രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി തന്നെ ഇനി നമ്മള്‍ വി പി സത്യനെ ആഘോഷിക്കും. സത്യനെ മറന്നവര്‍ക്കും അവഗണിച്ചവര്‍ക്കുമുള്ള മറുപടിയും ആഘോഷിച്ചവര്‍ക്ക് ആവേശം പകരുന്നതും നൊമ്പരപ്പെടുത്തുന്നതുമാണ് വെള്ളിത്തിരയിലെ ക്യാപ്റ്റന്‍. പ്രജീഷ് സെന്‍ അണിയിച്ചൊരുക്കിയ ക്യാപ്റ്റന് തീയേറ്ററില്‍ മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്.
ആദ്യ പകുതിയില്‍ വി പി സത്യന്റെ ജീവിതത്തിലെ വിവിധ കാലങ്ങളാണ് പല ഘട്ടങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നത്. കേരള പൊലീസിന്റെ ഫുട്ബോള്‍ ടീമിലേക്ക് നാട്ടിന്‍പുറത്തുകാരനായ വി പി സത്യന്‍ എത്തുന്നതും രാജ്യത്തിന്റെ നായകനായി വളരുന്നുതുമെല്ലാം ആ ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഐഎസ്എല്‍ വരുന്നതിനു മുന്നേയുള്ള കേരളത്തിന്റെ ഫുട്ബോള്‍ മനസ്സിലെ സന്തോഷ് ട്രോഫി കാലത്തെ വി പി സത്യന്റെ ജീവിതത്തിനൊപ്പം അതേപടി പുനരാവിഷ്‍കരിച്ചിരിക്കുന്നു ചിത്രത്തില്‍. കേരള പോലീസിലെ അന്നത്തെ രാഷ്ട്രീയവും ഒരു നാട്ടിന്‍പുറത്തുകാരന്‍ ടീം ഇന്ത്യയുടെ നായകനായി വരുമ്പോഴുള്ള സംഘര്‍ഷവുമെല്ലാം ചിത്രത്തില്‍ പ്രതിഫലിക്കുന്നു. കെ കരുണാകരനും അന്നത്തെ കേരളവുമെല്ലാം സിനിമയില്‍ വരുന്നുണ്ട്.
undefined
വി പി സത്യനായി എത്തിയ ജയസൂര്യ തന്നെയാണ് സിനിമയുടെ നട്ടെല്ല്. വീണ്ടും വിസ്‍മയിപ്പിക്കുകയാണ് ക്യാപ്റ്റനായി ജയസൂര്യ. രാജ്യം അറിയുന്ന ഫുട്ബോള്‍ താരമായുള്ള ഒരു നാട്ടിന്‍പുറത്തുകാരന്റെ വളര്‍ച്ചയും അവഗണനയും എല്ലാം അദ്ദേഹം അനുഭവിച്ച അതേ മാനസികാവസ്ഥയിലൂടെ തന്നെ ജയസൂര്യ പകര്‍ത്തുന്നുണ്ട്. സത്യന്‍ ജീവനൊടുക്കിയത് എന്തിന് എന്ന ചോദ്യത്തിനുത്തരമായി വരുന്ന മാനസികകരുത്തില്ലായ്‍മയല്ല ചിത്രത്തില്‍ പറയുന്നത്. ഉള്‍ക്കരുത്തുള്ള കായികതാരമായിരുന്നു വി പി സത്യന്‍ എന്നതുതന്നെയാണ് ജയസൂര്യയുടെ പ്രകടത്തിനൂടെ പ്രതിഫലിപ്പിക്കുന്നത്. വി പി സത്യന്‍ കടന്നുപോയ ജീവിതമെന്തായിരുന്നുവെന്നതിന്റെ സാക്ഷ്യം തന്നെയാണ് ക്യാപ്റ്റന്‍ എന്നാണ് ആദ്യപകുതി കാണുമ്പോള്‍ തോന്നുന്നത്.
വി പി സത്യന്റെ ഭാര്യ അനിതയുടെ വേഷത്തില്‍ എത്തിയ അനു സിത്താരയും ആ കഥാപാത്രത്തോട് സത്യസന്ധത പുലര്‍ത്തുന്നുണ്ട്. കെ കരുണാകരനായി ജനാര്‍ദ്ദനും മികവ് കാട്ടുന്നു. കളിക്കളത്തിലെ ആരവവും ചടുലതയും അതേപടി വെള്ളിത്തിരയിലേക്ക് എത്തിക്കാന്‍ ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതത്തിന് ആയിട്ടുണ്ട്. കൃത്യമായ ഹോം വര്‍ക്ക് ചെയ്‍തിട്ടുതന്നെയാണ് പ്രജീഷ് സെന്‍ ക്യാപ്റ്റന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളതെന്നും തിരിച്ചറിയാം.
പല ഓര്‍ഡറില്‍ പറയുന്നതിന്റെ ചില ആശയക്കുഴപ്പം മാത്രം മാറ്റി നിര്‍ത്തിയാല്‍ ക്യാപ്റ്റന്‍ മികച്ച സിനിമാനുഭവമായി മാറുമെന്നുതന്നെ കരുതാം.
സിനിമയുടെ പൂര്‍ണ നിരൂപണം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.