വെള്ളിത്തിരയിലെ ഫഹദിന്റെ ജീവിതം. സുധീഷ് പയ്യന്നൂര്‍ എഴുതുന്നു.
ഫാൻസ് അസോസിയേഷനുകൾ കൊണ്ട് ആർപ്പു വിളികൾ ഇല്ല. അമാനുഷിക പ്രകടനം കൊണ്ട് പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നില്ല. സൗന്ദര്യം എന്നതിന്റെ അടയാളമായി, എത്രയോ വർഷമായി മലയാളികൾ കരുതിയിരുന്ന സവിഷേതകൾ വലുതായി ഇല്ലാതെ തന്നെ അഭ്രപാളികളിൽ വിസ്ഫോടനം സൃഷ്‍ടിക്കുന്നുണ്ട് അടുത്ത കാലത്തൊക്കെ. ഫഹദിനെ പൂർണമായി പുറത്തു നിർത്തി സോളമനും അയ്മനം സിദ്ധാർത്ഥനും അലോഷിയും മഹേഷും ഒടുവിൽ കള്ളൻ പ്രസാദ് വരെ. രണ്ടാം വരവിൽ കണ്ടത് ഓരോ സിനിമയ്ക്കപ്പുറവും വളരുന്ന നടനെയല്ല, കാമ്പുള്ള നടന്റെ വിവിധ തലങ്ങളാണ്. തന്നിലെ നടനെ എങ്ങനെ വേണമെങ്കിലും ഉപയോഗിച്ചോളൂ എന്ന് സംവിധായകന് ഉറപ്പു നൽകുന്ന നടൻ.
undefined
പഴയ ഷാനു അല്ല ഫഹദ്
രണ്ടായിരത്തി രണ്ടിൽ ചോക്ലേറ്റ് ഹീറോയുടെ ഭാവതലത്തിലേക്ക് മകനെ കൈ പിടിച്ചുയർത്താൻ ഫാസിൽ തന്നെ സംവിധാനം നിർവഹിച്ചപ്പോൾ, സച്ചിൻ മാധവൻ എന്ന കഥാപാത്രം പ്രേക്ഷകർ ഒരിക്കലും കൂടെ നിർത്താൻ ആഗ്രഹിക്കാത്ത സ്‌പേസിലേക്കു വീണു പോയി. കയ്യെത്തും ദൂരത്തല്ല തന്റെ സാമ്രാജ്യം എന്ന് ചിലപ്പോൾ ഷാനുവും തിരിച്ചറിഞ്ഞിട്ടുണ്ടാകും. പിന്നീട് ഷാനു എവിടെ എന്ന് പ്രേക്ഷകരും ചോദിച്ചില്ല. ഏഴു വർഷങ്ങൾക്കു ശേഷം തിളങ്ങുന്ന കണ്ണുകളുമായി കഷണ്ടിയുള്ള ചെറുപ്പക്കാരൻ പുതിയ സാമ്രാജ്യത്തിന്റെ ആദ്യ പടവുകൾ കയറി തുടങ്ങി. പഴയ ഷാനു അല്ല.. ഫഹദ്.. ഇവൻ കള്ളനായല്ല, എരുമ ആയിട്ടും അഭിനയിക്കുമെന്ന് പ്രേക്ഷകർ ആവേശത്തോടെ പറയുന്ന നമ്മളുടെ പ്രിയപ്പെട്ട ഫഹദ്. കേരള കഫെ യിലെ മൃത്യുഞ്ജയം എന്ന സിനിമയിലെ ആ ജേണലിസ്റ്റ് വന്നു നോക്കിയത് മലയാള സിനിമയെത്തന്നെ ആയിരുന്നു. 2010ൽ, ആ ചെറുപ്പക്കാരനെ വീണ്ടും നാല് സിനിമകളിൽ ചെറുതും വലുതുമായ റോളുകളിൽ കണ്ടു.
