സിനിമ മാത്രമായിരുന്നില്ല, ഇതൊക്കെക്കൂടിയായിരുന്നു ഐ.എഫ്.എഫ്.കെ... കാണാം കേള്‍ക്കാം

By വരുണ്‍ രമേഷ്  |  First Published Dec 16, 2016, 8:38 AM IST

ക്യൂ നിന്ന് തളര്‍ന്നിട്ടുണ്ട്. ആ നേരത്താണ് ചലച്ചിത്ര മേളയുടെ കൊടി ഉയര്‍ന്നത്. ശംഖുമുഖം കടപ്പുറത്ത് നടന്ന കര്‍ട്ടണ്‍ റൈസര്‍ പരിപാടിയില്‍ ഊരാളി പടപ്പാട്ടുമായി രംഗത്തിറങ്ങിയതോടെ എല്ലാ തളര്‍ച്ചയും മാറ്റിവെച്ച് ജനം ഏറ്റുപാടി. വല്ലാത്തൊരു പാട്ടായിരുന്നു ഊരാളിയുടേത്. ഓരോ നോട്ടത്തിലും ഓരോ വാക്കിലും ഊരാളികള്‍ രാഷ്ട്രീയം പറഞ്ഞു. അത് അത്രയ്ക്ക് ശക്തവുമായിരുന്നു. ഊരാളി അന്നുപാടിയ ആ പാട്ടുകേള്‍ക്കാത്തവരാണെങ്കില്‍ ആ പാട്ടുകേട്ട് തിരിച്ചുവരാം. 

Latest Videos

undefined

അങ്ങനെ ഡിസംബര്‍ ഒന്‍പതിന്  വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയ്ക്ക് തിരികൊളുത്തി. എല്ലാ മേളയിലും എന്നതുപോലെ ശശി തരൂര്‍ ഇക്കുറിയും വേദിയിലെത്തിയ വിദേശ പ്രധിനിധികളോട് അവരുടെ ഭാഷയില്‍ സംസാരിച്ച് കൈയ്യടി വാങ്ങി പോക്കറ്റിലിട്ടു. ഉത്ഘാടന പരിപാടിക്ക് അവിടെ എത്താന്‍ സാധിക്കാത്തവരുണ്ടെന്നറിയാം. പരിപാടി കാണാത്തവരും ഉണ്ടാവാം. ദേ കണ്ടോളൂ മേള കൊട്ടിക്കയറിയ ആ നിമിഷങ്ങള്‍.

തൊട്ട് മുന്‍പ് ഗോവയില്‍ കഴിഞ്ഞ ഐ.എഫ്.എഫ്.ഐ കണ്ടവര്‍ ചിലര്‍ നല്ല സിനിമകളിലേക്ക് ഡലിഗേറ്റുകളെ വഴിതെളിയിച്ചു. ക്ലാഷ്, നെരൂദ, സിങ്ക്, ക്ലെയര്‍ ഒബ്‌സ്‌ക്യൂയര്‍ അങ്ങനെ നീളുന്നു. ഒപ്പം മലയാള സിനിമ വിഭാഗത്തില്‍ കാട് പൂക്കുന്ന നേരവും മാന്‍ഹോളും കാണണമെന്നും ഉപദേശം. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മേളയിലെ ഒറ്റ തിയേറ്റര്‍ പോലും ഒഴിഞ്ഞു കിടന്നില്ല. 

കിംകി ഡുക്കിന്റെ ദി നെറ്റ് കാണാന്‍ പക്ഷേ ആദ്യ ദിവസം വലിയ തിരക്കൊന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞവരുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെ സ്ഥിരം ശൈലിയെ വിമര്‍ശിക്കുന്നവരായിരുന്നു അവര്‍. പക്ഷേ കാര്യങ്ങള്‍ പെട്ടെന്നാണ് മാറി മറിഞ്ഞത്. ഇതുവരെ ഡുക്ക് ഉണ്ടാക്കിയ ചിത്രം പോലെയല്ല ഇരു കൊറിയകളുടെയും രാഷ്ട്രീയം പറഞ്ഞ നെറ്റെന്ന് വാര്‍ത്ത പരന്നു. പിന്നെ രണ്ടാം കളിയും മൂന്നാം കളിയും കയ്യാങ്കളിയുടെ വക്കത്തെത്തി. 

