ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസില്‍ 'പുഷ്‍പ'യുടെ പടയോട്ടം; 'ബാഹുബലി 1'നെ മറികടന്നു

By Web Team  |  First Published Jan 9, 2022, 5:40 PM IST

ഹിന്ദി പതിപ്പ് ആമസോണ്‍ പ്രൈമില്‍ എത്തിയിട്ടില്ല


ഏത് ഇന്ത്യന്‍ ഭാഷയിലെയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബഹുഭാഷാ പതിപ്പുകളായാണ് ഇപ്പോള്‍ ഇറങ്ങാറ്. 'ബാഹുബലി' (Baahubali) ഫ്രാഞ്ചൈസി സൃഷ്‍ടിച്ച മാതൃകയാണ് അത്. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ അതിനു മുന്‍പും ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ബാഹുബലിക്ക് ലഭിച്ച ബോക്സ് ഓഫീസ് പ്രതികരണം ലഭിച്ചിരുന്നില്ല. ബാഹുബലിക്കും ബാഹുബലി 2നും ശേഷം ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസില്‍ (Box Office) പണം വാരുകയാണ്. അല്ലു അര്‍ജുന്‍ (Allu Arjun) ടൈറ്റില്‍ കഥാപാത്രമായെത്തിയ സുകുമാര്‍ ചിത്രം പുഷ്‍പയാണ് (Pushpa) ഹിന്ദി ബെല്‍റ്റില്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകള്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഹിന്ദി വെര്‍ഷന്‍ റിലീസിന് വിതരണക്കാര്‍ കാര്യമായ പ്രചരണം കൊടുത്തിരുന്നില്ല. എന്നാലും ഹിന്ദി പതിപ്പ് റിലീസ് ദിനത്തില്‍ 3 കോടി നേടി. മറുഭാഷകളില്‍ വന്‍ പബ്ലിസിറ്റി ലഭിച്ച ഒരു ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന ഇനിഷ്യല്‍ എന്ന് കരുതിയ ട്രേഡ് അനലിസ്റ്റുകളെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ് പിന്നീട് ബോക്സ് ഓഫീസില്‍ സംഭവിച്ചത്. ചിത്രം വീണില്ലെന്നു മാത്രമല്ല മൂന്ന് വാരം പിന്നിടുമ്പോഴേക്ക് ബാഹുബലി 1 നേടിയ മൂന്നാം വാര കളക്ഷനെ മറികടന്നിട്ടുമുണ്ട്.

Latest Videos

undefined

നാലാം വാരത്തിലേക്ക് കടന്നിരിക്കുന്ന ചിത്രം (ഹിന്ദി പതിപ്പ്) ഇതുവരെ നേടിയിരിക്കുന്നത് 75 കോടിയാണ്. അതില്‍ മൂന്നാം വാരത്തിലെ മാത്രം നേട്ടം 25.40 കോടിയാണ്. മൂന്നാം വാര കളക്ഷനില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ള എക്കാലത്തെയും ഹിന്ദി ചിത്രങ്ങളുടെ ലിസ്റ്റിലേക്കും പുഷ്‍പ ഇടംപിടിച്ചിട്ടുണ്ട്. ആ ലിസ്റ്റില്‍ ബാഹുബലി 1നെ പിന്നിലാക്കിയിട്ടുമുണ്ട്. 22.61 കോടിയായിരുന്നു ബാഹുബലി 1ന്‍റെ മൂന്നാം വാര കളക്ഷന്‍. ഹിന്ദി ചിത്രങ്ങളുടെ മൂന്നാം വാര കളക്ഷനിലെ ആദ്യ 15 ചിത്രങ്ങളില്‍ തെന്നിന്ത്യയില്‍ നിന്ന് ബാഹുബലിയും ബാഹുബലി 2ഉും മാത്രമാണ് ഉള്ളത്. ബാഹുബലി 2 ആണ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത്. 69.75 കോടിയാണ് ചിത്രത്തിന്‍റെ മൂന്നാം വാരത്തിലെ നേട്ടം. ആമിര്‍ ഖാന്‍റെ ദംഗല്‍ പോലും 46.35 കോടിയുമായി രണ്ടാം സ്ഥാനത്താണ്.

അതേസമയം കഴിഞ്ഞ ദിവസം പുഷ്‍പ ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ആയി എത്തിയിട്ടുണ്ട്. എന്നാല്‍ ഹിന്ദി പതിപ്പ് ഒഴിവാക്കി മറ്റു നാല് ഭാഷാ പതിപ്പുകള്‍ മാത്രമാണ് പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. പ്രൈമിലെ റിലീസ് ദിനം തന്നെ ഹിന്ദി പതിപ്പ് യുഎസില്‍ പുതുതായി റിലീസ് ചെയ്യപ്പെട്ടിട്ടുമുണ്ട്. നൂറിലേറെ തിയറ്ററുകളിലാണ് യുഎസില്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 

tags
click me!