? ആദ്യ സിനിമ ഏറെ നിരൂപക ശ്രദ്ധ നേടിയ സിനിമ ആയിരുന്നു. രണ്ടാമത്തെ സിനിമയിൽ എത്തിയപ്പോഴേക്കും പൂർണമായി മാറിയ ഒരു അവതരണം ആണല്ലോ സിനിമയിൽ. കളം മാറ്റി ചവിട്ടിയതിന്റെ കാരണം?
undefined
ചെയ്യുന്ന സിനിമകളിൽ എല്ലാം തന്നെ വ്യത്യസ്ത ഗണങ്ങളിൽ പെടുന്നതാകണം എന്ന ആഗ്രഹം ഉണ്ട്. അത് തന്നെയാണ് പ്രധാന കാരണം. അതിലുപരി 'അയാൾ ശശി' ചെയ്തിരിക്കുന്നത് കൊമേർഷ്യൽ ആംഗിളിൽ ആണ്. അതിന്റെ പ്രധാന കാരണം സിനിമ കൂടുതൽ പ്രേക്ഷകരിൽ എത്തുക എന്നത് തന്നെയാണ്. ആക്ഷേപ ഹാസ്യം ഉപയോഗിച്ച് വളരെ സീരിയസ് ആയ കാര്യം കൂടുതൽ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശം കൊണ്ടാണ് അയാൾ ശശിയിൽ അവതരണം മാറ്റിപ്പിടിച്ചത്. 'അസ്തമയം വരെ' ഒരു ഫെസ്റ്റിവൽ ചിത്രം എന്ന നിലയിൽ ആയിരുന്നു. ഈ ചിത്രം എല്ലാ പ്രേക്ഷകർക്കും വേണ്ടിയുള്ളതാണ്.
? 'അയാൾ ശശി' എന്ന സിനിമയിലെ പേര് കൊണ്ട് തന്നെ പ്രേക്ഷകർ ഊഹിക്കുന്നുണ്ടാകും സിനിമയുടെ പശ്ചാത്തലം. സംവിധായകന്റെ വാക്കുകളിൽ 'അയാൾ ശശി' എന്ന സിനിമയെ എങ്ങനെ വിശേഷിപ്പിക്കും?
ഈ ശശി എന്ന് പറയുന്ന സംഭവം എല്ലാ പ്രേക്ഷകരുമായും സംവദിക്കുന്ന ഒന്ന് തന്നെയാണ്. അത് തന്നെയാണ് സിനിമയിലും. ശശി ആയി, ശശി ആക്കി എന്നൊക്കെയുള്ള പ്രയോഗം തന്നെ ആണ് സിനിമയിൽ വരുന്നതും. മാത്രമല്ല സിനിമ കാണുന്ന പ്രേക്ഷകനും ഉറപ്പായിട്ടും മനസിലാക്കാൻ പറ്റും. ഈ സംഭവം എന്റെ ജീവിതത്തിലും ഉണ്ടായതാണല്ലോ അല്ലെങ്കിൽ ഞാൻ കണ്ടതാണല്ലോ എന്നിങ്ങനെ. പ്രധാന കഥാപാത്രമായ ശശിയുടെ കാര്യങ്ങൾ പറയുകയാണ്. എനിക്ക് തന്നെ ഉണ്ടായ പല അനുഭവങ്ങളും കണ്ട കാര്യങ്ങളും ഒക്കെ വച്ചിട്ടാണ് ഈ ശശി എന്ന ഒറ്റ കഥാപാത്രത്തിലേക്ക് എത്തിച്ചതും. എല്ലാവരും റിയൽ ആയിട്ടുള്ള കഥാപാത്രങ്ങൾ തന്നെ ആണ്.
? പ്രധാന നടൻ ശ്രീനിവാസൻ ആണല്ലോ. അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറച്ചതൊക്കെ വാർത്ത ആയിരുന്നു. എങ്ങനെയാണ് പ്രധാന നടനിലേക്കു ശ്രീനിവാസൻ എത്തിയത്?
