ഹിന്ദി പതിപ്പ് മാത്രം ഒരാഴ്ചയ്ക്കിപ്പുറമാണ് ഒടിടി റിലീസ് ചെയ്‍തത്
തിയറ്റര്‍ വ്യവസായത്തിന് കൊവിഡ് വലിയ ആഘാതം സൃഷ്‍ടിച്ച വര്‍ഷമായിരുന്നു 2021. ബിഗ് റിലീസുകള്‍ പലതും റിലീസ് മാറ്റിവച്ച വര്‍ഷം തിയറ്ററുകളിലെത്തി വിജയം നേടിയത് നാമമാത്രമായ ചിത്രങ്ങള്‍ മാത്രമാണ്. ഏത് ഭാഷാസിനിമകള്‍ എടുത്താലും സ്ഥിതി ഇതുതന്നെ. എന്നാല്‍ ഒരു തെന്നിന്ത്യന്‍ ചിത്രം നേടിയ അഭൂതപൂര്‍വ്വമായ വിജയം ബോളിവുഡിനെപ്പോലും അമ്പരപ്പിക്കുകയാണ്. സുകുമാറിന്‍റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ (Allu Arjun) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്‍പ (Pushpa) കഴിഞ്ഞ വര്‍ഷത്തെ മികച്ച വിജയങ്ങളില്‍ ഒന്നാണ്. ഇപ്പോഴിതാ പുതുവര്‍ഷത്തിലും ബോക്സ് ഓഫീസിലെ മികച്ച പ്രതികരണം തുടരുകയാണ് ചിത്രം.
തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലുമായി ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 17ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത്. എല്ലാ മേഖലകളിലും മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ ഉത്തരേന്ത്യന്‍ ബെല്‍റ്റിലെ പ്രതികരണമാണ് പക്ഷേ നിര്‍മ്മാതാക്കളെ അമ്പരപ്പിച്ചത്. ബാഹുബലി ഒഴിച്ചുനിര്‍ത്തിയാല്‍ നാളിതുവരെയും ഒരു തെലുങ്ക് ചിത്രം നേടാത്ത തരത്തിലുള്ള ബിസിനസ് ആണ് ഉത്തരേന്ത്യയില്‍ ചിത്രം നേടിയത്. ഈ നേട്ടത്തിന്‍റെ വ്യാപ്‍തി മനസിലാക്കിയ നിര്‍മ്മാതാക്കള്‍ ചിത്രം ജനുവരി 7ന് ഒടിടി റിലീസ് ചെയ്‍തപ്പോള്‍ ഹിന്ദി പതിപ്പ് ഒഴിവാക്കിയാണ് റിലീസ് ചെയ്‍തത്. ആമസോണ്‍ പ്രൈമുമായി ഉണ്ടാക്കിയ പുതിയ ധാരണ പ്രകാരമായിരുന്നു അത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകള്‍ ജനുവരി 7ന് പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചപ്പോള്‍ ഹിന്ദി പതിപ്പ് ഒരാഴ്ച കൂടി കഴിഞ്ഞ് ജനുവരി 14ന് ആണ് എത്തിയത്. ഈ തീരുമാനം നേട്ടമായി എന്ന് മാത്രമല്ല, ഹിന്ദി പതിപ്പ് ഒടിടിയില്‍ എത്തിയിട്ടും ചിത്രം തിയറ്ററുകളില്‍ നിന്ന് മികച്ച നേട്ടമാണ് കൊയ്യുന്നത്.
*HINDI* biz at a glance - *UPDATED* numbers…
⭐️ Week 1: ₹ 26.90 cr
⭐️ Week 2: ₹ 19.79 cr
⭐️ Week 3: ₹ 24.24 cr
⭐️ Week 4: ₹ 12.26 cr
⭐️ Week 5: ₹ 7.08 cr
⭐️ Week 6: ₹ 6.17 cr
⭐️ Week 7: ₹ 4.41 cr
Total: ₹ 100.85 cr biz.
BLOCKBUSTER. pic.twitter.com/jVvgsDq6U5
ഹിന്ദി പതിപ്പിന്‍റെ ഒടിടി റിലീസിനു ശേഷം ഇപ്പോള്‍ മൂന്ന് വാരങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഒടിടി റിലീസിനു ശേഷം ഫെബ്രുവരി 3 വരെയുള്ള 21 ദിവസങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 17.66 കോടി രൂപയാണ്. ഒരു തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് എന്നല്ല, ഒരു ഒറിജിനല്‍ ഹിന്ദി ചിത്രത്തിനു പോലും പ്രതീക്ഷിക്കാനാവാത്ത നേട്ടമാണ് പുഷ്‍പ കൊയ്‍തിരിക്കുന്നത്. ഒടിടി റിലീസിനു ശേഷമുള്ള ആദ്യ വാരം 7.08 കോടി, രണ്ടാംവാരം 6.17 കോടി, മൂന്നാംവാരം 4.41 കോടി എന്നിങ്ങനെയാണ് ആഴ്ച തിരിച്ചുള്ള കണക്കുകള്‍. സിംഗിള്‍ സ്ക്രീനുകളിലടക്കം ചിത്രത്തിന് ഇപ്പോഴും പ്രേക്ഷകരുമുണ്ട്. ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്നു മാത്രം ഇതിനകം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട്. 100.85 കോടിയാണ് ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക്.