നടനായി എത്തി സംവിധായകനായും തിളങ്ങിയവര്‍!

By Web Desk  |  First Published May 27, 2016, 7:41 AM IST

മലയാളത്തില്‍ നിരവധി നടന്‍മാര്‍ സംവിധാനകലയിലും ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ചിലര്‍ വിജയിക്കുകയും മറ്റു ചിലര്‍ ഒന്നോ അല്ലെങ്കില്‍ ചുരുക്കും ചില സിനിമകള്‍ മാത്രം ചെയ്‍ത് സംവിധാനം മതിയാക്കി അഭിനയത്തില്‍ തന്നെ തുടരുകയും ചെയ്‍തിട്ടുണ്ട്. സംവിധായകനായി തുടങ്ങി പിന്നീട് അഭിനേതാക്കളായി മാറിയവരും മലയാളത്തിലുണ്ട്. നടനായി തുടങ്ങി പിന്നീട് സംവിധായകരായി തിളങ്ങിയ ചിലരെ കുറിച്ചാണ് ഇവിടെ പറയുന്നത്.

Latest Videos

undefined

വേണു നാഗവള്ളി

ഇരുന്നോറോളും സിനിമകളില്‍ അഭിനയിക്കുകയും 12ഓളം സിനിമകളും സംവിധാനം നിര്‍വഹിക്കുകയും ചെയ്‍ത ചലച്ചിത്രകാരനാണ് വേണു നാഗവള്ളി. 1990കളില്‍ വേണു നാഗവള്ളി ഭാഗമായ മിക്ക സിനിമകളും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. വേണു നാഗവള്ളി സംവിധാനം ചെയ്‍ത 12 സിനിമകളില്‍ ഒന്പത് എണ്ണത്തിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. 2009ല്‍ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത് ആണ് വേണു നാഗവള്ളി ഏറ്റവും ഒടുവില്‍‌ സംവിധാനം ചെയ്‍ത ചിത്രം. 2010ല്‍ വേണു നാഗവള്ളി അന്തരിച്ചു.

പ്രതാപ് പോത്തന്‍

ഭരതന്റെ തകര എന്ന സിനിമയില്‍ നായകനായി ആയിരുന്നു പ്രതാപ് പോത്തന്‍ വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് കുറച്ചു സിനിമകളില്‍ അഭിനയിച്ച ശേഷം പ്രതാപ് പോത്തന്‍ സംവിധാനരംഗത്തേയ്‍ക്കു മാറി. തമിഴിലും തെലുങ്കിലും മലയാളത്തിലും പ്രതാപ് പോത്തന്‍ സിനിമകള്‍ സംവിധാനം ചെയ്‍തു. മലയാളത്തില്‍ ഋതുഭേദം എന്ന സിനിമയ്‍ക്ക് മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് പ്രതാപ് പോത്തനു ലഭിച്ചു. ഋതുഭേദത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‍കാരം തിലകനും ലഭിച്ചു. ഡേയ്സി, ഒരു യാത്രാമൊഴി എന്നിവയാണ് പ്രതാപ് പോത്തന്റെ ശ്രദ്ധേയമായ മറ്റു സിനിമകള്‍. ഒരിടവേളയ്‍ക്കു ശേഷം അഭിനേതാവായി വെള്ളിത്തിരയിലേക്ക് തിരിച്ചുവന്ന പ്രതാപ് പോത്തന്‍ പുതിയ ഒരു സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ആണ് പ്രതാപ് പോത്തന്‍ ചിത്രമൊരുക്കുന്നത്.


ശ്രീനിവാസന്‍

മലയാളത്തിലെ ഏറ്റവും ജനപ്രിയ നടനാണ് ശ്രീനിവാസന്‍. രണ്ടു ദശാബ്‍ധത്തിലേറെയായി ശ്രീനിവാസന്‍ വിജയകരമായി അഭിനയരംഗത്തും തിരക്കഥാരംഗത്തും തുടരുന്നു. 1989ല്‍ ആണ് ശ്രീനിവാസന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. വടക്കുനോക്കിയന്ത്രം എന്ന ശ്രീനിവാസന്‍ സിനിമ  വലിയ ഹിറ്റാകുകയും ഇപ്പോഴും ജനപ്രിയമായി തുടരുകയും ചെയ്യുന്നു. 1998ല്‍ ചിന്താവിഷ്‍ടയായ ശ്യാമള എന്ന ചിത്രവും ശ്രീനിവാസന്‍ സംവിധാനം ചെയ്‍തു. ചിത്രവും സാന്പത്തിക വിജയം നേടുകയും ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്‍തു.

ജഗതി ശ്രീകുമാര്‍

മലയാളസിനിമയുടെ ചിരിയുടെ തന്പുരാന്‍ ജഗതിയുടെ അഭിനയത്തെ കുറിച്ച് വിശേഷണങ്ങള്‍ ആവശ്യമില്ല. ജഗതിയും രണ്ട് സിനിമകള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. കല്യാണ ഉണ്ണികളും അന്നക്കുട്ടി കോടന്പാക്കും വിളിക്കുന്നുവും.


