Bheemla Nayak box office : അജിത്തിന്റെ 'വലിമൈ'യെ മറികടക്കാനായോ 'ഭീംല നായകി'ന്?, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

By Web Team  |  First Published Feb 26, 2022, 10:17 AM IST

പവൻ കല്യണ്‍ ചിത്രം 'ഭീംല നായകി'ന്റെ റിലീസ് ദിന കളക്ഷൻ റിപ്പോര്‍ട്ട്.
 


മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'അയ്യപ്പനും കോശി'യുടെയും  തെലുങ്ക് റീമേക്ക് ഭീംല നായക് ( Bheemla Nayak First Day Box Office Collections) കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. പവൻ കല്യാണും റാണ ദഗുബാട്ടിയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'ഭീംല നായക്' എന്ന ചിത്രം വിൻ ഹിറ്റിലേക്ക് നീങ്ങുമെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ 'ഭീംല നായക്' ചിത്രം ആദ്യം ദിവസം നേടിയ ബോക്സ് ഓഫീസ് കളക്ഷനെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്. 

ഇരുപത്തിയാറ് കോടി രൂപയിലധികം ചിത്രം ആദ്യ ദിവസം നേടിയെന്നാണ് സാക്ഷി ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഏകദേശ കണക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  'ഭീംല നായക്' എന്ന ചിത്രം ഏതൊക്കെ സ്ഥലങ്ങളിലാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 'ഭീംല നായകി'ന് ഒരു ദിവസം മുന്നേ റിലീസ് ചെയ്‍ത 'വലിമൈ' തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 30.15 കോടി രൂപയാണ്  തുടക്കത്തില്‍ നേടിയതെന്നും സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

undefined


Read More : തെലുങ്ക് അയ്യപ്പനും കോശിയും എങ്ങനെയുണ്ട് ? 'ഭീംല നായക്' പ്രേക്ഷക പ്രതികരണം
 

'ഭീംല നായക്' എന്ന ചിത്രം സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം.  സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. 

പവന്‍ കല്ല്യാണാണ് ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിക്കുന്നത്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.

രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് ഷൂട്ട് ചെയ്‍തത്. 'ഭീംല നായകി'നായി കെ എസ് ചിത്ര പാടിയ ഗാനം വൻ ഹിറ്റായിരുന്നു. 

ഹിന്ദിയിലും 'അയ്യപ്പനും കോശി'യും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിലിലെ 'അയ്യപ്പനും കോശി'യുമായി എത്തുന്നത് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ചാണെങ്കിൽ 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോൺ എബ്രഹാമും അഭിഷേകും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 
ചിത്രത്തിന് ഉണ്ടാകും. തമിഴിൽ കാര്‍ത്തിയും പാര്‍ഥിപനുമാണ് പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച ടൈറ്റില്‍ റോളുകളില്‍ എത്തുകയെന്നാണ് വിവരം. 

മലയാളത്തില്‍ 2020ൽ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്‍ത ചിത്രം ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ വന്ന തിരക്കഥയുടെ ബലത്തിലുള്ള മാസ് സിനിമയായിരുന്നു ഇത്. പൃഥ്വിയും സച്ചിയും ഒന്നിച്ച രണ്ടാമത്തെ ചിത്രവും ഇതായിരുന്നു. സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായ 'അനാര്‍ക്കലി' പൃഥ്വിരാജിന്റെ കരിയറിലെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. 'അയ്യപ്പനും കോശിയും' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് സച്ചി അകാലത്തില്‍ അന്തരിക്കുന്നത്.

click me!