മാറ്റത്തിന്റെ നായകന്‍
തൊട്ടടുത്ത വർഷം അടുത്ത പടവുകൾ മെല്ലെ കയറി തുടങ്ങി ഫഹദ്. സമീർ താഹിറിന്റെ ആദ്യ സംവിധാന സംരംഭത്തിൽ വിനീത് ശ്രീനിവാസനൊപ്പം നായകാനായി ഫഹദും. അർജുൻ എന്ന കഥാപാത്രം അർജുനനെ പോലെ തേര് തെളിച്ചു വന്നു. നന്മയുടെ പൂമരമായ നായകനിൽ നിന്നു മാറി യുവാക്കളും അവരുടെ സ്വഭാവങ്ങളും പറഞ്ഞു നമ്മളിലൊരാൾ തന്നെ ആയി അർജുനും.പദ്മശ്രീ ഡോക്ടർ സരോജ് കുമാർ മൊത്തത്തിൽ ആർക്കോ വേണ്ടി തിളച്ച സാമ്പാർ ആയിരുന്നെങ്കിലും അലക്സ് സാമുവലിന്റെ പ്രേക്ഷകർ ഓർക്കുന്നുണ്ട്. കണ്ടാൽ സൗമ്യനാണെന്നും നിഷ്കളങ്കൻ ആണെന്നും തോന്നിപ്പിക്കുമെങ്കിലും ഉള്ളിലൊളിപ്പിച്ച ദുഷ്‍ട്സ്വഭാവത്തെ പുറത്തെടുത്തപ്പോൾ നായകനെന്ന ആൺ മേൽക്കോയ്മയെ പക്ഷാഘാതം വരുത്തി കിടക്കയിൽ കെടത്തുന്നുണ്ട് ടെസ്സ. ആഷിക് അബുവിന്റെ സംവിധാനത്തിൽ വന്ന 22 ഫീമെയിൽ കോട്ടയം, നായക കേന്ദ്രീകൃത സിനിമ സങ്കല്പങ്ങളെ തല്ലിക്കെടുത്തുമ്പോൾ ഫഹദ് വീണ്ടും മാറ്റത്തിന്റെ നായക പദവിയിലേക്ക് നടന്നു നീങ്ങുകയായിരുന്നു.
ന്യൂജൻ ഹീറോയും പ്രണയനായകനും
ന്യൂജൻ ഹീറോയെന്നും ഹഫദ് ബർമുഡ ഇട്ടാൽ ആഹാ എന്നും പറയുന്ന പ്രേക്ഷകർക്കിടയിൽ യുവത്വത്തിന്റെ ലാവിഷ് ജീവിതം പറഞ്ഞു ഫഹദ് വീണ്ടും കയ്യടി നേടി. ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസിലെ ഡോക്ടർ അരുൺ.. അരുണേട്ടാ ഐ മിസ് യു. അത്രത്തോളം ആ കള്ളത്തരങ്ങൾ മലയാളികൾ കയ്യടിച്ചു ആഘോഷിച്ചിട്ടുണ്ട്. ആഘോഷം നിറഞ്ഞ ജീവിതത്തിനപ്പുറത്തേക്കു സാധാരണക്കാരനായ ഓട്ടോക്കാരനായി 'ഫ്രൈഡേ' യിൽ ഫഹദിനെ കണ്ടു..