വാര്‍ത്ത സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ചെവിയിലും എത്തിക്കാണണം. കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും ഒരുപോലെ വിമര്‍ശന വിധേയമാക്കുന്ന ആ ചിത്രം കണ്ടിട്ടുതന്നെ കാര്യമെന്ന് കരുതി ബാലന്‍ മന്ത്രി തിയേറ്ററിലെത്തി. ബട്ട്, ഒറ്റ സീറ്റും അവിടില്ലായിരുന്നു. അവസാനം ആരോ ഒഴിഞ്ഞുകൊടുത്ത ഒരു കസേരയിലിരുന്ന് മന്ത്രി സിനിമ കണ്ടു. അപ്പോഴും വിമര്‍ശകരില്‍ ചിലര്‍ പൊരിവെയിലത്ത് പേപ്പറും തലയിലിട്ട് തിയേറ്ററിന് മുന്നില്‍ നിരാശരായി നില്‍ക്കുന്നുണ്ടായിരുന്നു. 

ഈ പൊരിവെയില്‍ പ്രശ്‌നമല്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു  മേളയില്‍. ജീവിതം മുഴുവന്‍ രാവും പകലും പൊതുസമൂഹത്തിന്റെ വേട്ടയാടലുകള്‍ക്ക് മുന്നില്‍ പകച്ചു നിന്നുപോയ ചിലര്‍. ട്രാന്‍സ് ജെന്ഡേഴ്സ്... മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സ് ജെന്‍ഡേഴ്സിന്‍റെ സിനിമകള്‍ ശ്രദ്ധേയമായ ഇടം നേടിയിരുന്നു. അങ്ങനെ മേളയിലേക്ക് അവരും ഒഴുകിയെത്തി. 

എല്ലാവരുടെയും കൈയ്യില്‍ ക്യാമറയുണ്ട്. നല്ല മുന്തിയ ക്യാമറകള്‍. അതിനിടയിലേക്കാണ് മോണോപ്പോഡില്‍ ഘടിപ്പിച്ച ഫോണ്‍ ക്യാമറയില്‍ മേള പകര്‍ത്താന്‍ ഓണ്‍ലൈന്‍ മീഡിയാ പ്രവര്‍ത്തകര്‍ കൂട്ടത്തോട്ടെ പൊട്ടിവീണത്. ആദ്യം കൗതുകമായിരുന്നു കണ്ടുനിന്നവര്‍ക്ക്. പിന്നെ പെട്ടെന്ന് കാര്യങ്ങള്‍ മാറിമറഞ്ഞു. എന്താണെന്നല്ലേ, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയില്‍ മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ പത്രസമ്മേളനം മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ അരങ്ങേറി. നടന്‍ വിനയ് ഫോര്‍ട്ടായിരുന്നു തല്‍സമയം മൊബൈല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ചോദ്യങ്ങളെ നേരിട്ടത്. 

സെന്‍സര്‍ ബോര്‍ഡിന്റെ സെന്‍സില്ലായ്മ്മയെക്കുറിച്ചായിരുന്നു വിനയ്‌ഫോര്‍ട്ടിന് ഏറെ പറയാനുണ്ടായിരുന്നത്. ഒപ്പം തന്റെ പുതിയ ചിത്രമായ ഗോഡ്‌സെയെക്കുറിച്ചു. അപ്പോള്‍ കേട്ടുവരാം. 

മേളയുടെ മൂന്നാം ദിവസവും ഉച്ചതിരിഞ്ഞ് ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനം നടന്നു. കാട് പൂക്കുന്ന നേരത്തിന്റെ സംവിധായകന്‍ ഡോ. ബിജുവും സിനിമയുടെ അണിയറ പ്രവര്‍ത്തകരും മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ നിരന്നിരുന്നു. അനീതിക്കെതിരെ തോക്കെടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ട മാവോയിസ്റ്റുകളെക്കുറിച്ചായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. 

കാ ബോഡീ സ്‌കേപ്പ്. പല കാരണങ്ങള്‍ കൊണ്ട് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ചിത്രമാണ്. അവസാനം കോടതി വിധിയിലൂടെയാണ് ആ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയായിരുന്നു ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ഐ.എഫ്.എഫ്.കെയില്‍ നടന്നത്. ജയന്‍ ചെറിയാനും പറയാനുണ്ടായരുന്നു ചില കാര്യങ്ങള്‍ അവരും ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം തല്‍സമയം ചിത്ര വിശേഷങ്ങള്‍ പങ്കുവെച്ചു. 

നല്ല സിനിമകളുടെ ഇടവേളകളില്‍ സൗഹൃദക്കൂട്ടങ്ങളുടെ പാട്ടും കൂത്തും മേളയുടെ താളമായി. സിനിമയ്ക്ക് കയറാന്‍ സാധിക്കാത്തവര്‍ക്ക് നല്ല നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതായിരുന്നു. അക്കൂട്ടത്തിലേക്കാണ് രശ്മി സതീഷിന്റെ രസ ബാന്റ് പാടിക്കയറിയത്. എന്താണീ 'രസ' എന്നല്ലേ, രശ്മി സതീഷ് തന്നെ അതിന് ഉത്തരം തരും. ദേ കണ്ടോളൂ. 