മധുപാല്‍

വില്ലന്‍ വേഷങ്ങളടക്കം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് മധുപാല്‍. ചെറുകഥാകൃത്തു കൂടിയായ മധുപാലിന്റെ കരിയര്‍ മാറുന്നത് സംവിധാന രംഗത്തേയ്ക്ക് എത്തുന്നതോടെയാണ്. തലപ്പാവ് ആണ് ആദ്യം സംവിധാനം ചെയ്‍ത ചിത്രം. മികച്ച നടന്‍ (ലാല്‍), മികച്ച നവാഗത സംവിധായന്‍ എന്നീ സംസ്ഥാന അവാര്‍ഡും മികച്ച സിനിമയ്‍ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും അടക്കും നിരവധി പുരസ്‍കാരങ്ങള്‍ തലപ്പാവിനു ലഭിച്ചു. ഒഴിമുറിയാണ് മധുപാലിന്റെ സംവിധാനത്തില്‍ പുറത്തുവന്ന മറ്റൊരു ചിത്രം.

വിനീത് ശ്രീനിവാസന്‍

ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍ ഗായകനായാണ് ആദ്യം സിനിമയുടെ ഭാഗമാകുന്നത്. പിന്നീട് സൈക്കിള്‍ എന്ന ചിത്രത്തിലൂടെ നായകനായി. മകന്റെ അച്ഛന്‍ എന്ന സിനിമയിലും നായകനായ വിനീത് ശ്രീനിവാസനെ പിന്നീട് കണ്ടത് സംവിധായകന്റെ വേഷത്തിലായിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രമായിരുന്നു ആദ്യ സംവിധാന സംരഭം. പിന്നീട് അഭിനയരംഗത്തും തുടര്‍‌ന്ന വിനീത് ശ്രീനിവാസന്‍ തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ സിനിമകള്‍ കൂടി സംവിധാനം ചെയ്‍തു.


സിദ്ധാര്‍ഥ് ഭരതന്‍

സംവിധായകന്‍ ഭരതന്റെ മകനായ സിദ്ധാര്‍‌ഥ് ഭരതന്‍ നമ്മള്‍ എന്ന ചിത്രത്തിലെ നായകന്‍മാരില്‍ ഒരാളായാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് ചില ചിത്രങ്ങളില്‍ കൂടി അഭിനയിച്ച സിദ്ധാര്‍‌ഥ് ഭരതന്‍ നിദ്ര എന്ന സിനിമയിലൂടെ സംവിധായകനായി. ഭരതന്റെ തന്നെ നിദ്ര എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. പിന്നീട് ചന്ദ്രേട്ടാ എവിടെയാ എന്ന ചിത്രം കൂടി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍തു.


നാദിര്‍ഷ

മിമിക്രി താരം എന്ന നിലയിലാണ് നാദിര്‍ഷ ശ്രദ്ധേയനാകുന്നത്. പിന്നീട് സഹനടനായും സംഗീതസംവിധായകനായും സിനിമയുടെ ഭാഗമായി. അമര്‍‌ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്.


ഗീതു മോഹന്‍‌ദാസ്


ബാലതാരമായിട്ടാണ് ഗീതു മോഹന്‍‌ വെള്ളിത്തിരയില്‍ എത്തുന്നത്. മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗീതു മോഹന്‍‌ദാസ് പിന്നീട് നായികയായി മികച്ച നടിക്കുള്ള അവാര്‍ഡും സ്വന്തമാക്കി. കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രം ആണ് ആദ്യമായി സംവിധാനം ചെയ്‍തത്. പിന്നീട് ലയേഴ്സ് ഡയറി എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്‍തു.


രേവതി

മലയാളം, തമിഴ്, തെലുങ്കു ഭാഷകളില്‍ നായികയായി തിളങ്ങിയ നടിയാണ് രേവതി. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡും മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍‌ഡും ലഭിച്ചു. മിത്ര് മൈ ഫ്രണ്ട് ആണ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം. മികച്ച ഇംഗ്ലീഷ് സിനിമ, മികച്ച നടി (ശോഭന) എന്നീ ദേശീയ പുരസ്‍‌കാരങ്ങളും മിത്ര് മൈ ഫ്രണ്ടിനു ലഭിച്ചു. ഫിര്‍‌ മിലേംഗ എന്ന ഹിന്ദി ചിത്രം, കേരള കഫേയിലെ മകള്‍ എന്ന മലയാളം ഹ്രസ്വചിത്രം, മുംബൈ കട്ടിംഗ് എന്ന ഹിന്ദി ചിത്രം, റെഡ് ബില്‍ഡിംഗ് വെയര്‍ ദ സണ്‍ സെറ്റ്സ് എന്ന ഹ്രസ്വ ചിത്രവും രേവതി സംവിധാനം ചെയ്‍തു. റെഡ് ബില്‍ഡിംഗ് വെയര്‍ ദ സണ്‍ സെറ്റ്സിനും ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

click me!