ബോക്സ് ഓഫീസ് കളറാക്കി 'തല്ലുമാല'; ആദ്യ നാല് ദിനങ്ങളില്‍ നേടിയത്

By Web Team  |  First Published Aug 16, 2022, 10:05 PM IST

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ലഭിച്ചത്


ഒരിടവേളയ്ക്കു ശേഷം മലയാള ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തുടര്‍ച്ചയായി വിജയം നേടുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് സിനിമാ വ്യവസായം. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാലയാണ് അക്കൂട്ടത്തില്‍ ഒന്ന്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം മലയാളത്തിന് അത്ര പരിചിതമല്ലാത്ത തരത്തിലുള്ള ദൃശ്യഭാഷയിലാണ് എത്തിയിരിക്കുന്നത്. അതേസമയം ആദ്യ ദിനങ്ങളില്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‍തു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വാരാന്ത്യ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ലഭിച്ചത്. തിങ്കളാഴ്ച സ്വാതന്ത്ര്യദിനത്തിന്‍റെ പൊതു അവധി ആയിരുന്നതിനാലാണ് നാല് ദിനങ്ങള്‍ ലഭിച്ചത്. സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വൈഡ് റിലീസും ആയിരുന്നു ചിത്രത്തിന്‍റേത്. കേരളത്തില്‍ മാത്രം 231 സെന്‍ററുകളിലാണ് എത്തിയ ചിത്രം വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വെള്ളിയാഴ്ച തന്നെ എത്തി. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസും ആയിരുന്നു ചിത്രം. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 31 കോടി വരുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തു. അതേസമയം ബോക്സ് ഓഫീസ് സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല.

As per trade sources has grossed approximately ₹31 Cr worldwide for Aug 12 to 15 weekend.
It is biggest hit! Congrats to , dir , producer , & entire team👍 pic.twitter.com/GCuKApMz9u

— Sreedhar Pillai (@sri50)

Latest Videos

undefined

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.  ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

ALSO READ : തിയറ്റര്‍ എക്സ്പീരിയന്‍സില്‍ വിസ്‍മയം കാട്ടാന്‍ മണി രത്നം; 'പൊന്നിയിന്‍ സെല്‍വന്‍' ഐമാക്സില്‍

click me!