ഏപ്രില്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രം
വൈഡ് റിലീസിംഗിന്‍റെയും സോഷ്യല്‍ മീഡിയ സാന്ദ്രതയുടെയും ഇക്കാലത്ത് സിനിമകള്‍ക്ക് വരുന്ന ആദ്യ ദിവസത്തെ അഭിപ്രായം ഏറെ പ്രധാനമാണ്. അത് പോസിറ്റീവ് ആയാല്‍ വൈകുന്നേരത്തോടെ തിയറ്ററുകള്‍ക്ക് മുന്നില്‍ ഹൗസ്‍ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങും. ഇനി അത് നെഗറ്റീവ് ആയാലോ, മിക്കവാറും മുന്നോട്ട് നോക്കേണ്ടതില്ല നിര്‍മ്മാതാക്കള്‍ക്ക്. താരമൂല്യത്തേക്കാളുപരി പ്രേക്ഷകര്‍ സിനിമകളുടെ ഉള്ളടക്കത്തിന് പ്രാധാന്യം കൊടുക്കുന്ന കാലത്ത് ഏത് ഭാഷാ സിനിമകളുടെയും സ്ഥിതി ഇതാണ്. ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം ദി ഫാമിലി സ്റ്റാറിന്‍റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്.
തെലുങ്കിലെ യുവതാരനിരയില്‍ ഏറെ ശ്രദ്ധേയരായ വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, പ്രമുഖ നിര്‍മ്മാതാവായ ദില്‍ രാജു നിര്‍മ്മിക്കുന്ന ചിത്രം ടോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ്. എന്നാല്‍ ഏപ്രില്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് കൂടുതലും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ 10 ദിവസത്തെ കളക്ഷന്‍ കണക്കുകളാണ് പുറത്തെത്തിയിരിക്കുന്നത്.
undefined
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ 10 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 19.52 കോടിയാണ്. എന്നാല്‍ 10-ാം ദിനമായ ഇന്നലെ വെറും 46 ലക്ഷം മാത്രമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഒരു ഞായറാഴ്ച ദിവസം ഇത്രയേ നേടാനായുള്ളൂ എന്നത് ചിത്രം കാണികള്‍ക്കിടയില്‍ നേടിയ മോശം അഭിപ്രായത്തിന് തെളിവാകുന്നുണ്ട്. 25 ശതമാനം ഒക്കുപ്പന്‍സി മാത്രമാണ് ചിത്രത്തിന് ഞായറാഴ്ച ലഭിച്ചത്. അതേസമയം ചിത്രം അമ്പേ തകര്‍ന്നുവീണില്ലെന്നത് നിര്‍മ്മാതാക്കളെ ഒരു തരത്തില്‍ ആശ്വസിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഹിന്ദി, മലയാളം മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളിലെത്തിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ നിര്‍മ്മാതാക്കള്‍.