RRR Box Office : കേരളത്തില്‍ നിന്ന് മാത്രം 4 കോടി! രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആദ്യദിനം നേടിയത്

By Web Team  |  First Published Mar 26, 2022, 2:04 PM IST

ലോകമാകെ 10,000 സ്ക്രീനുകളിലാണ് ചിത്രം എത്തിയത്


സിനിമാ വ്യവസായം കടുന്ന തകര്‍ച്ചയെ നേരിട്ട കൊവിഡ് കാലത്തിനു ശേഷം പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാനാവുന്ന സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഓരോ ഭാഷകളിലെയും സിനിമാ വ്യവസായം. വിവിധ ഭാഷകളില്‍ ഹിറ്റുകള്‍ സംഭവിക്കുന്നുമുണ്ട്. എന്നാല്‍ രാജ്യത്തെ വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ ഒരേ പ്രാധാന്യത്തോടെ കാത്തിരുന്ന ഒരേയൊരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ (RRR) ആയിരുന്നു അത്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഇന്നലെയാണ് ചിത്രം എത്തിയത്. ഇപ്പോഴിതാ ചിത്രം നേടിയ ആദ്യദിന കളക്ഷന്‍റെ കണക്കുകള്‍ പുറത്തുവരുന്നു. റെക്കോര്‍ഡ് പ്രതികരണമാണ് ബോക്സ് ഓഫീസില്‍ ചിത്രം നേടിയിരിക്കുന്നത്.

തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്! ഹിന്ദി പതിപ്പ് ആണ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ഇതെല്ലാം ചേര്‍ത്ത് ചിത്രം നേടിയ ആദ്യദിന ആഗോള ഗ്രോസ് 250 കോടിക്ക് അടുത്ത് വരും. എന്നാല്‍ അനൗദ്യോഗിക കണക്ക് ആണിത്. ആദ്യദിന കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടേക്കും. 

Latest Videos

undefined

ഒരു ടോളിവുഡ് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് ആണ് ആര്‍ആര്‍ആര്‍ നേടിയിരിക്കുന്നത്. ചില മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ആദ്യദിന പ്രദര്‍ശനങ്ങള്‍ക്ക് വന്‍ തുക ഈടാക്കിയത് ഹിന്ദി പതിപ്പിന്‍റെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. ദില്ലിയിലെ പിവിആര്‍ ഡയറക്ടേഴ്‍സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപ വരെ ഈടാക്കിയിരുന്നു. എന്നാല്‍ ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, യുപിയിലെ ചില കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം. 

click me!