മലയാള സിനിമ എക്കാലവും നെഞ്ചേറ്റിയ താരം. കരുത്തിന്റെ, സാഹസികതയുടെ പ്രതീകം. മലയാള സിനിമയുടെ പൗരുഷം. മലയാളത്തിന്റെ ആദ്യ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ വിശേഷണങ്ങള്‍ ഏറെയുള്ള ജയന്‍ എന്ന കൃഷ്‍ണന്‍ നായരുടെ എഴുപത്തിയേഴാം ജന്‍മദിനമാണ് ഇന്ന്. 1939 ജൂലൈ 25നാണ് ജയന്‍ ജനിച്ചത്.
മലയാളി കണ്ടുമടുത്ത രസകൂട്ടുക്കളെ പൊട്ടിച്ച് 1972ല്‍ ശാപമോക്ഷത്തിലൂടെ തുടങ്ങിയ സിനിമാ ജീവിതം. അതും 15 വര്‍ഷത്തെ നേവി ജീവിതത്തിന് ശേഷം. കാല്‍പനിക ഭാവങ്ങളുമായി പ്രേംനസീറും സൂക്ഷ്മഭാവങ്ങളുമായി സത്യനും നിറഞ്ഞ് നിന്ന അക്കാലത്തെ മലയാള സിനിമ. അവര്‍ക്കിടയില്‍ ഓരോ സിനിമ കഴിയുന്തോറും ആണത്തത്തിന്റെ ജ്വലിക്കുന്ന നേര്‍ക്കാഴ്ചയായി ജയന്‍.
undefined
ജയനിലെ ശരീരശാരീര ഭാവങ്ങളെ ആഘോഷമാക്കി ആരാധകര്‍. ശരപഞ്ജരം, കഴുകന്‍, മീന്‍, അങ്ങാടി, കാന്തവലയം, നായാട്ട്, കരിമ്പന മലയാളിയുടെ മനസ്സിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ജയന്‍. ഒടുവില്‍ സാഹസികതയ്ക്ക് പേര് കേട്ട നടന്‍ അതിസാഹസികതയില്‍ എരിഞ്ഞടങ്ങി. കോളിളക്കത്തിലെ ഹെലികോപ്റ്റര്‍ സീന്‍ ജയന്റെ ജീവിതത്തിലെ തന്നെ അവസാന സീനായി. 1980 നവംബര്‍ 16ന് ജയന്‍ വിടവാങ്ങി.
വിടപറഞ്ഞിട്ട് വര്‍ഷം 36 കഴിഞ്ഞെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ജയന്‍ ആണത്തമുള്ള നായകനായി നിറഞ്ഞുനില്‍ക്കുന്നു.