പ്രണയം ആഘോഷിച്ച മലയാള സിനിമയുടെ മുറ്റത്തേയ്‍ക്ക് ജീവിതം തുറന്നു വച്ച് 'അന്നയും റസൂലും' വന്നപ്പോൾ സ്ക്രീനിലെ കാഴ്ചയ്ക്കപ്പുറത്തേയ്‍ക്കു റസൂലിനെ അന്വേഷിക്കുന്നവർ ഉണ്ട് ഇപ്പോഴും. നത്തോലി എന്ന വിളികൾക്കിടയിൽ തന്നിലെ തന്നെ തരണം ചെയ്യാൻ പേനയെടുത്ത പ്രേമനെ മലയാളികൾ കണ്ടില്ലെന്നു നടിച്ചതാകാം.. പക്ഷെ അങ്ങനെ നടിക്കാൻ, പ്രേക്ഷകനെ വെറുതെ വിടാൻ ആ നടൻ ഒരുക്കമല്ലായിരുന്നു. കളിയും ചിരിയുമായി തന്റെകൂടെ പ്രേക്ഷകനെയും കൂട്ടി സോളമൻ കുമരംകരിയിലേക്ക്,. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേൻ'.. സോളമനോടുള്ള വല്ലാത്ത ഇഷ്‍ടം കൊണ്ടാവാം അവനൊന്നു ജയിച്ചു കിട്ടാൻ പ്രേക്ഷകനും അവസാനം വരെ കാത്തിരുന്നത്. 'റെഡ് വൈനിലെ' സഖാവ് അനൂപും 'ഇമ്മാനുവലി'ലെ ജീവനും അയൽക്കാരനായി നിന്നും പ്രകടനത്തിന്റെ മുമ്പന്തിയിലേക്കു വന്നവയാണ്. അതിനിടയിൽ പ്രേക്ഷകൻ കാണാതെ പോയത് അകത്തിലെ ശ്രീനിയേയും ഒളിപ്പോരിലെ അജയനെയും ഡി കമ്പനിയിലെ കൗശലക്കാരനായ ഡോക്ടർ സുനിൽ മാത്യുവിനേയുമായിരുന്നു. എങ്കിലും അഞ്ചു സുന്ദരികളിലെ അജ്മലും ഓന്റെ വർത്തമാനവും കടംകഥയ്‍ക്ക് ഉത്തരം കണ്ടെത്തലും ഒരു രസമായിരുന്നു.. 2013 അവിടം കൊണ്ടും അവസാനിച്ചില്ല.. അഭിനയത്തിന് അവാർഡിന്റെ തിളക്കം കൊടുക്കാൻ നോർത്ത് 24 കാതത്തിലെ ഹരി കൃഷ്‍ണനും ആര്‍ട്ടിസ്റ്റിലെ മൈക്കലും പിറവിയെടുത്തപ്പോൾ പുതിയ കാല യുവ രാഷ്‍ട്രീയ ചിന്തകളിലേക്ക് അയ്മനം സിദ്ധാർത്ഥനും വന്നു.
അന്ധ കഥാപാത്രത്തെ മികവുറ്റതാക്കിയെങ്കിലും തിയേറ്റർ വിജയത്തിലേക്ക് പോകാതെ നിന്നു ആർട്ടിസ്റ്റ്. 'വൃത്തി, വൃത്തി' എന്ന് കരുതി മാത്രം ജീവിക്കുന്നവന്റെ ജീവിതത്തിലെ കാഴ്ചകൾ തിയേറ്ററിലെ വിജയമായി. വർത്തമാനത്തിൽ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഇന്ത്യൻ പ്രണയ കഥയും വിജയ തിലകം ചൂടി.
ശിവദാസും അലോഷിയും
2014 ന്റെ പ്രതീക്ഷകളിൽ ഒന്നായിരുന്നു വൺ ബൈ ടു വിലെ യൂസഫ് മരിക്കാർ എങ്കിൽ ഫഹദ് എന്ന നടനിലേക്കു മാറ്റിവയ്ക്കപ്പെടാത്ത കഥാപാത്രമായി അത് ഒതുങ്ങി. ഗോഡ്സ് ഓൺ കൺട്രിയിലെ മനു കൃഷ്‍ണയും മണി രത്നത്തിലെ നീൽ ജോൺ സാമുവലും നടനെന്ന നിലയിൽ ഫഹദിനെ അടയാളപ്പെടുത്താതിരിക്കുകയും താര കേന്ദ്രീകൃത സിനിമ കാഴ്ചകളിൽ പിറകോട്ടുപോവുകയും ചെയ്തു. അതിനിടയിൽ മലയാളത്തിലെ വൻ ഹിറ്റുകളിൽ ഒന്നിൽ ഫഹദ് വന്നു. ബാംഗ്ലൂർ ഡേയ്സിൽ ശിവദാസായി. സിനിമയുടെ തുടക്കത്തിൽ ഇവനെന്താ ഇങ്ങനെ എന്ന് ചോദിച്ചവർക്കുള്ള മറുപടി സിനിമ തന്നെ കൊടുത്തപ്പോൾ അജുവിന്റെയും കുട്ടന്റേയും കുഞ്ചുവിന്റെയും കൂടെ ശിവദാസും വന്നു.. 2014ന്റെ അവസാനത്തിൽ വീണ്ടും ഞെട്ടിച്ചു. ഇയോബിന്റെ പുസ്തകം.. അമാനുഷികതയ്ക്കപ്പുറത്തേക്കു ജീവിതം കൊണ്ടും കാഴ്ചപാടുകൾ കൊണ്ടും പുതിയ കാലത്തേയ്‍ക്കുള്ള പിറവി ആയിരുന്നു അലോഷി.
