മുന്‍കൂര്‍ ബുക്കിംഗില്‍ കോടികള്‍ കൂടുതല്‍ നേടിയത് വാരിസോ, തുനിവോ?; കണക്കുകള്‍ പുറത്ത്.!

By Web Team  |  First Published Jan 10, 2023, 9:36 AM IST

ഉത്സവ സീസൺ ആയതിനാല്‍ തന്നെ വാരിസിനും, തുനിവിനും ഒരുപോലെ വലിയ തോതിൽ ഓപ്പണിംഗ് റിലീസ് ദിവസത്തില്‍ ലഭിക്കും എന്നാണ് സൂചന. 


ചെന്നൈ: വിജയ് നായകനാകുന്ന വാരിസ്, അജിത് കുമാറിന്‍റെ തുനിവ് എന്നിവയുടെ ബോക്സ്ഓഫീസ് ഏറ്റുമുട്ടലാണ് തമിഴകത്തെ ഏറ്റവും വലിയ ചര്‍ച്ച. പൊങ്കലിന്റെ ഉത്സവ സീസൺ തമിഴ് ബോക്സ് ഓഫീസില്‍ ഏറ്റവും നേട്ടം ഉണ്ടാക്കാന്‍ കഴിയുന്ന കാലമാണ്. അവിടെയാണ് രണ്ട് വന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ജനുവരി 11ന് റിലീസ് ആകുന്നത്. ഇതിനകം തന്നെ ട്രെയിലറിന്‍റെ വ്യൂ അടക്കം വച്ച് ഫാന്‍ ഫൈറ്റ് ആരംഭിച്ചുകഴിഞ്ഞു രണ്ട് താരങ്ങളുടെയും ആരാധകര്‍. 

ഉത്സവ സീസൺ ആയതിനാല്‍ തന്നെ വാരിസിനും, തുനിവിനും ഒരുപോലെ വലിയ തോതിൽ ഓപ്പണിംഗ് റിലീസ് ദിവസത്തില്‍ ലഭിക്കും എന്നാണ് സൂചന. എല്ലായിടത്തും രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. റിലീസ് ദിവസത്തെ മുൻകൂർ ബുക്കിംഗിൽ ഏത് പടത്തിനാണ് മുന്‍തൂക്കം അല്ലെങ്കില്‍ എത്ര തുക കിട്ടി എന്ന റിപ്പോര്‍ട്ടുകള്‍ പല തമിഴ് മാധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. 

Latest Videos

undefined

ബീസ്റ്റ് ആയിരുന്നു പ്രീബുക്കിംഗില്‍ ഏറ്റവും നേട്ടം ഉണ്ടാക്കിയ വിജയ് ചിത്രം. അതിനെ കടത്തിവെട്ടുമോ വാരിസ് എന്നതാണ് ബോക്സോഫീസ് വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. രണ്ട് സൂപ്പര്‍താര മത്സരത്തിനിടയില്‍ അതിന്‍റെ സാധ്യതകള്‍ അടക്കം പരിശോധിച്ചാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. 

റിലീസ് ദിവസം അഡ്വാൻസ് ബുക്കിംഗിലൂടെ വാരിസ് തിങ്കളാഴ്ച രാത്രി 12 മണിവരെ  4.76 കോടി നേടിയെന്നാണ് വിവരം. വാരിസിന്‍റെ ഏകദേശം 2.49 ലക്ഷം ടിക്കറ്റുകൾ വിറ്റുവെന്നാണ് കണക്ക്. പ്രദർശനങ്ങളുടെ എണ്ണം എത്രയെന്ന് അവസാന തീരുമാനം വരാത്ത സ്ഥിതിക്ക് ഈ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കാം. വിജയ്‌യുടെ അവസാനമായി പുറത്തിറങ്ങിയ ബീസ്റ്റ് പ്രീ-സെയിൽസിലൂടെ ആദ്യ ദിനം 20 കോടി നേടിയിരുന്നു. ഒരു ദിവസം കൂടി ബാക്കിയുള്ളപ്പോള്‍ ഈ കണക്ക് മറികടക്കാനും സാധ്യതയേറെയാണ്. 

അജിത്ത് കുമാറിന്‍റെ തുനിവിലേക്ക് വന്നാല്‍ റിലീസ് ദിവസത്തെ മുൻകൂർ ബുക്കിംഗിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഇതുവരെ തുനിവ് തമിഴ് പതിപ്പിന്റെ 1.92 ലക്ഷം ടിക്കറ്റുകൾ വിറ്റുവെന്നാണ് വിവരം. 3.79 കോടി നേടി. ഷോകളുടെ അവസാന എണ്ണവും മറ്റും അനുസരിച്ച് ഇനിയും ഈ കണക്കുകള്‍ മാറാം. 

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. ബോണി കപൂറാണ് ചിത്രത്തിന്‍റെ നിര്‍മാണം.

അതേസമയം, വാരിസിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 50 മിനിറ്റുമാണ് (170 മിനുട്ടാണ്) ചിത്രത്തിന്റെ സമയം.  വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാർ,പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 

'രണ്ട് താരങ്ങളുടെ സിനിമയും വിജയിക്കണം, ലാഭം കിട്ടണം': തുനിവ്, വാരിസ് റിലീസിനെ കുറിച്ച് എച്ച്.വിനോദ്‌

വിജയ്‍ക്കും അജിത്തിനും പിന്നാലെ ബാലയ്യയും എത്തും; 'വീര സിംഗ റെഡ്ഡി'ക്ക് യു, എ സര്‍ട്ടിഫിക്കറ്റ്
 

click me!