കേരളത്തില്‍ എത്ര നേടി? 'ഓപ്പണ്‍ഹെയ്‍മര്‍' 10 ദിവസം കൊണ്ട് നേടിയ കളക്ഷന്‍

By Web Team  |  First Published Jul 31, 2023, 11:37 PM IST

യുഎസിലേത് പോലെ ഇന്ത്യയിലും ചിത്രം റിലീസ് ചെയ്യപ്പെട്ടത് ജൂലൈ 21 ന് ആയിരുന്നു


ഹോളിവുഡ് ചിത്രങ്ങളുടെ ലോകത്തെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. കേരളത്തിലും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഹോളിവുഡ് സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. മാര്‍വെല്‍, ഡിസി സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്കാണ് ഹോളിവുഡില്‍ നിന്നെത്തുന്നവയില്‍ ഇന്ന് കേരളത്തില്‍ ഏറ്റവുമധികം പ്രേക്ഷകര്‍. എന്നാല്‍ ഇപ്പോഴിതാ സൂപ്പര്‍ഹീറോ ചിത്രമല്ലാത്ത മറ്റൊരു ചിത്രം കേരളത്തിലും മികച്ച പ്രദര്‍ശന വിജയം നേടുകയാണ്. ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തിനെത്തിയ ബയോ​ഗ്രഫിക്കല്‍ ത്രില്ലര്‍ ചിത്രം ഓപ്പണ്‍ഹെയ്‍മര്‍ ആണ് കേരളത്തിലും മികച്ച കളക്ഷന്‍ നേടി വിസ്‍മയിപ്പിക്കുന്നത്.

യുഎസിലേത് പോലെ ഇന്ത്യയിലും ചിത്രം റിലീസ് ചെയ്യപ്പെട്ടത് ജൂലൈ 21 ന് ആയിരുന്നു. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് 2.6 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ജൂലൈ 30 വരെയുള്ള ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 7.25 കോടിയാണ്. ഭൂരിഭാ​ഗം മലയാള സിനിമകളും ഇന്ന് ലൈഫ് ടൈം കളക്ഷനായിപ്പോലും നേടാത്ത തുകയാണ് ഇത്. 

Latest Videos

undefined

യുഎസ് ​ഗവണ്‍മെന്‍റിന്‍റെ മന്‍ഹാട്ടണ്‍ പ്രോജക്റ്റിന്റെ ഭാ​ഗമായി ആദ്യ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തിന്‍റെ ചുക്കാന്‍ പിടിച്ച തിയററ്റിക്കല്‍ ഫിസിസിസ്റ്റ് ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്‍മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ സിനിമയാക്കിയിരിക്കുന്നത്. 2005 ല്‍ പുറത്തിറങ്ങിയ പുസ്തകം അമേരിക്കന്‍ പ്രോമിത്യൂസിനെ ആസ്പദമാക്കിയാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുഎസ് ബോക്സ് ഓഫീസില്‍ ആദ്യ രണ്ട് ദിനങ്ങളില്‍ 80 മില്യണ്‍ ഡോളര്‍ (656 കോടി രൂപ) ആണ് ചിത്രം നേടിയിരുന്നത്.

ALSO READ : ഹൗസ്‍ഫുള്‍ ഷോകളുമായി വാരാന്ത്യം സ്വന്തമാക്കി 'സത്യനാഥന്‍'; ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!