പിന്നെ പാട്ടുമായെത്തിയത് കുട്ടപ്പന്‍ ചേട്ടനായിരുന്നു. സി.ജെ കുട്ടപ്പന്‍. അതൊരു പാട്ടുതന്നെയായിരുന്നു. കേട്ടിരുന്ന ആരും എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തുപോകുന്ന നല്ല ഉശിരന്‍ നാടന്‍ പാട്ട്. പാട്ട് കഴിയാറായപ്പോള്‍ കാണികളെല്ലാം സ്‌റ്റേജിലെത്തി കുട്ടപ്പന്‍ ചേട്ടനൊപ്പം ചേര്‍ന്ന് ആടിത്തിമിര്‍ത്തു.

പാട്ടും മേളവും മാത്രമല്ല, പ്രതിഷേധത്തിന്റെയും എതിര്‍ ശബ്ദങ്ങളുടെയും മേള കൂടിയായിരുന്നു  അന്താരാഷ്ട്രാ  ചലച്ചിത്രോത്സവം. ദേശീയഗാന വിവാദവും കാ ബോഡിസ്‌കേപ്പ് എന്ന ചിത്രം ഹിന്ദു വിരുദ്ധമാണെന്ന ശബ്ദവും മേളയെ സംഘര്‍ഷ ഭൂമിയാക്കി. ഒപ്പം സംഘപരിവാര്‍ സംഘടനകള്‍ ഐ.എഫ്.എഫ്.കെ ചെയര്‍മാന്‍ കമലിനെതിരെ രംഗത്തെത്തിയതും മേളയെ ചൂടുപിടിപ്പിച്ചു. 

ദേശീയഗാനത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന കമലിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യം പറഞ്ഞുകൊണ്ട് അവര്‍ ജീന്‍സും ഷര്‍ട്ടുമിട്ട കമലിന്റെ ഒരു കോലവുമായി കലാഭവന്‍ തിയേറ്ററിലേക്ക് മാര്‍ച്ച് നടത്തി. 

പക്ഷേ ഈ വിവാദങ്ങളോട് കമലിന് മറുപടി ഉണ്ടായിരുന്നു. ദേശീയഗാനവിവാദവും കാ ബോഡീസ്‌കേപ്പ് മേളയില്‍ പ്രദര്‍ശിപ്പിച്ചതിനെക്കുറിച്ചുമെല്ലാം കമല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചു. എല്ലാവരെയും പാക്കിസ്ഥാനിലേക്ക് നാടുകടത്തിയ ശേഷം നിങ്ങളീ നാടിനെ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു കമലിന്റെ മറുചോദ്യം. 

ഇതിനിടയിലേക്കാണ് ഡിങ്കോയിസ്റ്റുകള്‍ എത്തിയത്. എന്താണ് പരിപാടി എന്ന് ആദ്യമാര്‍ക്കും മനസ്സിലായില്ല. ഡിങ്ക പൗര്‍ണമി ദിനത്തില്‍ ഡിങ്കാലാല മഹോത്സവം നടത്തുന്നു എന്ന് മാത്രമായിരുന്നു അറിയിപ്പ്. കാത്തിരിപ്പിനൊടുവില്‍ ഒരു കൈയ്യില്‍ കപ്പയുമായി അവരെത്തി. 

അങ്ങനെ മേളയില്‍ സിനിമയും ആട്ടവും പാട്ടും അവസാനിക്കുകയാണ്. അടുത്ത വര്‍ഷം വീണ്ടും കാണാമെന്നുപറഞ്ഞ്  ഉപചാരം ചൊല്ലി പലരും വടക്കോട്ടും കിഴക്കോട്ടും വണ്ടികയറി. എങ്ങോട്ടും പോവാനില്ലാത്തവര്‍ ഒഴിഞ്ഞ ഉത്സവപ്പറമ്പില്‍ ഒറ്റയ്ക്കായതിന്റെ വിഷമത്തിലാവണം.

എന്തായാലും അന്താരാഷ്ടാ ചലച്ചിത്രോത്സവം കേരളത്തിലെ ഏറ്റവും വലിയ മതേതര ഇടമാണ്. അവിടേക്ക് തുറിച്ചുനോക്കുന്ന കണ്ണുകള്‍ ഏറെയാണ്. ഈ കൂട്ടത്തെ, കൂട്ടായ്മയെ പൊളിച്ചടുക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ ഈ മേളയെ ഏറ്റെടുത്ത് ഇല്ലാതാക്കുമെന്ന ഭയം ചെറുതല്ല. എങ്കിലും അത്ര പെട്ടെന്ന് ഇടിച്ചുകയറി നിരപ്പാക്കാനാവാത്ത ഒരു മണ്ണാണ് കേരളം. അതുമാത്രമാണ്  ആശ്വാസവും. 

ചലച്ചിത്രമേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം....

tags
click me!