ബോക്സ്ഓഫീസിൽ വീണ ഫഹദനെന്ന താരം
തുടർന്ന് വന്ന നാല് ചിത്രങ്ങളിൽ മൂന്നിലും മികച്ച പ്രകടനം കാഴ്ച വച്ചിട്ടും ഫഹദെന്ന താരം ബോക്സ്ഓഫീസിൽ വീണുടഞ്ഞു. അയാൾ ഞാനല്ല, ഹരം, മൺസൂൺ മംഗോസ്.. അങ്ങനെ പ്രേക്ഷകർ അധികം ശ്രദ്ധിക്കാതെ അതിലെ കഥാപാത്രങ്ങളും. പ്രകാശനിലൂടെ നല്ലൊരു എന്റർടൈനർ ആയിട്ടും അയാൾ ഞാനല്ല അധികം ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ വിനോദ സിനിമയ്ക്കപ്പുറം ജീവിതവും മനസും പറഞ്ഞത് കൊണ്ടായിരിക്കാം മൺസൂൺ മംഗോസിലെ ഡി പി പള്ളിക്കലിനെയും പ്രേക്ഷകർ കാണാതെ പോയത്.
പ്രതികാരകഥ
രണ്ടാം വരവിലും ഒരു പ്രതികാരം അനിവാര്യമായിരുന്നു ഫഹദിന്.. അത് തന്നിലെ നടനെ കണ്ടില്ലെന്നു നടിക്കുന്ന പ്രേക്ഷകനോടോ തനിക്കു പറ്റിയ കഥാപാത്രങ്ങൾ തരാത്ത സംവിധായകനോടോ അല്ല, തന്നിലെ തന്നെ നടനെ പൂർത്തീകരിക്കാനുള്ള കഥകളോടായിരുന്നു.. പ്രതികാരം ഫലം കണ്ടു.. പോത്തേട്ടൻസ് ബ്രില്ലിയൻസിലൂടെ മഹേഷ് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി.. തിരിച്ചറിവിന്റെ പാതയിൽ കരാറിലേർപ്പെട്ട പല സിനിമകളും വേണ്ടെന്നു വച്ച്..
കള്ളന്റെ വിശപ്പ്
ആഘോഷിച്ച നടനെ വീണ്ടും കാണാൻ പ്രേക്ഷകർ വീണ്ടും കാത്തിരുന്നു.. പി വി ഷാജികുമാറിന്റെ തിരക്കഥയില്‍ മഹേഷ് നാരായണൻ അണിയിച്ചൊരുക്കിയ ടേക്ക് ഓഫിൽ മനോജ് എബ്രഹാം ആയി.. കയ്യടികൾ വീണ്ടും വാരിക്കൂട്ടി ആ നടൻ.. റാഫിയുടെ റോൾ മോഡൽസിൽ ഒരു സീരിയസ് റോൾ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയിൽ ഫഹദും ഒലിച്ചു പോയി.. പക്ഷെ കുറച്ചു ദിവസങ്ങൾ മാത്രമേ അതിനു ആയുസ്സുണ്ടായിരുന്നുള്ളു.. മഹേഷിന്റെ ചർച്ചകൾ അവസാനിക്കാത്ത സ്‌പേസിലേക്കു വീണ്ടും പോത്തേട്ടൻസ് ബ്രില്ലിയൻസിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വന്നു.. കൂടെ കള്ളൻ പ്രസാദും. കണ്ണ് കൊണ്ട് കഥ പറഞ്ഞു.. നോട്ടം കൊണ്ട് വിസ്മയിപ്പിച്ചു.. നടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടികൾക്കിടയിൽ താരപ്രഭയെ തലയിൽ വൈകാതെ ഒരു ചിരിയുമായി ആൾകൂട്ടത്തിൽ നിന്നും മാറി നിന്നു. ഇനിയെപ്പോഴാ ഫഹദിന്റെ സിനിമ കാണാൻ പറ്റുക എന്ന അനിശ്ചിതത്വത്തിൽ മലയാളി പ്രേക്ഷകൻ ഇപ്പോഴും നിൽക്കുന്നു..
