ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം
ടിക്കറ്റ് ചാര്‍ജ് വര്‍ധനയാണ് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് വാഗ്ദാനം ചെയ്യുന്ന ചിത്രങ്ങള്‍ കാണാന്‍ പണം മുടക്കാന്‍ അവര്‍ക്ക് മടിയേതുമില്ല താനും. കേരളത്തിലെ സ്ഥിതിയും ഇത് തന്നെയാണ്. മലയാള ചിത്രങ്ങളില്‍ ബഹുഭൂരിപക്ഷവും വന്‍ പരാജയം നേരിടുമ്പോള്‍ ചില ബിഗ് കാന്‍വാസ് ഇതരഭാഷാ ചിത്രങ്ങള്‍ ഇവിടെനിന്ന് പണം വാരിയിട്ടുണ്ട് സമീപകാലത്ത്. ഇപ്പോഴിതാ ആ വിജയം ആവര്‍ത്തിക്കുകയാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2.
സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായ പിഎസ് 2 തിയറ്ററുകളിലെത്തിയത് ഏപ്രില്‍ 28 വെള്ളിയാഴ്ച ആയിരുന്നു. തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ പുലര്‍ച്ചെ നാല് മുതല്‍ കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. മികച്ച ഓപണിംഗ് ആണ് ചിത്രം ഇവിടെനിന്ന് നേടിയിരിക്കുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 2.82 കോടി ആയിരുന്നു. ശനിയാഴ്ച 2.42 കോടി, ഞായറാഴ്ച 3.05 കോടി, തിങ്കളാഴ്ച 2.35 കോടി എന്നിങ്ങനെയാണ് കളക്ഷന്‍. അതായത് ആദ്യ 4 ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് നേടിയ ഗ്രോസ് 10.64 കോടി. സമീപകാലത്ത് മലയാള ചിത്രങ്ങള്‍ പ്രേക്ഷകരെ കണ്ടെത്താന്‍ പാടുപെടുമ്പോഴാണ് പിഎസ് 2 വിന്‍റെ ഈ നേട്ടം.
undefined
അതേസമയം റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. റിലീസ് ചെയ്ത ആദ്യ നാല് ദിവസത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 492 കോടി ആയിരുന്നു പൊന്നിയിന്‍ സെല്‍വന്‍ 1 ന്‍റെ ലൈഫ് ടൈം ഗ്രോസ്. രണ്ടാം ഭാഗം ഇത് തകര്‍ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.