ചിമ്പുവിന്‍റെ 'വെന്തു തനിന്തതു കാട്' വിജയമോ? ഫൈനല്‍ ബോക്സ് ഓഫീസ് കണക്കുകള്‍

By Web Team  |  First Published Oct 12, 2022, 1:24 PM IST

 സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന ഒരു സാധാരണ മനുഷ്യന്‍റെ കഥ


ഗൗതം മേനോന്‍ തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരുക്കിയ ചിത്രമെന്ന് അഭിപ്രായം നേടിയ ഒന്നായിരുന്നു കഴിഞ്ഞ മാസം തിയറ്ററുകളിലെത്തിയ വെന്തു തനിന്തതു കാട്. ​ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ഒരു ഫ്രാഞ്ചൈസിയായാണ് ​ഗൗതം മേനോന്‍ ഈ ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്. രണ്ട് ഭാ​ഗങ്ങളുള്ള ഫ്രാഞ്ചൈസിയിലെ ആദ്യ ഭാ​ഗം ദ് കിന്‍ഡ്ലിം​ഗ് ആണ് സെപ്റ്റംബര്‍ 15 ന് തിയറ്ററുകളില്‍ എത്തിയത്. സമ്മിശ്ര അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസില്‍ വിജയമാണോ നേടിയത്? ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം വിടികെ നേടിയ ഗ്ലോബല്‍ ഗ്രോസ് 55 കോടിയാണ്. തമിഴ്നാട്ടില്‍ നിന്നു മാത്രമാണ് ചിത്രം മികച്ച കളക്ഷന്‍ നേടിയത് എന്നത് ശ്രദ്ധേയമാണ്. 39 കോടിയാണ് ചിത്രത്തിന്‍റെ തമിഴ്നാട് കളക്ഷന്‍. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 1.7 കോടി, കര്‍ണാടകത്തില്‍ നിന്ന് 3.25 കോടി, കേരളത്തില്‍ നിന്ന് 90 ലക്ഷം, ഉത്തരേന്ത്യയില്‍ നിന്ന് 40 ലക്ഷം, വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 9.75 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ കളക്ഷന്‍ എന്ന് സിനിട്രാക്ക് അറിയിക്കുന്നു. ചിത്രം ആകെ നേടിയ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 25.5 കോടിയാണ്. 30 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നായിരുന്നു നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

ALSO READ : യുകെ, ഓസ്ട്രേലിയ, ന്യൂസിലന്‍സ്; 'റോഷാക്ക്' ഈ വാരം കൂടുതല്‍ രാജ്യങ്ങളിലേക്ക്

 

ഭാരതിയാറുടെ 'അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന ഒരു സാധാരണ മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിലമ്പരശന്‍റെ കരിയറില്‍ ഏറെ വൈവിധ്യമുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലെ നായകനായ മുത്തുവീരന്‍ എന്ന മുത്തു. ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് രചന. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, എഡിറ്റിംഗ് ആന്‍റണി, നൃത്തസംവിധാനം ബൃന്ദ, ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍. സിദ്ധി ഇദ്നാനി, രാധിക ശരത്കുമാര്‍, സിദ്ദിഖ്, ദില്ലി ഗണേഷ്, അപ്പുക്കുട്ടി, ഏയ്ഞ്ചലീന എബ്രഹാം, ജാഫര്‍ സാദ്ദിഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക ഒക്ടോബര്‍ 13 ന് ആണ്. തമിഴ് പതിപ്പ് മാത്രമാണ് അന്ന് എത്തുക.

click me!