6 വര്‍ഷം, 3 സിനിമകള്‍, 1350 കോടി കളക്ഷന്‍! ഏത് സൂപ്പര്‍താരവും ഡേറ്റ് കൊടുക്കും ഈ സംവിധായകന്

By Web Team  |  First Published Feb 6, 2024, 10:43 AM IST

ഓരോ ചിത്രങ്ങളിലും ബോക്സ് ഓഫീസ് കളക്ഷനില്‍ കാര്യമായ വളര്‍ച്ച നേടുന്ന സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം


തിയറ്ററില്‍ സിനിമകള്‍ വിജയിപ്പിക്കുക എന്നത് നിസ്സാരമല്ല. ഏത് തരത്തില്‍ പെട്ട സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ക്കും തങ്ങളുടെ ചിത്രം കാണാന്‍ തിയറ്ററില്‍ ആളെത്തണമെന്നാണ് ആഗ്രഹം. തിയറ്ററല്ലാതെ മറ്റ് വിനോദ സാധ്യതകള്‍ ഇല്ലാതിരുന്ന കാലത്തുനിന്ന് ഒടിടി കാലത്തേക്ക് എത്തിയപ്പോള്‍ അത് മുന്‍പത്തേതിലും ദുഷ്കരമാണ്. അതേസമയം വലിയ പ്രേക്ഷകാഭിപ്രായം നേടുന്ന ചിത്രങ്ങള്‍ നേടുന്ന കളക്ഷനില്‍ സമീപകാലത്ത് വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പരാജയപ്പെടുന്ന ചിത്രങ്ങള്‍ കനത്ത പരാജയവും നേരിടുന്നു. വലിയ വിജയങ്ങളും വലിയ പരാജയങ്ങളുമല്ലാതെ ആവറേജ് വിജയങ്ങള്‍ ഒഴിഞ്ഞുപോയ കാലം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ബോക്സ് ഓഫീസ് വിജയങ്ങള്‍ സൃഷ്ടിക്കുന്ന സംവിധായകര്‍ക്ക് എക്കാലത്തേക്കാളും ഡിമാന്‍ഡ് ഉണ്ട് ഇപ്പോള്‍. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡ് ഉള്ള ഒരു സംവിധായകന്‍റെ കാര്യം പറയാം.

ആന്ധ്ര പ്രദേശിലെ വാറംഗലില്‍ ജനിച്ച സന്ദീപ് റെഡ്ഡി വാംഗയാണ് അത്. ആദ്യചിത്രം മുതല്‍ വിവാദവും വന്‍ ബോക്സ് ഓഫീസ് കലക്ഷനും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംവിധായകന്‍. വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയിലൂടെ 2017 ലാണ് സന്ദീപിന്‍റെ സംവിധാന അരങ്ങേറ്റം. അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് ആയ കബീര്‍ സിംഗ് സംവിധാനം ചെയ്തുകൊണ്ട് 2019 ല്‍ ബോളിവുഡ് അരങ്ങേറ്റം നടത്തി. ഏറ്റവുമൊടുവില്‍  കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി മാറിയ ഹിന്ദി ചിത്രം അനിമലും എത്തി. ഷാരൂഖ് ഖാന്‍റെ ജവാന്‍ കഴിഞ്ഞാല്‍ കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡ് റിലീസുകളില്‍ ഏറ്റവും വലിയ ഓപണിം​ഗ് നേടിയത് അനിമല്‍ ആണ്.

Latest Videos

undefined

ഫിലിമോ​ഗ്രഫി പരിശോധിച്ചാല്‍ ഓരോ ചിത്രങ്ങളിലും ബോക്സ് ഓഫീസ് കളക്ഷനില്‍ കാര്യമായ വളര്‍ച്ച നേടുന്ന സംവിധായകന്‍ കൂടിയാണ് സന്ദീപ്. ആദ്യ ചിത്രമായ അര്‍ജുന്‍ റെഡ്ഡി നേടിയത് 51 കോടി ആയിരുന്നെങ്കില്‍ പിന്നീടെത്തിയ അതിന്‍റെ ഹിന്ദി റീമേക്ക് 379 കോടി നേടി. ഏറ്റവും ഒടുവിലിറങ്ങിയ അനിമലിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 920 കോടി വരുമെന്നാണ് അറിയുന്നത്. അതായത് സന്ദീപ് റെഡ്ഡി വാംഗയുടെ മൂന്ന് സിനിമകള്‍ നേടിയ കളക്ഷന്‍ ചേര്‍ത്തുവെച്ചാല്‍ അത് 1350 കോടി വരും! തുടര്‍ച്ചയായ വിജയങ്ങളോട് ഇന്ത്യന്‍ മുഖ്യധാരാ സിനിമയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായി മാറിയിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തില്‍ ബോളിവുഡിലെ ഒരു മുന്‍നിര സൂപ്പര്‍താരമാണ് നായകനെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ALSO READ : 'പുഷ്‍പ 2' ന് മുന്‍പേ ഒരു അല്ലു അര്‍ജുന്‍ ചിത്രത്തിന് കേരളത്തില്‍ റിലീസ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!