്ചാത്തലമാക്കി ഒരു പ്രണയകഥ പറയുകയാണ് ചിത്രം.
പ്രദര്‍ശനാനുമതിയ്ക്കായി നിയമയുദ്ധം
2016ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വേദിയിലായിരുന്നു ആദ്യ പ്രദര്‍ശനം. ഇവിടെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാതിരുന്നതോടെ റിവിഷന്‍ കമ്മിറ്റിയില്‍ അപ്പീലിന് പോയി. സംഘപരിവാര്‍ രാഷ്ട്രീയത്തോട് അടുപ്പം പുലര്‍ത്തുന്നവരായിരുന്നു റിവിഷന്‍ കമ്മിറ്റിയിലും. അവരും അനുമതി നിഷേധിച്ചതോടെ കോടതിയെ സമീപിച്ചു. 2016 സെപ്റ്റംബറില്‍ ഒരു മാസത്തിനകം സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി വിധി വന്നു. എന്നാല്‍ ആ വിധിയെ ഫിലിംസ് ഡിവിഷന്‍ അവഗണിച്ചു. അതിനിടെ ഐഎഫ്എഫ്കെയില്‍ തെരഞ്ഞെടുത്തപ്പോള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഇടപെട്ട് പ്രദര്‍ശനം പാടില്ലെന്ന് പറഞ്ഞു. പഹലാജ് നിഹനാലി സിബിഎഫ്‍സി അധ്യക്ഷന്‍ ആയിരുന്ന കാലത്ത് നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ടു. പിന്നീട് പ്രസൂണ്‍ ജോഷി വന്നതിന് ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. അപ്പോഴും ആര്‍എസ്എസിനെ സംബന്ധിച്ച എല്ലാ പരാമര്‍ശങ്ങളും നീക്കണമെന്ന് പറഞ്ഞു. തീയേറ്റര്‍ റിലീസ് ഇപ്പോഴാണെങ്കിലും മുന്‍പ് 2016 ഐഎഫ്എഫ്കെയില്‍ ഹൈക്കോടതിയുടെ പ്രത്യേക ഇടക്കാല ഉത്തരവോടെ മൂന്ന് പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് ചിത്രം. അന്ന് പ്രദര്‍ശനവേദിയില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ പ്രതിഷേധം നടത്തിയിരുന്നു.
കാലം പ്രതിഫലിപ്പിക്കുന്ന കണ്ണാടി
സ്വകാര്യതയെക്കുറിച്ചുള്ള കോടതിയുടെ നിരീക്ഷണം, ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല എന്ന വിധി, 377 പിന്‍വലിച്ചുകൊണ്ടുള്ള വിധി എന്നിവയൊക്കെ വന്നതിന് ശേഷമാണ് ക ബോഡിസ്കോപ്‍സ് ഇപ്പോള്‍ തീയേറ്ററിലെത്തുന്നത്. ഇപ്പോഴത്തെ റിലീസ് വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. പക്ഷേ ഇപ്പോള്‍ ഈ സിനിമ കണ്ടുകഴിഞ്ഞാല്‍ നമ്മുടെ ചുറ്റും ഇപ്പോള്‍ നടക്കുന്നതൊക്കെ അതിലുണ്ട്.
സര്‍ക്കാര്‍ തീയേറ്ററുകളും വാണിജ്യ സിനിമകള്‍ക്ക് മാത്രം
അനുമതി ലഭിച്ചപ്പോള്‍ തീയേറ്റര്‍ കിട്ടാനില്ലെന്ന പ്രതിസന്ധി നേരിട്ടു. സര്‍ക്കാരിന്‍റെ തീയേറ്ററുകളില്‍ തിരുവനന്തപുരം നിളയില്‍ മാത്രമാണ് ഒരു ഷോ ലഭിച്ചത്. തൃശൂരും കോഴിക്കോടുമൊക്കെ അന്വേഷിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി പോലുള്ള വലിയ സിനിമകള്‍ ഉള്ളതുകൊണ്ട് തീയേറ്ററുകള്‍ ഇപ്പോള്‍ തരാനാവില്ലെന്ന നിലപാടിലാണ് കെഎസ്എഫ്‍ഡിസി. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ അടുത്തമാസം കോഴിക്കോടും തൃശൂരും തീയേറ്റര്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളിലൂടെയും ഫിലിം സൊസൈറ്റികള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയുമൊക്കെയാണ് പ്രചരണം നടത്തുന്നത്. ക ബോഡിസ്കേപ് പോലെയുള്ള ഒരു സിനിമയുടെ നിര്‍മ്മാണം മാത്രമല്ല, വിതരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അങ്ങനെയാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ മനസിലാക്കാനായത്.