സ്ക്രിപ്റ്റ് പൂർത്തിയായ ശേഷം ആണ് ശ്രീനിയേട്ടൻ മനസ്സിൽ വരുന്നത്. പിന്നെ ആലോചിച്ചപ്പോൾ മനസിലായി അദ്ദേഹം തന്നെ ആണ് ഈ കഥാപാത്രം ചെയ്യാൻ ഏറ്റവും മികച്ച വ്യക്തി എന്ന്. ഈ ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കും അത് മനസിലാകും എന്ന് ഉറപ്പുണ്ട്. അങ്ങനെ ശ്രീനിയേട്ടനെ സമീപിച്ചപ്പോൾ കഥ കേട്ടു, തിരക്കഥ കൊണ്ട് വരൂ എന്നിട്ടുറപ്പിക്കാം എന്ന് പറഞ്ഞു. അങ്ങനെ തിരക്കഥ റെഡി ആയി, ശ്രീനിയേട്ടൻ ഈ സിനിമയിലെ പ്രധാന കഥാപാത്രവും ആയി. ആ സമയത്തു തന്നെ അദ്ദേഹം ഭക്ഷണ ക്രമീകരണങ്ങൾ ഒക്കെ ആയി ശരീര ഭാരം ഒക്കെ കുറച്ചു 'ശശി' ആയി മാറിത്തുടങ്ങിയിരുന്നു.
? മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരുപാട് പുതുമുഖങ്ങൾ കൂടെ ചിത്രത്തിൽ ഉണ്ടല്ലോ. അവരുടെ പ്രകടനങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?
ഏറെ പുതിയ ആൾക്കാരെ കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സാംസ്കാരിക കൂട്ടായ്മ ഒക്കെ വച്ചിട്ടാണ് കഥ മുന്നോട്ടു പോകുന്നത്. എല്ലാവരും നല്ല രീതിയിൽ തന്നെ അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. നീളമുള്ള സംഭാഷങ്ങളും ഷോട്ടുകളും കുറച്ചുള്ള സിനിമ ആയതു കൊണ്ട് തന്നെ നാടകത്തിൽ നമുക്ക് പരിചിതനായ രാജേഷ് ശർമ്മ ഒക്കെ വരുന്നുണ്ട്. പിന്നെ യതാർത്ഥ ജീവിതത്തിൽ കണ്ട ഒരു കഥാപാത്രം ആയിട്ടാണ് അനിൽ നെടുമങ്ങാട് വരുന്നത്. ശ്രീകുമാർ ചെയ്യുന്ന കഥാപാത്രവും അത്തരത്തിൽ ഒരാളാണ്.
? ആദ്യ സിനിമ ഒരു കൊമേഴ്‌സ്യൽ പശ്ചാത്തലത്തിൽ ആയിരുന്നില്ലല്ലോ. രണ്ടാമത്തേത് പൂർണമായും കൊമേർഷ്യൽ ആയി തന്നെ ആണ് വരുന്നത് എന്ന് കരുതുന്നു. സംവിധായകന്റെ സ്വാതന്ത്ര്യം രണ്ടു സിനിമകളിലും വ്യത്യാസപ്പെടുന്നുണ്ടോ?
അങ്ങനെ സ്വാതത്ര്യം എന്നതല്ല, രണ്ടും രണ്ടു രീതികളിൽ ആണ് എന്ന് പറയാം. ആദ്യത്തേത് ഒരു ഇൻഡിപെൻഡന്റ് സിനിമ ആയിരുന്നു. സിനിമയിൽ വലിയ പരിചയം ഉള്ള ഒരാളല്ല ഞാൻ. എങ്കിലും 'അയാൾ ശശി' എത്തിയപ്പോൾ കുറച്ചു കൂടെ കംഫർട് ആണെന്ന് തോന്നി. ശ്രീനിയേട്ടൻ ആയാലും വളരെ പരിചയം ഉള്ള നിർമാതാക്കൾ ഒക്കെ ഈ സിനിമയുടെ ഭാഗം ആയതു കൊണ്ട് തന്നെ എനിക്ക് നല്ല രീതിയിൽ തന്നെ എന്റെ ജോലി ചെയ്യാൻ പറ്റും എന്നുണ്ട്. മുൻപത്തെ ചിത്രത്തിന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ തന്നെ ആണ് ഓടേണ്ടി വന്നത്. ഇവിടെ എല്ലാത്തിനും ആൾകാർ ഉണ്ട്. അപ്പോൾ നമ്മുടെ പണി നമുക്ക് കുറെ കൂടി നന്നായി ചെയ്യാൻ പറ്റും. സിനിമ ഇറങ്ങുമ്പോൾ ആവശ്യത്തിന് തിയേറ്റർ കിട്ടുന്നു എന്നുള്ളതും കാര്യമാണ്. എല്ലാവര്ക്കും ഇങ്ങനെ ആണോ എന്നറിയില്ല. എന്റെ ഈ സിനിമയിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരും നല്ല ആൾകാർ ആയതു കൊണ്ടായിരിക്കാം ഈസി ആയും കംഫർട്ടബിൾ ആളുമാണ് തോന്നിയത്.
