Box Office | രജനിയോ അക്ഷയ് കുമാറോ, രണ്ടാഴ്ചത്തെ കളക്ഷനില്‍ മുന്നിലാര്?

By Web Team  |  First Published Nov 20, 2021, 10:07 AM IST

ദീപാവലി റിലീസ് ആയിരുന്നു രണ്ട് ചിത്രങ്ങളും


ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഉത്സവ സീസണുകളില്‍ പ്രധാനമാണ് ദീപാവലി. മലയാള സിനിമയ്ക്ക് ഓണം പോലെയാണ് ബോളിവുഡിന് ദീപാവലി. തമിഴ് സിനിമയിലും ദീപാവലി റിലീസുകളാണ് മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ എത്താറുണ്ട്. ഇത്തവണത്തെ ദീപാവലിക്ക് ബോക്സ് ഓഫീസില്‍ മറ്റൊരു പ്രാധാന്യവുമുണ്ടായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം തുറന്ന തിയറ്ററുകളിലേക്ക് ആളെത്തുമോ എന്ന് വിവിധ ഭാഷാ സിനിമാ വ്യവസായങ്ങള്‍ ഉറ്റുനോക്കിയിരുന്നു എന്നതാണ് അത്. എന്നാല്‍ ഇന്ത്യയിലെ വ്യത്യസ്‍ത ഇന്‍ഡസ്ട്രികളിലൊക്കെ ആശ്വാസത്തിന്‍റെ വര്‍ത്തമാനങ്ങളാണ്. ദീപാവലി റിലീസുകള്‍ ബോളിവുഡിനും കോളിവുഡിനും നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.

തമിഴില്‍ ദീപാവലിക്കു മുന്‍പു തന്നെ ഒരു ചിത്രം ഹിറ്റ് ആയിരുന്നു. ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‍ത ഡോക്ടര്‍ തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് സിനിമാപ്രേമികളെ തിരിച്ചെത്തിക്കുന്നതില്‍ വിജയിച്ചിരുന്നു. പിന്നാലെയാണ് ദീപാവലി റിലീസ് ആയി രജനി (Rajinikanth) ചിത്രം അണ്ണാത്തെ (Annaatthe) എത്തിയത്. സമീപകാലത്ത് ഒരു രജനി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം റിവ്യൂസ് ആണ് ചിത്രത്തിന് റിലീസ് ദിനത്തില്‍ തന്നെ ലഭിച്ചത്. പക്ഷേ രജനീകാന്തിന്‍റെ ബോക്സ് ഓഫീസ് സ്വാധീനത്തെ സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങള്‍ ഒരളവിനപ്പുറം സ്വാധീനിച്ചിട്ടില്ല. ഈ മാസം നാലിന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാട്ടില്‍ നിന്നു മാത്രം 142.05 കോടി നേടി. കര്‍ണ്ണാടകത്തില്‍ നിന്ന് 11 കോടിയും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 228 കോടിയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Nett

Thursday - ₹ 3.16 cr

2 weeks Total - ₹ 166.23 crs pic.twitter.com/P1OUkgYdiS

— Ramesh Bala (@rameshlaus)

Latest Videos

അതേസമയം തമിഴ് സിനിമയേക്കാള്‍ ഒരു ഹിറ്റ് ചിത്രത്തിനായി കാത്തിരുന്നത് ബോളിവുഡ് ആയിരുന്നു. തിയറ്റര്‍ തുറന്നതിനു ശേഷം ബെല്‍ബോട്ടം എന്ന അക്ഷയ് കുമാര്‍ (Akshay Kumar) ചിത്രം എത്തിയിട്ടുപോലും വേണ്ട വിജയം നേടിയിരുന്നില്ല. എന്നാല്‍ ദീപാവലി റിലീസ് ആയെത്തിയ അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി (Sooryavanshi)  ഉത്തരേന്ത്യന്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ്. ഈ മാസം അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം 14 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 166.23 കോടി നേടി. അണ്ണാത്തെയുടെ ഓള്‍ ഇന്ത്യ കളക്ഷന്‍റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഒരല്‍പ്പം മുകളില്‍ അക്ഷയ് കുമാര്‍ ചിത്രമാണെന്നാണ് വിലയിരുത്തല്‍. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. രോഹിത്ത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളായി രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും സൂര്യവന്‍ശിയില്‍ വീണ്ടുമെത്തുന്നു എന്നതും പ്രത്യേകതയാണ്.

click me!