ഇന്ത്യയില്‍ 8500 സ്ക്രീനുകള്‍! ആദ്യ ദിനം ഒരു കോടി പേര്‍ കാണുമോ? ഓപണിംഗ് കളക്ഷനില്‍ റെക്കോര്‍ഡിലേക്ക് പുഷ്‍പ 2

By Web Team  |  First Published Dec 1, 2024, 8:08 AM IST

വന്‍ വിജയം നേടിയ 'പുഷ്‍പ'യുടെ സീക്വല്‍


വന്‍ വിജയചിത്രങ്ങളുടെ സീക്വലുകള്‍ക്കായി പ്രേക്ഷകരുടെ വലിയ അളവിലുള്ള കാത്തിരിപ്പ് ഉണ്ടാവാറുണ്ട്. ബാഹുബലിയുടെയും കെജിഎഫിന്‍റേയുമൊക്കെ രണ്ടാം ഭാഗങ്ങള്‍ക്ക് അത്തരത്തിലുള്ള കാത്തിരിപ്പ് ഉണ്ടായിരുന്നു. അതുപോലെയോ അതിനേക്കാള്‍ മുകളിലോ ഉള്ള കാത്തിരിപ്പ് സൃഷ്ടിച്ചിട്ടുള്ള ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. നോര്‍ത്ത്, സൗത്ത് വ്യത്യാസമില്ലാതെ രാജ്യത്ത് വമ്പന്‍ സ്വീകാര്യത നേടിയ, 2021 ല്‍ പുറത്തെത്തിയ ആദ്യ ഭാഗം തന്നെ ഇതിന് കാരണം.

ആഗോള തലത്തില്‍ ചിത്രം 12,000 സ്ക്രീനുകളിലാവും റിലീസ് ചെയ്യപ്പെടുകയെന്ന് നിര്‍മ്മാതാവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം നേടാനിടയുള്ള ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച പ്രവചനങ്ങളും എത്തിത്തുടങ്ങിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ആകെയുള്ള 9200 സ്ക്രീനുകളില്‍ നിന്നായി ആകെയുള്ളത് 30 ലക്ഷം സീറ്റുകളാണ്. ഇന്ത്യയില്‍ പുഷ്പ 2 എത്തുന്നത് 8500 സ്ക്രീനുകളിലാണ്. ആദ്യദിനം വലിയൊരു ശതമാനം ഹൗസ്‍ഫുള്‍ ഷോകള്‍ പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഒരു കോടി ആളുകള്‍ കാണാനുള്ള സാധ്യതയാണ് സാക്നില്‍ക് പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടുന്ന കളക്ഷന്‍ 250 കോടി ആയിരിക്കും. ആഗോള ഓപണിംഗില്‍ ഇന്ത്യന്‍ സിനിമകളുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് അങ്ങനെയെങ്കില്‍ പുഷ്പ 2 സ്വന്തമാക്കും.

Latest Videos

undefined

ബാഹുബലിക്ക് ശേഷമെത്തിയ എസ് എസ് രാജമോലി ചിത്രം ആര്‍ആര്‍ആറിന്‍റെ പേരിലാണ് നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഓപണിംഗ് റെക്കോര്‍ഡ്. 223.5 കോടിയാണ് ആര്‍ആര്‍ആര്‍ ആഗോള തലത്തില്‍ ആദ്യദിനം നേടിയത്. ബാഹുബലി 2 214.5 കോടിയും കല്‍ക്കി 2898 എഡി 182.6 കോടിയും നേടി. 

ALSO READ : മധു ബാലകൃഷ്‍ണന്‍റെ ആലാപനം; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!