? മലയാള സിനിമകളുടെ ഇപ്പോഴത്തെ ട്രെൻഡിൽ ഒരു കാര്യമാണ് 'ഇത്ര കോടി മുടക്കിയ സിനിമ' എന്നത്. സിനിമയുടെ മാർക്കറ്റിങ്ങിലും അത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?
അതിൽ വലിയ കാര്യമില്ല എന്നതാണ് എന്റെ പക്ഷം. ആൾക്കാർ സിനിമയല്ല കാണുന്നത്. അത് നന്നാക്കുക എന്നതാണ് മുഖ്യം. കൂടുതൽ കാശ് മുടക്കി എന്നത് കൊണ്ട് നല്ല സിനിമ ഉണ്ടാകണം എന്ന നിർബന്ധം ഇല്ലല്ലോ. സിനിമയുടെ ഭാഷയൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോൾ രക്ഷാധികാരി ബൈജു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒക്കെ വളരെ നല്ല രീതിയിൽ അവതരിപ്പിക്കപ്പെട്ട സിനിമകൾ ആണ്. ആ ഒരു രീതിയിൽ തന്നെ ആണ് 'അയാൾ ശശി' യും കഥ പറയുന്നത്. സിനിമയുടെ മാർക്കറ്റിങ് ഒരു പ്രധാന കാര്യം തന്നെ ആണ്. നമ്മളുടെ പരമാവധി ചെയ്തിട്ടുണ്ട്. ബാക്കി പ്രേക്ഷകർ ഏറ്റെടുക്കും എന്ന് തന്നെ വിശ്വസിക്കുന്നു.
? സിനിമ ഷൂട്ടിങ്ങിന്റെ ഇടയിൽ എപ്പോഴെങ്കിലും ശശി ആയ അനുഭവം ഉണ്ടായിട്ടുണ്ടോ?
ഒരു സംഭവം ഉണ്ടായത് ഞാൻ എഫ് ബി യിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസം ഷൂട്ടിന്റെ ഇടയ്ക്കു ശ്രീനിയേട്ടന്റെ വണ്ടി പണി മുടക്കിയതും അത് പ്രശ്‌നമില്ലെന്നും പറഞ്ഞു വണ്ടി എടുത്തു ബ്രേക്ക് കിട്ടാതെ അത് പിടിച്ചതും ഒക്കെ. അന്നത്തെ ഷൂട്ട് എന്തായാലും നിർത്തേണ്ടി വരും എന്നാണു കരുതിയത്. പക്ഷെ തൊട്ടടുത്ത നിമിഷത്തിൽ തന്നെ ശ്രീനിയേട്ടൻ നമുക്ക് ബാക്കി ചെയ്യാം എന്ന് പറയുകയായിരുന്നു. സിനിമയിലേക്ക് എത്തിയത് ഒരു പാട് ശശിമാരെ കണ്ടും ശശി ആക്കപ്പെടുകയും ചെയ്ത ശേഷമാണ് എന്നതാണ് സത്യം. ഷൂട്ടിങ്ങിന്റെ ഇടയിൽ എല്ലാം നല്ല അനുഭവങ്ങൾ ആയിരുന്നു.
'അയാൾ ശശി' കാണുന്ന പ്രേക്ഷകരോട്?
തീർച്ചയായും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും ഈ സിനിമ. എല്ലാവര്ക്കും ഇഷ്ടപ്പെടും എന്നും വിശ്വസിക്കുന്നു. ട്രെയ്‌ലറും പാട്ടും ഒക്കെ കണ്ട ശേഷം, ഇങ്ങനെ ഒരു പടം ഇറങ്ങുന്നുണ്ട്, കാണാം എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ കാണുക, നിരാശരാകില്ല. എന്തായാലൂം ഇതൊരു മോശം സിനിമയല്ല എന്ന ഉറപ്പുണ്ട്.