ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് സാന്ദ്ര തോമസ് ചോദിച്ചു. ഇതിനർത്ഥം എല്ലാ സംഘടനകളിലും പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്നല്ലേയെന്നും സാന്ദ്ര തോമസ് ചോദിക്കുന്നു. ഫേസ്ബുക്കിലാണ് നിർമാതാവു കൂടിയായ സാന്ദ്ര തോമസിന്റെ പ്രതികരണം.
ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
അതേസമയം, ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി ജി പിയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ. ഹർജി ഇന്ന് പരിഗണക്കുന്ന ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തിൽ നിർണായകമാകും.
പോസ്റ്റിന്റെ പൂർണ്ണരൂപം:
സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം.
കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കോംപ്റ്റിറ്റിവ് കമ്മീഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്. ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവർക്കും അറിയാം. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയും. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന് വ്യക്തമാക്കണം.
https://www.youtube.com/watch?v=Ko18SgceYX8