മാറുന്ന കാലത്തെ പ്രധാന കണ്ണി
ചെയ്ത സിനിമകൾ ഏറെയും നാഗരിക ജീവിതത്തെ കൂടെ ചേർത്ത യുവാവായിരുന്നെങ്കിൽ അവസാനം പ്രേക്ഷകരുടെ ഹൃദയത്തിൽ ചേർത്ത് വച്ചതു നല്ല നാടൻ കഥാപാത്രങ്ങൾ ആയിരുന്നു.
സിനിമയ്ക്കപ്പുറത്തു ഫഹദിനെ അധികം കാണാൻ പറ്റാറില്ലെങ്കിലും സിനിമയേക്കുറിച്ചു സംസാരിക്കുമ്പോൾ തന്റെ അഭിനയം പിന്നീട് കണ്ടപ്പോൾ തനിക്കു തന്നെ ബോറായി തോന്നിയിട്ടുണ്ടെന്നു തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രം സംസാരിക്കാതെ സിനിമയേക്കുറിച്ചു തന്നെ സംസാരിക്കുന്നു. മലയാള സിനിമ കാഴ്ചകളിൽ മാറുന്ന കാലത്തെ പ്രധാന കണ്ണി തന്നെയാണ് ഫഹദും. സിനിമ ചെയ്തവരിൽ ഏറെയും പുതുമുഖങ്ങൾ തന്നെ.. പ്രത്യേക കോമ്പിനേഷൻ കെമിസ്ട്രികളിലേക്കു പോകാതെ തന്റെ കഥാപാത്രത്തിന്റെ കെമിസ്ട്രിയിൽ ഫഹദ് മറ്റുള്ളവരെയും കൂടെ കൂട്ടുന്നുണ്ട്..
22 ഫീമെയിൽ കോട്ടയം, ആമേൻ, ഇയോബിന്റെ പുസ്തകം, അന്നയും റസൂലും, മഹേഷിന്റെ പ്രതികാരം, നത്തോലി ചെറിയ മീനല്ല, തൊണ്ടിമുതലും ദൃക്‌സാക്ഷിയും അങ്ങനെ ഓരോ കാലത്തും ഫഹദിന്റെ സിനിമകളും കഥാപാത്രങ്ങളും മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്നുണ്ട്. വർഷം മുഴുവൻ സിനിമ ചെയ്തു സജീവമാകുക എന്നതിൽ നിന്നും മാറി ഒരു കഥാപാത്രത്തെ കൊടുത്തിട്ടു അതിനെ പ്രേക്ഷകന്റെ മനസ്സിൽ സജീവമാക്കി വയ്ക്കുക കുറെ കാലത്തേക്ക് എന്ന രീതി ഇപ്പോൾ ഫഹദിൽ കണ്ടു വരുന്നു.. നടനെ വിശ്വസിച്ചു ടിക്കറ്റെടുക്കേണ്ടി വരുന്നു എന്ന് പറയുമ്പോൾ ഉത്തരവാദിത്തം കൂടുമ്പോൾ ഫഹദ് നിരാശപ്പെടുത്തില്ല എന്ന് തന്നെയാണ് പ്രേക്ഷകന്റെയും വിശ്വാസം. നാളത്തെ സ്റ്റാർ ആകുമോ എന്നതിനെക്കുറിച്ചും ആവലാതിപ്പെടുന്നില്ല.. എങ്കിലും ഇന്നിന്റേയും നാളെയുടെയും നടനാണ് എന്ന് ഉറപ്പിച്ചു പറയാം..