ആഗോള ബോക്സ് ഓഫീസില്‍ നമ്പര്‍ 1 ആവാന്‍ 'ബ്രഹ്‍മാസ്ത്ര'; മറികടക്കേണ്ടത് ചൈനീസ് ചിത്രം 'ഗിവ് മി ഫൈവി'നെ

By Web Team  |  First Published Sep 10, 2022, 11:00 AM IST

ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്ക് തുടക്കമാവും


ബോളിവുഡ് വ്യവസായം സമീപകാലത്ത് ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന റിലീസ് ആയിരുന്നു ബ്രഹ്‍മാസ്ത്ര. ഇന്ത്യന്‍ പുരാണങ്ങളിലെ വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ചുള്ള ഒരു സിനിമാ ഫ്രാഞ്ചൈസിയാണ് സംവിധായകന്‍ അയന്‍ മുഖര്‍ജിയുടെ മനസിലുള്ളത്. അതിന്‍റെ തുടക്കമായാണ് ബ്രഹ്‍മാസ്ത്ര പുറത്തെത്തിയിട്ടുള്ളത്. നായകനായ രണ്‍ബീര്‍ കപൂറിന്‍റെ പഴയ ഒരുി അഭിമുഖത്തിലെ ബീഫ് പരാമര്‍ശം മുന്‍നിര്‍ത്തി ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു. റിലീസ് ദിനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ വന്‍ പ്രീ റിലീസ് ഹൈപ്പ് കാരണം മികച്ച അഡ്വാന്‍സ് ബുക്കിംഗ് നേടിയിരുന്നു ബ്രഹ്‍മാസ്ത്ര. ഔദ്യോഗിക കണക്കുകള്‍ പുറത്തെത്തിയിട്ടില്ലെങ്കിലും ആദ്യദിനം ചിത്രം മികച്ച കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

36.50 കോടിക്കും 38.50 കോടിക്കും ഇടയിലാണ് ചിത്രത്തിന്‍റെ ആദ്യ ദിന ഇന്ത്യന്‍ കളക്ഷന്‍ എന്നാണ് ബോളിവുഡ് ഹംഗാമയുടെ കണക്ക്. ചിത്രം 35-37 കോടി നേടിയെന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. അതേസമയം വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. യുഎസില്‍ ഇതിനകം ബ്രഹ്‍മാസ്ത്ര 1 മില്യണ്‍ കളക്ഷന്‍ മറികടന്നിട്ടുണ്ടെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ചിത്രം 3 ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യത്തില്‍ നമ്പര്‍ 1 ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴത്തെ കളക്ഷന്‍ തുടര്‍ന്നാല്‍ ആഗോള ബോക്സ് ഓപീസില്‍ ചിത്രം 7-8 മില്യണ്‍ ഡോളര്‍ നേടിയേക്കുമെന്നാണ് പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ ചൈനീസ് ചിത്രം ഗിവ് മി 5 നെ മറികടന്ന് ബ്രഹ്‍മാസ്ത്ര ആഗോള ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യത്തില്‍ ഒന്നാമനെത്തും.

At the Box office, has done more than $1 Million on Day 1..

— Ramesh Bala (@rameshlaus)

At the Box office, has grossed more than A$300K for Day 1..

— Ramesh Bala (@rameshlaus)

Latest Videos

undefined

വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു എന്നത് ഈ ചിത്രത്തിന്‍റെ കൌതുകമാണ്. ഫാന്‍റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.

ALSO READ : വീണ്ടും വരുമോ 'ചന്ദ്രചൂഡന്‍'? സുരേഷ് ​ഗോപി ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് വിജി തമ്പി

 

അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയെക്കുറിച്ച് അയന്‍ മുഖര്‍ജി പറഞ്ഞത്

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.

click me!