ദിവ്യഗാനങ്ങളുടെ പത്താമത്തെ ക്രിസ്തുമസ്

By Web Desk  |  First Published Dec 24, 2016, 7:17 AM IST

പത്തനംതിട്ട കടമ്മിനിട്ട സ്വദേശിയായ സാമും ഇലന്തൂര് സ്വദേശിയായ ബാബുവും 2005ലാണ് ആദ്യമായി ഒരു ആല്‍ബം ഇറക്കുന്നത്. ക്വയറുകളില്‍ പാട്ടെഴുതി പാടിപ്പഠിപ്പിക്കുന്നതിനിടയിലാണ് ആല്‍ബമെന്ന മോഹമുദിക്കുന്നത്. അങ്ങനെയാണ് 2005ല്‍ ദിവ്യജ്യോതിസ് എന്ന പേരില്‍ ആല്‍ബമിറക്കുന്നത്. അത് ഹിറ്റായി. തുടര്‍ന്ന് തുടര്‍ച്ചയായി ക്രിസ്തുമസ് കാലത്ത് ഗാനസമാഹാരങ്ങള്‍. ദിവ്യ നക്ഷത്രം, ദിവ്യ പ്രകാശം, ദിവ്യ താരകം, ദിവ്യ ദീപ്തി, ദിവ്യ രാത്രി ദിവ്യ സ്നേഹം തുടങ്ങി ഒമ്പതോളം ആല്‍ബങ്ങള്‍. എല്ലാം ജനപ്രിയം. ഒടുവില്‍ ഈ ക്രിസ്തുമസ് കാലത്ത് പത്താമത്തെ ആല്‍ബവും വന്നു. പേര് ദിവ്യജനനം.

Latest Videos

undefined

ഇരുവരുമൊരുക്കുന്ന ഭക്തിഗാനങ്ങള്‍ക്ക് പേരിനെ അന്വര്‍ത്ഥമാക്കുന്ന ദിവ്യതയുണ്ടെന്നതിനു കുറച്ചു വര്‍ഷങ്ങളായി ഇവരെ പിന്തുടരുന്ന കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കരോള്‍ ഗായക സംഘങ്ങള്‍ തന്നെ തെളിവ്. അയ്യായിരത്തിലധികം ഗായക സംഘങ്ങളാണ് ഈ കൂട്ടുകെട്ടിന്‍റെ പാട്ടുകള്‍ ഏറ്റുപാടുന്നത്.  24 ലക്ഷമാണ് യൂ ടൂബ് വ്യൂവേഴ്‍സ്.  കൂടാതെ ഇപ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കേള്‍വിക്കാരും ഗായകരും ഇവരുടെ ഗാനങ്ങളെ തേടിയെത്തുന്നു. നൂറിലധികം ഗാനങ്ങള്‍ക്കാണ് ഇരുവരും ഇതുവരെ ഒരുമിച്ചത്. ഈ ഗാനങ്ങളില്‍ പലതും സോളോ അല്ല. ഗായക സംഘങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നതാണ് പ്രത്യേകത.

സാമ്പത്തിക ലാഭം നോക്കാതെ ആവശ്യമുള്ളവർക്ക് കാരോക്കെയും ലഭ്യമാക്കാന്‍ ഈ കൂട്ടുകെട്ട് ശ്രദ്ധിക്കാറുണ്ട്. ഏതാനും ആൽബങ്ങൾ കരോക്കെ സഹിതമാണ് പുറത്തിറങ്ങിയിട്ടുള്ളത്. കൂടാതെ സാം കടമ്മനിട്ട.കോം എന്ന വെബ്സൈറ്റിലൂടെയും കരോക്കെയും വരികളും ലഭ്യമാക്കുന്നു. ഓരോ വർഷവും മൂന്നര ലക്ഷത്തിലധികം ആളുകളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.

എഴുതി ഈണം പകരുന്നതാണ് എഴുപത് ശതമാനം ഗാനങ്ങളുമെന്ന് ഇരുവരും പറയുന്നു. ഫാസ്റ്റ് നമ്പറുകള്‍ക്ക് നിര്‍ബന്ധമുള്ളപ്പോള്‍ മാത്രം ട്യൂണിട്ട ശേഷം എഴുതും. പാശ്ചാത്യ സംഗീതത്തിന്‍റെ ബഹളങ്ങള്‍ക്കു പകരം ഇന്ത്യന്‍ രാഗങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. കര്‍ണാടക സംഗീതം ഉപയോഗിച്ച് കച്ചേരി മാതൃകയില്‍ ഭക്തി ഗാനം ചെയ്തിട്ടുണ്ട്. അതു പോലെ അക്കാപ്പല്ലെ ഉപയോഗിച്ചും ഗാനങ്ങള്‍ ചെയ്തു. ലൈവ് ഓര്‍ക്കസ്ട്രേഷനാണ് പഥ്യമെന്ന് സാം പറയുന്നു. തബല, സാക്സോഫോണ്‍ തുടങ്ങിയവയാണ് പലപ്പോഴും ഉപയോഗിക്കുന്നത്.

ദിവ്യ ജ്യോതിസ്സ് മുതല്‍ ദിവ്യജനനം വരെയുള്ള  ക്രിസ്തുമസ്സ് ആൽബങ്ങളും ദൈവകാരുണ്യം മുതൽ യേശുവേ ആരാധന വരെയുള്ള പഴയ പാട്ടുകളുടെ സമാഹാരങ്ങളും ആദ്രമായി, അലിവുള്ളവന്‍, ഹൃദയ കീര്‍ത്തനം തുടങ്ങിയ സമാഹാരങ്ങളും ഒപ്പം നിരവധി ക്രിസ്തേതര ഗാനസമാഹാരങ്ങളുമൊക്കെക്കൊണ്ട് സമ്പന്നമാണ് നല്ലയൊരു ഗായകന്‍ കൂടിയായ സാമിന്‍റെ സംഗീത ജീവിതം. കോളേജ് പഠനകാലത്തെയുള്ള കവിതയെഴുത്താണ് തന്നിലെ പാട്ടെഴുത്തുകാരന്‍റെ കരുത്തെന്ന് അധ്യാപകനായ ബാബു പറയുന്നു. മരാമണ്‍ കണ്‍വെന്‍ഷനു വേണ്ടി പാട്ടെഴുതിയത് മറക്കാനാവാത്ത അനുഭവം. ഇതുവരെ 250ല്‍ അധികം ഗാനങ്ങള്‍ക്ക് ബാബു തൂലിക ചലിപ്പിച്ചു കഴിഞ്ഞു. ജി വേണുഗോപാല്‍, എം ജി ശ്രീകുമാര്‍, കെ ജി മാര്‍ക്കോസ്, മധു ബാലകൃഷ്ണന്‍, രഞ്ജിന് ജോസ്, റിമി ടോമി തുടങ്ങി നിരവധി ഗായകര്‍ ഈ കൂട്ടുകെട്ടിന്‍റെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി.

അങ്ങനെ ഓരോ ക്രിസ്തുമസ് കാലത്തും ദിവ്യ ഗാനങ്ങളുടെ പ്രവാഹം അനുസ്യൂതം തുടരുകയാണ്. കാലിത്തൊഴുത്തില്‍ ആ കുഞ്ഞു പിറന്നുവീണ മഞ്ഞുപെയ്ത രാവില്‍ ദേവദൂതര്‍ ആലപിച്ച ദിവ്യഗാനരാഗധാര പോലെ.

 

 

 

 

click me!