തമിഴിലെ ആദ്യ 1000 കോടി ചിത്രമാവുമോ 'ലിയോ'? ഇല്ലെന്ന് നിര്‍മ്മാതാവ്; കാരണം വ്യക്തമാക്കുന്നു

By Web Team  |  First Published Oct 22, 2023, 5:45 PM IST

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് ആണ് ലിയോ നേടിയത്


ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ രണ്ട് വമ്പന്‍ ഹിറ്റുകള്‍ ബോളിവുഡില്‍ നിന്നായിരുന്നു. രണ്ടിലും നായകന്‍ ഷാരൂഖ് ഖാനും. ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയായിമാറിയ പഠാനും ആറ്റ്ലിയുടെ സംവിധാനത്തിലെത്തിയ ജവാനും. ഈ രണ്ട് ചിത്രങ്ങളുടെയും ആഗോള ഗ്രോസ് 1000 കോടിക്ക് മുകളില് പോയി. എന്നാല്‍ റിലീസ് ദിന കളക്ഷനില്‍ ഈ രണ്ട് ചിത്രങ്ങളെയും മറികടന്ന ഒരു ബോളിവുഡ് ഇതര ചിത്രം ഈ വാരാന്ത്യം തിയറ്ററുകളിലുണ്ട്. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് അത്. സ്വാഭാവികമായും ഉയരാവുന്ന ചോദ്യമാണ് ലിയോ 1000 കോടിയില്‍ എത്തുമോ എന്നത്. അങ്ങനെ സംഭവിച്ചാല്‍ തമിഴ് സിനിമയുടെ ഒരു പുതുചരിത്രം ആയിരിക്കും അത്. ഇന്നുവരെ ഒരു കോളിവുഡ് ചിത്രവും ആ കളക്ഷന്‍ നാഴികക്കല്ലിലേക്ക് പോയിട്ടില്ല. എന്നാല്‍ അത് നടക്കില്ലെന്ന് പറയുന്നത് മറ്റാരുമല്ല, ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ ആണ്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

"മുഴുവന്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ഗംഭീര ഓപണിംഗ് ആണ് ലിയോയ്ക്ക് ലഭിച്ചത്. എന്നാല്‍ ജവാന് അങ്ങനെ ആയിരുന്നില്ല. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച ഓപണിംഗ് ലഭിച്ചിരുന്നില്ല. ലിയോയ്ക്ക് ജവാനേക്കാള്‍ വലിയ ഓപണിംഗ് കളക്ഷന്‍ വന്നതിന് കാരണം അതാണ്. ലിയോ 1000 കോടി നേടുമെന്ന് സംസാരമുണ്ട്. പക്ഷേ അത് നടക്കില്ല. അതിന് കാരണം ഉത്തരേന്ത്യയിലുള്ള വളരെ പരിമിതമായ റിലീസ് ആണ്. നെറ്റ്ഫ്ലിക്സുമായി ഞങ്ങള്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രമാണ് അവിടുത്തെ മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ഒരു പുതിയ നിബന്ധനയുമായി എത്തിയത്. (ഒടിടി റിലീസ് രണ്ട് മാസത്തിനുശേഷം മാത്രം). അവരുടെ നിബന്ധനകള്‍ അനുസരിച്ച് നമുക്ക് ആ മാര്‍ക്കറ്റിലേക്ക് കടക്കാനാവില്ല. ഉത്തരേന്ത്യ ഇല്ലെങ്കിലും വിദേശ മാര്‍ക്കറ്റുകള്‍ നമ്മള്‍ ശ്രദ്ധിച്ചു. അവിടെനിന്നാണ് ഇപ്പോള്‍ കൂടുതല്‍ സംഖ്യ വരുന്നത്. അവിടെ ഏത് രീതിയില്‍ പടം ഇറക്കണമെന്നത് ഏറെ ആലോചിച്ചാണ് ചെയ്തത്", ലളിത് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Latest Videos

undefined

ഒടിടി റിലീസിലേക്കുള്ള ദൈര്‍ഘ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ബഹിഷ്കരിച്ചിരുന്നു. അതേസമയം ചിത്രത്തിന് രണ്ടായിരത്തോളം സിംഗിള്‍ സ്ക്രീനുകള്‍ ലഭ്യമാക്കാന്‍ നിര്‍മ്മാതാവിന് കഴിഞ്ഞു. പ്രതീക്ഷകളെ മറികടന്ന കളക്ഷനും ചിത്രത്തിന് ആദ്യദിനം ഉത്തരേന്ത്യയില്‍ നിന്ന് ലഭിച്ചു. 5 കോടിയോളം ഗ്രോസ് ആണ് ആദ്യദിനത്തെ കണക്കനുസരിച്ച് ലിയോയുടെ ഉത്തരേന്ത്യന്‍ കളക്ഷന്‍.

ALSO READ : കേരളത്തിലെ 'ലിയോ' റെക്കോര്‍ഡ് ഇനി ആര് തകര്‍ക്കും? മോഹന്‍ലാലോ മമ്മൂട്ടിയോ പൃഥ്വിരാജോ? സാധ്യതയുള്ള 6 സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!